ഈ ഓണത്തിന് റെനോ ഷോറൂമുകള്‍ നിറയും; കാത്തിരുന്ന പ്രഖ്യാപനവുമായി ഫ്രഞ്ച് കമ്പനി
മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഓണം ആഘോഷിക്കാന്‍ മലയാളികള്‍ നാട്ടിലേക്ക് പറന്നെത്താന്‍ ശ്രമിക്കാറുണ്ട്. ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍ കൂട്ടിച്ചേര്‍ക്കാനായി ആളുകള്‍ തെരഞ്ഞെടുക്കുന്ന സമയം കൂടിയാണ് ഓണാഘോഷ വേളകള്‍. ഒരാള്‍ ഒരു പുതിയ കാര്‍ വാങ്ങാനോ അല്ലെങ്കില്‍ നിലവിലുള്ളത് അപ്ഗ്രേഡ് ചെയ്യാനോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് കഴിവതും ഓണക്കാലത്ത് തന്നെ ആക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്.
ഇത്തരക്കാരെ കാത്ത് ഓണത്തിന് കിടിലന്‍ ഓഫറുകളുമായി കമ്പനികളും ഷോറൂമുകള്‍ തുറന്ന് കാത്തിരിക്കും. ഇതിനിടെ കേരളത്തിന് ഓണ സമ്മാനമായി കിടിലന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. തങ്ങളുടെ മുഴുവന്‍ വാഹന ശ്രേണിയിലുമായി 75,000 രൂപ വരെയുള്ള കിഴിവുകളും ആനുകൂല്യങ്ങളും റെനോ ഇന്ത്യ പ്രഖ്യാപിച്ചു.

ഇതിനുപുറമെ നിലവിലുള്ള റെനോ ഉപഭോക്താക്കള്‍ക്ക് കമ്പനി അധിക ലോയല്‍റ്റി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പരിമിതകാല ഓഫര്‍ ഓഗസ്റ്റ് 31 വരെ മാത്രമാണ് ലഭ്യമാകുക. സംസ്ഥാനത്തെ എല്ലാ അംഗീകൃത റെനോ ഡീലര്‍ഷിപ്പുകളില്‍ നിന്നും ഈ ആകര്‍ഷകമായ ഓഫറില്‍ കാറുകള്‍ ലഭ്യമാകും. കേരളത്തില്‍ ഉത്സവ സീസണായതോടെ തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയുടെ ആവശ്യകതയില്‍ വര്‍ധനവ് അനുഭവപ്പെടുന്നതായി കമ്പനി അറിയിച്ചു.
ഉത്സവ സീസണിന്റെ ആവേശം കൂടിയതിന്റെ ഫലമായി കേരളത്തിലെ ഡീലര്‍ഷിപ്പ് ഒരു ദിവസം 200 റെനോ കാറുകള്‍ ഡെലിവറി ചെയ്്തതായും കമ്പനി അറിയിച്ചു.'ഞങ്ങളുടെ ഡീലറുടെ ശ്രദ്ധേയമായ നേട്ടം ബ്രാന്‍ഡിന്റെ കരുത്തിന്റെയും ഉപഭോക്താക്കള്‍ക്ക് അസാധാരണമായ അനുഭവങ്ങള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെയും തെളിവാണ്' കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുധീര്‍ മല്‍ഹോത്ര പറഞ്ഞു.

ഞങ്ങളുടെ പ്രത്യേക ഉത്സവ ഓഫറുകള്‍ ഉപയോഗിച്ച് ഈ ഉത്സവ സീസണില്‍ കൂടുതല്‍ സന്തോഷം പകരാനും ഉപഭോക്താക്കളെ അവരുടെ റെനോ വാഹനം സ്വന്തമാക്കുക എന്ന സ്വപ്നത്തിലേക്ക് അടുപ്പിക്കാനും തങ്ങള്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ട്രൈബര്‍, കൈഗര്‍, ക്വിഡ് എന്നീ മൂന്ന് മോഡലുകളാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. ട്രൈബറും കൈഗറും മുതിര്‍ന്നവരുടെ സംരക്ഷണത്തിന് ഗ്ലോബല്‍ NCAP-ന്റെ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.
98.63 bhp പവറും 152 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കൈഗറിന് തുടിപ്പേകുന്നത്. ലിറ്ററിന് 18.24 കി.മീ എന്ന ARAI ക്ലെയിംഡ് മൈലേജും ഈ സബ് 4 മീറ്റര്‍ എസ്‌യുവിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. 6.50 ലക്ഷം മുതല്‍ 11.2 ലക്ഷം രൂപ വരെയാണ് കൈഗറിന്റെ എക്‌സ്‌ഷോറൂം വില.

72 bhp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ 3സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന് ലഭിക്കുന്നത്. ലിറ്ററിന് 18.2 മുതല്‍ 20 കിലോമീറ്റര്‍ മൈലേജ് വരെയാണ് ഈ 7 സീറ്റര്‍ കാറിന് റെനോ പറയുന്ന മൈജേ്. 6.33 ലക്ഷം മുതല്‍ 8.97 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
യൂസ്ഡ് കാര്‍ റീട്ടെയിലിംഗ് പ്ലാറ്റ്‌ഫോമായ സ്പിന്നിയുടെ പഠനമനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന യൂസ്ഡ് കാറുകളിലൊന്നായി റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ക്വിഡ് മാറിയിരുന്നു. 53.26 bhp കരുത്തുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ക്വിഡിന്റെ ഹൃദയം. ലിറ്ററിന് 22.3 കി.മീ വരെയാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. 4.70 ലക്ഷം മുതല്‍ 6.33 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിലാണ് ക്വിഡ് ലഭ്യമാകുന്നത്.

അടുത്തിടെ റെനോയുടെ കൂട്ടാളിയായ നിസാന്‍ മോട്ടോര്‍ ഇന്ത്യയും ഓണം പ്രമാണിച്ച് കേരളത്തില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പരിമിതകാല ഓഫര്‍ ഓഗസ്റ്റ് അവസാനം വരെ മാത്രമേ പ്രാബല്യത്തില്‍ ഉണ്ടാകൂ. നിലവില്‍ സബ് 4 മീറ്റര്‍ എസ്യുവിയായ മാഗനൈറ്റ് മാത്രമാണ് നിസാന്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഈ ഓണക്കാലത്ത് മൊത്തം 87,000 രൂപ വരെ ആനുകൂല്യത്തില്‍ ജനപ്രിയ മോഡല്‍ വീട്ടിലെത്തിക്കാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്.
പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കൊപ്പം ഇന്ത്യ ലക്ഷ്യമിട്ട് സമീപ ഭാവിയില്‍ തന്നെ റെനോ-നിസാന്‍ സഖ്യം ഒരുപിടി ഇലക്ട്രിക് കാറുകളും പുറത്തിറക്കുന്നുണ്ട്്. ഒന്നര വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ജനപ്രിയ മോഡലായ ക്വിഡ് ഹാച്ച്ബാക്കിന്റെ ഇവി പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെനോ. വിദേശ വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഡാസിയ സ്പ്രിംഗിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത്. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന റെനോ ക്വിഡിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് സാരം.
44 bhp പവറും 125 Nm പീക്ക് ടോര്‍ക്കുമാണ് യൂറോപ്പില്‍ കുഞ്ഞന്‍ ഇവി വാഗ്ദാനം ചെയ്യുന്നത്. 26.8 kWh ബാറ്ററി പായ്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ 295 കിലോമീറ്റര്‍ റേഞ്ചാണ് അവകാശപ്പെടുന്നത്. താരതമ്യേന ചെറിയ ബാറ്ററി ആയതിനാല്‍ വേഗതയേറിയ ചാര്‍ജിംഗ് സമയം ഉറപ്പാക്കാനാകും. ഇന്ത്യയിലെത്തുമ്പോള്‍ സവിശേഷതകളില്‍ മാറ്റം സംഭവിക്കാം. ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3, എംജി കോമെറ്റ് എന്നിവയായിരിക്കും ഇന്ത്യന്‍ വിപണിയില്‍ റെനോയുടെ കുഞ്ഞന്‍ ഇവിയുടെ എതിരാളികള്‍.


Click it and Unblock the Notifications