പായും പുലി! 3.0 സെക്കൻഡിൽ 100 കിലോമീറ്റർ സ്പീഡ്; പനമേരയുടെ മൂന്നാം തലമുറ അവതരിപ്പിച്ച് പോർഷ
ഇന്ത്യയിലെ ആഡംബര കാർ പ്രേമികൾക്കായി പോർഷ ശരിക്കും സ്പെഷ്യലായ ഒരു ഐറ്റവുമായി എത്തിയിരിക്കുകയാണ്. പരിഷ്‌ക്കരിച്ച ഡിസൈനും പവർട്രെയിനുകളും പുതുപുത്തൻ സാങ്കേതികവിദ്യകളും പായ്ക്ക് ചെയ്യുന്ന മൂന്നാം തലമുറ 2024 പോർഷ പനമേര കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മൂന്നാം തലമുറ പനമേറയ്ക്ക് പോർഷ നിശ്ചയിച്ചിരിക്കുന്ന വില എന്നത് 1.68 കോടി രൂപയാണ്.
വിപുലമായ ഓപ്‌ഷൻ ലിസ്‌റ്റിനൊപ്പം നിലവിലെ മോഡലിനേക്കാൾ 9.0 ലക്ഷം രൂപയോളം കൂടുതലാണ് ഇതിന്. അപ്പ്ഡേറ്റഡ് മോഡലിന്റെ ഔദ്യോഗിക ബുക്കിംഗുകളും ഡെലിവറികളും നിർമ്മാതാക്കൾ ഉടൻ ആരംഭിച്ചേക്കാം. പോർഷ പനമേര ഇതോടെ അതിന്റെ മൂന്നാം തലമുറയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒന്നാം തലമുറ പനമേറയുടെ രൂപകൽപ്പനയെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് ശേഷം, രണ്ടാം തലമുറ പോർഷയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്ന ഒരു വലിയ നവീകരണം കൊണ്ടുവന്നിരുന്നു.

ഇപ്പോൾ മൂന്നാം തലമുറ മോഡൽ, അകത്തും പുറത്തും അല്പം ഡിസൈൻ അപ്‌ഡേറ്റുകളുമായി രണ്ടാം തലമുറ മോഡലിന്റെ പരിണാമം പോലെയാണ് വരുന്നത്. ഇത് ഒരു പുതിയ തലമുറ പോർഷ പനമേര ആണെങ്കിലും, രണ്ടാം തലമുറ മോഡലിൽ നിന്നുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കാൻ നമുക്ക് ബുദ്ധിമുട്ടായിരിക്കും.
പോർഷ തങ്ങളുടെ എല്ലാ മോഡലുകളിലും കാര്യങ്ങൾ ചെയ്യുന്നത് ഇപ്രകാരമാണ്, പനമേറയും വ്യത്യസ്തമല്ല. മുൻവശത്ത്, നവീകരിച്ച എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകളും വലിയ എയർ ഡാമുകളുള്ള ഒരു പുതിയ ബമ്പറും നമുക്ക് ഇതിൽ കാണാൻ കഴിയും. സൈഡ് പ്രൊഫൈലിന് അല്പം വ്യത്യസ്തമായ വിൻഡോ ലൈനുകൾ വരുന്നു, പക്ഷേ ഇപ്പോഴും ക്ലാസിക് പോർഷ പ്രൊഫൈലിനോട് ചേർന്ന് നിൽക്കുന്നു.

വിവാദമായ ഒന്നാം തലമുറ മോഡലിനെ അപേക്ഷിച്ച് രണ്ടാം തലമുറയിൽ കാര്യമായി സ്റ്റൈലൈസ് ചെയ്ത അതേ സ്ലോപ്പിംഗ് റൂഫ് ലൈനാണ് പിൻഭാഗത്തും ലഭിക്കുന്നത്. ടെയിൽ ലൈറ്റുകളും നിലവിലെ മോഡലിന് ഏറെ കുറെ സമാനമാണ്. ഒരു കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറും ഇവിടെ കാണാം. ടോപ്പ് സ്പെക്ക് പോർഷ ടർബോ ഇ-ഹൈബ്രിഡ് വേരിയന്റിൽ മാത്രമേ റിയർ ഡിഫ്യൂസറും ഡാർക്ക് ബ്രോൺസ് ടെയിൽപൈപ്പുകളും ലഭിക്കുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.
അകത്തളത്തിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല. ഗിയർ സെലക്ടർ ഇപ്പോൾ സെന്റർ കൺസോളിൽ നിന്ന് സ്റ്റിയറിംഗ് കോളത്തിലേക്ക് മാറ്റിയിട്ടുണ്ട്. സ്‌പോർട് ക്രോണോ പാക്കേജ് ഇപ്പോഴും ഇതിലുണ്ട്. സർക്കുലർ അനലോഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. കൂടാതെ പോർഷ ഇപ്പോൾ ഓപ്ഷണൽ 10.9 ഇഞ്ച് പാസഞ്ചർ ഡിസ്പ്ലേയും വാഗ്ദാനം ചെയ്യുന്നു.

മൂന്നാം തലമുറ മോഡലിനെ കുറിച്ച് അധികം ചർച്ച ചെയ്യാത്ത ഒരു ശ്രദ്ധേയമായ ഒഴിവാക്കൽ എന്നത്, രണ്ടാം തലമുറ മോഡലിന് ഉണ്ടായിരുന്ന പഴയ കാലത്തെ ക്ലാസിക് പോർഷ ട്വിസ്റ്റ് കീയാണ്. പനമേറയ്‌ക്ക് ഒപ്പം ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ പോർഷ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ ഇ-ഹൈബ്രിഡ് വേരിയന്റുകളുമുണ്ട്. സ്റ്റാൻഡേർഡ് പനമേറയ്ക്കും പനമേര 4 -നും 348 bhp പവറും 499 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 2.9 ലിറ്റർ V6 ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് മുൻ മോഡലിനെ അപേക്ഷിച്ച് 23 bhp അധിക പവറും 50 Nm കൂടുതൽ torque ഉം നൽകുന്നു.

സ്റ്റാൻഡേർഡ് പനമേര RWD മോഡലാണ്, 5.0 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിനാവും. മണിക്കൂറിൽ 272 കിലോമീറ്ററാണ് വാഹനത്തിന്റെ ടോപ്പ് സ്പീഡ്. 4.7 സെക്കൻഡിനുള്ളിൽ 0-100 kmph വേഗതയും 270 km ടോപ്പ് സ്പീഡും അവകാശപ്പെടുന്ന AWD സജ്ജീകരണം പനമേര 4 കൊണ്ടുവരുന്നു.
ഇത് കൂടാതെ, 25.9 kWh ബാറ്ററി പായ്ക്കും 4.0 ലിറ്റർ ട്വിൻ-ടർബോ V8 യൂണിറ്റുമായി ഇണചേർന്ന ഒരു ഇലക്ട്രിക് മോട്ടോറും ലഭിക്കുന്ന പനമേര ടർബോ E-ഹൈബ്രിഡ് യൂണിറ്റും ചോയിസിലുണ്ട്. മൊത്തം പവർ ഔട്ട്പുട്ട് 670 bhp ഉം സംയുക്ത torque 928 Nm ഉം ആണ്. പനമേറ ടർബോ ഇ-ഹൈബ്രിഡ് പോർഷയുടെ പ്രശസ്തമായ എട്ട് സ്പീഡ് PDK ഗിയർബോക്‌സിനൊപ്പം AWD സംവിധാനവും സ്റ്റാൻഡേർഡായി ചേർത്തിരിക്കുന്നു.
3.0 സെക്കൻഡിൽ 0-100 km വേഗയും, മണിക്കൂറിൽ 313 കിലോമീറ്റർ ടോപ്പ് സ്പീഡും ഈ സജ്ജീകരണത്തിനൊപ്പം ലഭ്യമാണ്. ഇ-ഹൈബ്രിഡ് മോഡലുകൾക്കൊപ്പം പോർഷ ആക്റ്റീവ് റൈഡ് ഓപ്ഷണലാണ്, അതേസമയം എയർ സസ്‌പെൻഷൻ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി വരുന്നു. റിയർ വീൽ സ്റ്റിയറിംഗും ഓപ്ഷണലായി ലഭിക്കുന്നു.


Click it and Unblock the Notifications








