വെട്ടിനിരത്തല്‍ തുടര്‍ന്ന് മാരുതി; വാഗണ്‍ആറില്‍ ഇനി ഈ ഫീച്ചറില്ല
ഇന്നത്തെ സാഹചര്യത്തില്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കഷ്ടകാലമാണെന്നേ പറയാനൊക്കൂ. കാരണം ഒരു വശത്ത് വിലവര്‍ധനവ്. മറുവശത്ത് കമ്പനികളുടെ വക ഫീച്ചര്‍ വെട്ടിനിരത്തില്‍ എന്നിവ തകൃതിയായി അരങ്ങേറുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാറന നിര്‍മാതാക്കളായ മാരുതി സുസുക്കിയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളില്‍ നിന്ന് ഫീച്ചറുകളും ഉപകരണങ്ങളും കുറയ്ക്കുന്ന തിരക്കിലാണെന്നാണ് തോന്നുന്നത്.
കഴിഞ്ഞ ദിവസം സബ് 4 മീറ്റര്‍ എസ്‌യുവിയായ ബ്രെസയില്‍ നിന്ന് മൈല്‍ഡ് ഹൈബ്രിഡ് ടെക്ക് അടക്കമുള്ള സവിശേഷതകള്‍ അപ്രത്യക്ഷമായിരുന്നു. മാനുവല്‍ വേരിയന്റുകളുള്ള 48V മൈല്‍ഡ് ഹൈബ്രിഡാണ് ബ്രെസയില്‍ നിന്ന് ഒഴിവാക്കിയത്. ഇപ്പോള്‍ ബെസ്റ്റ് സെല്ലറായ വാഗണ്‍ആറിലാണ് കമ്പനി കൈവെച്ചിരിക്കുന്നത്. വാഗണ്‍ആറിന്റെ ടോപ്പ് ട്രിമ്മില്‍ നിന്ന് റിയര്‍ ഡീഫോഗറാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്.

കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ഒരു ചെലവ് ചുരുക്കല്‍ നടപടിയാണ് ഇതെന്ന് തോന്നുന്നു. വാഗണ്‍ആറിന് ടോപ്പ് സ്പെക്ക് ZXi+ ട്രിം ലെവലിനൊപ്പം റിയര്‍ ഡീഫോഗര്‍ ലഭിച്ചിരുന്നു. 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്ന ഈ ട്രിമ്മില്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമുണ്ട്. മഴക്കാലത്തും ശൈത്യകാലത്തും പിന്നിലെ വിന്‍ഡ്സ്‌ക്രീനില്‍ ഫോഗ് അടിയുന്ന സാഹചര്യങ്ങളിലാണ് പ്രധാനമായും റിയര്‍ ഡീഫോഗറിന്റെ ഉപയോഗം.
എല്ലാ വിന്‍ഡോയും നമ്മള്‍ കയറ്റി വെക്കുമ്പോള്‍ റിയര്‍ വിന്‍ഡ്‌സ്‌ക്രീനില്‍ ഫോഗ് അടിയുന്ന സാഹചര്യത്തില്‍ പിന്നിലെ കാഴ്ച നമുക്ക് വ്യക്തമാകില്ല. കാറില്‍ ഡീഫോഗറുണ്ടെങ്കില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ നിമിഷങ്ങള്‍ക്കകം ഫോഗ് അപ്രത്യക്ഷമാകുന്നത് നമുക്ക് കാണാം. എന്നാല്‍ വാഗണ്‍ആറില്‍ ഇനി അങ്ങനെ ആകില്ല കാര്യങ്ങള്‍. ഒന്നുകില്‍ നിങ്ങള്‍ ഇറങ്ങി പോയി ബൂട്ട് തുറന്ന് അകത്തെ ഗ്ലാസ് തുടക്കുകയോ അല്ലെങ്കില്‍ പിറകിലെ സീറ്റിലെ യാത്രക്കാരനെ ഈ പണി ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതായി വരും.
സാധാരണയായി റിയര്‍ ഡീഫോഗര്‍ പോലുള്ള ഫീച്ചര്‍ താഴ്ന്ന ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യാറില്ല. എന്നാല്‍ അത്യാവശ്യം സുഖസൗകര്യങ്ങള്‍ പ്രതീക്ഷിച്ചായിരിക്കുമെല്ലോ നമ്മള്‍ ഉയര്‍ന്ന ട്രിമ്മുകള്‍ വാങ്ങുന്നത്. ഉദാഹരണം നോക്കുമ്പോള്‍ മാരുതി വാഗണ്‍ആറിന്റെ ZXi+ ടോപ്പ് വേരിയന്റിനായി നമ്മള്‍ 7.3 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ഇതേ വിലയില്‍ തന്നെ നിങ്ങള്‍ക്ക് നിസാന്‍ മാഗ്‌നൈറ്റ് XL ട്രിം വാങ്ങാം.
അത് റിയര്‍ ഡീഫോഗര്‍ മാത്രമല്ല, റിയര്‍ വാഷറും വൈപ്പറുമടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വാഗണ്‍ ആറിനെപ്പോലെ ഒരു ഹാച്ച്ബാക്കല്ല മറിച്ച് ഒരു സബ് 4 മീറ്റര്‍ എസ്‌യുവിയാണെന്ന കാര്യം കൂടി ഓര്‍ക്കണേ. റിയര്‍ ഡീഫോഗര്‍ അല്ലാതെ ഫീച്ചര്‍ ലിസ്റ്റില്‍ നിന്ന് മാരുതി മറ്റൊന്നും വെട്ടിയിട്ടില്ല. 65 bhp പവറും 89 Nm ടോര്‍ക്കും വികസിപ്പിക്കുന്ന 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും വാഗണ്‍ആറില്‍ ഓഫറിലുണ്ട്.
ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാം. ഇതിനൊപ്പം പെട്രോള്‍-സിഎന്‍ജി ബൈ-ഇന്ധന വകഭേദങ്ങളും മാരുതി വാഗണ്‍ ആറില്‍ വാഗ്ദാനം ചെയ്യുന്നു. സ്ഥിരമായി വില്‍പ്പന ചാര്‍ട്ടുകളില്‍ ഏറ്റവും മുകളില്‍ സ്ഥാനം പിടിക്കുന്ന മാരുതി കാറുകളില്‍ ഒന്നാണ് വാഗണ്‍ആര്‍. ടോപ് 10 പട്ടികയിലെ സ്ഥിരം സാന്നിധ്യം. ലോഞ്ച് ചെയ്തതുമുതല്‍, വാഗണ്‍ആര്‍ നിരന്തരം അപ്പ്‌ഡേറ്റ് ചെയ്യുകയും ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍, ഡിസൈന്‍, പെര്‍ഫോമന്‍സ് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളുടെ കണ്ണിലുണ്ണിയായി മാറാനും മോഡലിനായി.
ഇക്കഴിഞ്ഞ മെയില്‍ വാഗണ്‍ ആര്‍ 30 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ വാഹനമെന്ന പദവിയും വാഗണ്‍ആര്‍ സ്വന്തമാക്കിയിരുന്നു. വില്‍പ്പനക്കെത്തിയിട്ട് നാല് വര്‍ഷത്തിലേറെയായി ആയിട്ടും വാഗണ്‍ആറിന്റെ സ്വീകാര്യത ഇടിഞ്ഞിട്ടില്ല. 5.54 ലക്ഷം രൂപ മുതല്‍ 7.31 ലക്ഷം രൂപ വരെയാണ് ജനപ്രിയ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.


Click it and Unblock the Notifications