എസ്‌യുവിയോട് പ്രിയം ഏറുന്നു; ഒക്ടോബർ മാസത്തിലെ പുലികൾ ഇവരാണ്
വാഹന വിപണിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നതും ആവശ്യക്കാരുളളതുമായ ഒരു സെഗ്‌മെൻ്റാണ് എസ്‌യുവി. അത് കൊണ്ട് രാജ്യത്തെ ഒട്ടുമിക്ക് വാഹന നിർമാതാക്കളും ഈ സെഗ്മെൻ്റിലേക്ക് കൈകടത്തിയിട്ടുണ്ട്. ഈ ഒക്ടോബറിൽ എസ്‌യുവികളുടെ വിൽപ്പനയിൽ ഒരു കുതിച്ചു ചാട്ടം ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. കഴിഞ്ഞ മാസം ഏതൊക്കെ വാഹനങ്ങളാണ് കൂടുതൽ വിറ്റുപോയത് എന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹം കാണില്ലേ. വിശദമായ വിവരങ്ങൾ അരിയാൻ തുടർന്ന് വായിക്കുക.
ലിസ്റ്റിൽ ആദ്യം ടാറ്റ നെക്സോൺ ആണ്. ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ ലോഞ്ച് ആയ നെക്‌സോണിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ്, 2023 ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. അതേ മാസം 13,767 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ മൊത്തം 16,887 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞു.

2023 ടാറ്റ നെക്‌സോണിന്റെ എക്സ്റ്റീരിയർ ഡിസൈൻ ടാറ്റ കർവ്വ് കൺസെപ്‌റ്റിൽ നിന്നും കമ്പനിയുടെ വലിയ എസ്‌യുവികളിൽ നിന്നും വളരെയധികം എലമെന്റുകൾ കടമെടുത്തതാണ്. സ്പ്ലിറ്റ് ഗ്രില്ലും ഹെഡ്‌ലാമ്പുകളും മുകളിലെ DRL സെറ്റപ്പിനൊപ്പം മികച്ചതായി കാണപ്പെടുന്നു. ഈ ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കുന്നു.
2023 ടാറ്റ നെക്‌സോൺ ഫേസ്‌ലിഫ്റ്റ് അതിന്റെ മുൻഗാമിയുടെ അതേ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ തന്നെയായിട്ടാണ് വരുന്നത്. പെട്രോൾ യൂണിറ്റ് 118.2 bhp പവറും 170 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ ഡീസൽ 113.3 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ്, ആറ് സ്പീഡ് എന്നിങ്ങനെ രണ്ട് മാനുവൽ ട്രാൻസ്മിഷനുകൾ വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് iMT, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് എന്നിങ്ങനെ രണ്ട് ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും ഇതിൽ വരുന്നു.

ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ വാഹനം എന്ന് പറയുന്നത് മാരുതി സുസുക്കി ബ്രെസ്സയാണ്. രാജ്യത്തെ മുൻനിര കാർ നിർമ്മാതാവിന് ഈ സബ് കോംപാക്റ്റ് എസ്‌യുവിയുടെ 16,050 യൂണിറ്റുകളാണ് വിൽക്കാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ മൊത്തം 9,941 യൂണിറ്റുകൾ അയച്ചു. ബ്രെസ്സയുടെ മൊത്തത്തിലുള്ള വളർച്ചാ ശതമാനം 61 ശതമാനമായിരുന്നു.
നിലവിൽ 8.29 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് മാരുതി ബ്രെസയുടെ എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനോടെയാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. പെട്രോളിൽ വാഹനം 103 bhp കരുത്തിൽ പരമാവധി 137 Nm torque ഉത്പാദിപ്പിക്കുമ്പോൾ സിഎൻജിയിൽ പവർ കണക്കുകൾ 88 bhp, 121.5 Nm torque എന്നിങ്ങനെയായി കുറയും. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഹനത്തിലുണ്ട്.

അടുത്തത് ലിസ്റ്റിലെ മൂന്നാം സ്ഥാനം മഹീന്ദ്ര സ്കോർപിയോ ആണ് സ്വന്തമാക്കിയിരിക്കുന്നത്. സ്കോർപിയോ ക്ലാസിക്, സ്കോർപിയോ-എൻ എന്നിവയുടെ സംയോജിത വിൽപ്പന കണക്കുകളാണ് കമ്പനി പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം, മൊത്തത്തിൽ, സ്‌കോർപിയോ ക്ലാസിക്, സ്കോർപിയോ-എൻ എന്നിവയുടെ മൊത്തം 13,578 യൂണിറ്റുകൾ വിൽക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം, കമ്പനി മോഡലിന്റെ 7,438 യൂണിറ്റുകൾ വിറ്റഴിച്ചു, അതിന്റെ ഫലമായി വാർഷിക വിൽപ്പന വളർച്ച 83 ശതമാനമായി ഉയർന്നു.
സ്കോർപിയോ N എസ്‌യുവിയുടെ പെട്രോൾ എഞ്ചിനിലെ മാനുവൽ വേരിയന്റുകൾക്ക് 203 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കാനാവും. മറുവശത്ത് ഓട്ടോമാറ്റിക്കിൽ ടോർക്ക് 380 Nm ആയി ഉയരുകയും ചെയ്യുന്നു. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 173 bhp കരുത്തിൽ 400 Nm torque ആണ് നൽകുന്നത്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി തെരഞ്ഞെടുക്കാനാവും.

കോംപാക്ട് എസ്‌യുവികളുടെ കാര്യം പറയുമ്പോൾ ഹ്യുണ്ടായി ക്രെറ്റയുടെ കാര്യം ഒഴിവാക്കാൻ സാധിക്കുന്ന ഒന്നല്ല. കഴിഞ്ഞ മാസവും ഈ കോംപാക്റ്റ് എസ്‌യുവിയുടെ മൊത്തം 13,077 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 11,880 യൂണിറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞു. മൊത്തത്തിലുള്ള വാർഷിക വിൽപ്പന വളർച്ച 10 ശതമാനമാണ്.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായിട്ടാണ് ക്രെറ്റ വരുന്നത്. പെട്രോൾ എഞ്ചിൻ പരമാവധി 113 bhp പവറിൽ 144 Nm torque വരെ ഉത്പാദിപ്പിക്കും.ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി തെരഞ്ഞെടുക്കാം. അതേസമയം ഡീസൽ എഞ്ചിൻ 113 bhp പരമാവധി കരുത്തിൽ 250 Nm torque വരെയാണ് നൽകുക.

പട്ടികയിൽ അവസാനം കിയ സെൽറ്റോസാണ്. ഹ്യുണ്ടായിയുടെ സഹോദരൻ ഈ അടുത്ത് മുഖം മിനുക്കി എത്തിയിരുന്നു. അത് കൊണ്ട് തന്നെ ഒക്ടോബർ മാസത്തിൽ വിൽപ്പന കണക്കുകൾ 12,362 യൂണിറ്റുകളായി ഉയർന്നിരിക്കുകയാണ്. 2022 ഒക്ടോബറിൽ ഏകദേശം 9,777 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നു. പ്രതിവർഷ വിൽപ്പനയുടെ കണക്കുകൾ നോക്കുകയാണെങ്കിൽ 26 ശതതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023 കിയ സെൽറ്റോസ് എസ്‌യുവി നിലവിലുണ്ടായിരുന്ന 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ നിലനിർത്തിയതിനു പിന്നാലെ പുതിയൊരു ഹൃദയത്തുടിപ്പ് കൂടി ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്. പഴയ 1.4 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റിന് പകരം വണ്ടിക്ക് ഇനി മുതൽ പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് ഫോർ-പോട്ട് പെട്രോൾ എഞ്ചിനാവും ലഭിക്കുക.

കാരെൻസിലൂടെ അരങ്ങേറ്റം കുറിച്ച പുതിയ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 5,500 rpm-ൽ 158 bhp കരുത്തും 1,500-3,500 rpm-ൽ 253 Nm torque വരെ നൽകാനാവും. 6-സ്പീഡ് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനോ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സോ ഉപയോഗിച്ച് എഞ്ചിൻ സ്വന്തമാക്കാനാവും. ഇത് പെർഫോമൻസ് പ്രേമികളെയും പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിലേക്ക് അടുപ്പിക്കും.


Click it and Unblock the Notifications








