റെനോയുടെ പുത്തന്‍ എന്‍ട്രി ലെവല്‍ എസ്‌യുവി ഈ മാസം; പഞ്ചും എക്‌സ്റ്ററും പേടിക്കണോ?
ലോകത്താകമാനം അലയടിക്കുന്ന എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് മുതലെടുക്കാനുള്ള ശ്രമത്തിലാണ് വാഹന നിര്‍മാതാക്കള്‍. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ പുതുതായി ഒരു എന്‍ട്രി ലെവല്‍ എസ്‌യുവി പുറത്തിറക്കാന്‍ പോകുകയാണ്. കാര്‍ഡിയന്‍ എന്ന പോരില്‍ വരുന്ന പുത്തന്‍ കോംപാക്ട് എസ്‌യുവിയുടെ ടീസറുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി ഇപ്പോള്‍.
വരാനിരിക്കുന്ന റെനോ കാര്‍ഡിയന്റെ ഡിസൈന്‍ ഇന്റീരിയര്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ് പുത്തന്‍ ടീസറുകള്‍. റെനോ കാര്‍ഡിയന്‍ ഒക്ടോബര്‍ 25-ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. എന്‍ട്രി ലെവല്‍ എസ്‌യുവിയെ മുന്‍നിര്‍ത്തി വളര്‍ന്നുവരുന്ന വിപണികള്‍ കൈയടക്കാനാണ് റെനോയുടെ ശ്രമം. മറ്റ് വികസ്വര രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ ചെറു എസ്‌യുവി ആദ്യം ബ്രസീലിയന്‍ വിപണിയില്‍ എത്തും.

ഇത് പ്രാഥമികമായി തെക്കേ അമേരിക്കന്‍ വിപണികള്‍ക്കും റെനോയുടെ ബജറ്റ് ബ്രാന്‍ഡായ ഡാസിയയുടെ സാന്നിധ്യമില്ലാത്ത മറ്റ് ആഗോള മാര്‍ക്കറ്റുകള്‍ക്കും വേണ്ടിയുള്ളതാണ. ഡാസിയ സാന്‍ഡേറോ സ്‌റ്റെപ്‌വേയെ അടിസ്ഥാനമാക്കിയാണ് കാര്‍ഡിയന്‍ ഒരുക്കുന്നത്. ഡാസിയ സാന്‍ഡേറോ സ്‌റ്റെപ്‌വേയില്‍ നിന്ന് നിരവധി കാര്യങ്ങള്‍ റെനോ കാര്‍ഡിയന്‍ കടംകൊള്ളും. ഇന്ത്യയില്‍ വില്‍ക്കുന്ന റെനോ കൈഗറിന്റെ അതേ വലിപ്പമാണ് കാര്‍ഡിയന്.
കൈഗര്‍ ഇന്ത്യയടക്കം ഏതാനും രാജ്യങ്ങളില്‍ മാത്രമാണ് വില്‍പ്പനക്കുള്ളതെന്നതിനാല്‍ തിരഞ്ഞെടുത്ത രാജ്യാന്തര വിപണികളില്‍ റെനോയുടെ ഏറ്റവും ചെറിയ എസ്‌യുവിയായിരിക്കും കാര്‍ഡിയന്‍. CMF-B പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച പുതിയ കാര്‍ഡിയന്‍ കോംപാക്റ്റ് എസ്‌യുവി സാന്‍ഡേറോ സ്റ്റെപ്പ്വേയുമായി ബോഡി പാനലുകളും പവര്‍ട്രെയിനുകളും പങ്കിടും. എന്നിരുന്നാലും, ഇതിന് ഒരു പുതിയ ഫ്രണ്ട് സ്‌റ്റൈലിംഗും കൂടുതല്‍ എസ്‌യുവിഷ് പ്രൊഫൈലും ഉണ്ടായിരിക്കും.

ഫ്രഞ്ച് വാഹന നിര്‍മ്മാതാവിന്റെ നവീകരിച്ച ഡിസൈന്‍ ഫിലോസഫി അവതരിപ്പിക്കുന്ന യൂറോപ്പിന് പുറത്തുള്ള ആദ്യത്തെ മോഡലാണ് റെനോ കാര്‍ഡിയന്‍. ഏറ്റവും പുതിയ ടീസര്‍ വരാനിരിക്കുന്ന റെനോ കാര്‍ഡിയന്റെ ഇന്റീരിയറിനെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. വലിയ റെനോ എസ്‌യുവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്‌റ്റൈലിഷ് ഡാഷ്ബോര്‍ഡ് ലേഔട്ട് കാര്‍ഡിയന്‍ കോംപാക്റ്റ് എസ്‌യുവിയില്‍ കമ്പനി അവതരിപ്പിക്കുന്നുവെന്ന് ഇന്റീരിയര്‍ ടീസറുകള്‍ സൂചിപ്പിക്കുന്നു.
8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവ് മോഡ് സെലക്ടര്‍, 4 സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഇതില്‍ സജ്ജീകരിക്കുന്നുണ്ട്. എന്നാല്‍ പുതിയ എസ്‌യുവിയുടെ പവര്‍ട്രെയിന്‍ വശങ്ങളെ കുറിച്ച് റെനോ ഇതുവരെ ഒന്നും തുറന്നുപറഞ്ഞിട്ടില്ല. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനായിരിക്കും എസ്‌യുവിക്ക് തുടിപ്പേകാനെത്തുകയെന്നാണ് സൂചന. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും നല്‍കിയേക്കും.

ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന കൈഗറില്‍ കാണുന്ന അതേ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് തന്നെയാണോ റെനോ കാര്‍ഡിയനില്‍ ഘടിപ്പിക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല. കാര്‍ഡിയന്‍ ഇന്ത്യയിലേക്ക് വരാനുള്ള നന്നേ കുറവാണ്. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത് പ്രാദേശികമായി നിര്‍മിക്കുന്ന കൈഗറിന്റെ സാന്നിധ്യം കൊണ്ടാണത്. റെനോ ട്രൈബര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നിവ പണിതിറക്കുന്ന CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് റെനോ കൈഗര്‍.
അതേസമയം കാര്‍ഡിയന്‍ CMF-B പ്ലാറ്റ്ഫോമിലാണ് വരുന്നത്. അതിനാല്‍ തന്നെ ഈ കാര്‍ നിര്‍മിക്കുന്നത് അല്‍പ്പം ചെലവേറിയ കാര്യമാണെന്നതും നെഗറ്റീവാകുന്നു. പുതിയ സബ്-4 മീറ്റര്‍ എസ്‌യുവി ദക്ഷിണ അമേരിക്കന്‍ വിപണികളില്‍ വില്‍പ്പനയ്ക്കെത്തുന്ന ഫിയറ്റ് പള്‍സിനോട് നേരിട്ട് മത്സരിക്കും. കാര്‍ഡിയന്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യതയില്ലെന്ന കരുതി നാരാശപ്പെടേണ്ടതില്ല.
കാരണം ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഐക്കണിക് മോഡലായ ഡസ്റ്റര്‍ റെനോ തിരികെ കൊണ്ടുവരാന്‍ പോകുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ അടുത്ത തലമുറ ഡസ്റ്റര്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ഗാമിയേക്കാള്‍ വലിപ്പത്തിലും ഗമയിലുമായിരിക്കും മൂന്നാം തലമുറ റെനോ ഡസ്റ്റര്‍ വരിക. 7 സീറ്റര്‍ കോണ്‍ഫിഗറേഷനും ഇതിന് ലഭിക്കാന്‍ സാധ്യതയുണ്ട്.
2025-ഓടെയായിരിക്കും പുത്തന്‍ ഡസ്റ്ററിന്റെ ഇന്ത്യന്‍ റീഎന്‍ട്രി. താങ്ങാവുന്ന വിലയില്‍ പ്രദേശികമായി നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനും റെനോക്ക് പദ്ധതിയുണ്ട്. ചൈനീസ് വിപണിയില്‍ ഇതിനോടകം വില്‍പ്പനക്കുള്ള ക്വിഡ് ഇവിയോ അല്ലെങ്കില്‍ ഡാസിയ സ്പ്രിംഗ് ഇവിയോ ആയിരിക്കും റെനോയുടെ ഇന്ത്യയിലെ കന്നി ഇലക്ട്രിക് കാര്‍ എന്നാണ് ശക്തമായ അഭ്യൂഹം.


Click it and Unblock the Notifications








