കൈഗറിന്റെ ഈ വേരിയന്റ് ഇനി വാങ്ങാനാകില്ല; വിലക്കുറവിനൊപ്പം വെട്ടിനിരത്തലും
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. അതില്‍ റെനോയുടെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് സബ് 4 മീറ്റര്‍ എസ്‌യുവിയായ കൈഗര്‍. ഈ മാസം റെനോ കൈഗര്‍ ലൈനപ്പില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.
പുതിയ ഫീച്ചറുകളോടെ പുതുക്കിയ RXT (O) MT വേരിയന്റ് അവതരിപ്പിച്ചതായിരുന്നു അതില്‍ ഒന്ന്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കൈഗറിന്റെ വേരിയന്റുകളില്‍ ഒന്നാണിത്. ഫീച്ചറുകള്‍ക്കൊപ്പം കാല്‍ ലക്ഷത്തോളം രൂപ വിലയില്‍ വെട്ടിക്കുറക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ നിശബ്ദമായി റെനോ കൈഗറിന്റെ ഒരു വേരിയന്റ് നിര്‍ത്തലാക്കിയത് ആരും അറിഞ്ഞില്ല. റെനോ കൈഗര്‍ RXT CVT വേരിയന്റാണ് വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്.

കൈഗര്‍ RXT CVT വേരിയന്റ് നിര്‍ത്തലാക്കയതോടെ ടോപ്പ് സ്‌പെക്ക് RXZ ട്രിമ്മില്‍ മാത്രമാകും ഇനി CVT ഓപ്ഷന്‍ ലഭ്യമാകുക. 10.99 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. ഡ്യുവല്‍ ടോണ്‍ വേരിയന്റിന് 11.22 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനോടൊപ്പം മാത്രമേ ഇനി CVT ലഭിക്കുകയുള്ളൂ.
ഈ എഞ്ചിന്‍ 99 bhp പവറും 152 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും ഈ വേരിയന്റ് വാങ്ങാന്‍ സാധിക്കും. 20.5 ലിറ്ററാണ് ഇതിന് മൈലേജ് അവകാശപ്പെടുന്നത്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റാണ് കൈഗറില്‍ ലഭ്യമായ രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍.

ഇത് 71 bhp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 19.1 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. റെനോയുടെ ജനപ്രിയ എസ്‌യുവി ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി പരിഷ്‌കരിച്ചിരുന്നു. ഇതിനൊപ്പമാണ് കാറില്‍ നിര്‍മാതാക്കള്‍ പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് മിഡ് ട്രിം അപ്ഡേറ്റ് ചെയ്തത്.
RXT(O) MT എന്ന കൈഗറിന്റെ സ്റ്റാര്‍ട്ടിംഗ് വേരിയന്റിന്റെ എക്സ്‌ഷോറൂം വില 7.99 ലക്ഷം രൂപയാണ്. മുമ്പ് 8.24 ലക്ഷം രൂപയായിരുന്നു കൈഗര്‍ RXT(O) വേരിയന്റിന്റെ വില. അതായത് 25,000 രൂപയുടെ കുറവ്. വളരെ അത്യാവശ്യമായ ഫീച്ചറുകള്‍ക്കൊപ്പം ചില കംഫര്‍ട്ട് ഫീച്ചറുകള്‍ കൂടി ലഭിക്കുന്നതോടെയാണ് കൈഗറിന്റെ ഏറ്റവും പൈസ വസൂലാകുന്ന വേരിയന്റായി RXT(O) മാറുന്നത്. പുതിയ ഫീച്ചറുകള്‍ക്കൊപ്പം വിലക്കുറവ് കൂടി ലഭിക്കുന്നത് കാറിന്റെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.
റെനോ കൈഗര്‍ RXT (O) വേരിയന്റിന്റെ എക്‌സ്റ്റീരിയറില്‍ 16 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി റിഫ്‌ലക്ടര്‍ ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റിയര്‍ വാഷര്‍ & വൈപ്പര്‍, റൂഫ് റെയിലുകള്‍ക്കൊപ്പം ഡ്യുവല്‍ ടോണ്‍ റൂഫിനുള്ള ഓപ്ഷനും ലഭിക്കുന്നു. അകത്തളത്തിലേക്ക് കടന്നാല്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ സപ്പോര്‍ട്ട് ചെയ്യുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ലഭിക്കുന്നു.
സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, ഡ്യുവല്‍ ഗ്ലൗവ് ബോക്‌സുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM, ആന്റി-പിഞ്ച് ഡ്രൈവര്‍ വിന്‍ഡോ, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, റിയര്‍ എസി വെന്റുകള്‍ എന്നിങ്ങനെ ഫീച്ചറുകള്‍ കുത്തി നിറച്ചാണ് എസ്‌യുവി എത്തുന്നത്. കൈഗര്‍ RXT (O) വേരിയന്റ് മോഡലിന്റെ എല്ലാ പവര്‍ട്രെയിന്‍ കോമ്പിനേഷനുകളിലും സ്വന്തമാക്കാനും സാധിക്കുന്നു.

ഇപ്പോള്‍ റെനോ കൈഗറിന്റെ ടോപ്പ്-സ്‌പെക്ക് RXZ ട്രിമ്മിന് മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച്, കോര്‍പ്പറേറ്റ്, ലോയല്‍റ്റി ഇളവുകള്‍ ഉള്‍പ്പെടെയാണ് പ്രത്യേക ഓഫര്‍. 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 12,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 25000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഉള്‍പ്പെടെ മൊത്തം 62,000 രൂപ വരെ കിഴിവില്‍ ഇപ്പോള്‍ കൈഗര്‍ സ്വന്തമാക്കാം.


Click it and Unblock the Notifications