സേഫ്റ്റിയുടെ കാര്യത്തില്‍ എ പ്ലസ്; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 കാറുകള്‍
ഇന്ത്യയിലെ കാര്‍ വാങ്ങാനൊരുങ്ങുന്നവരുടെ ഉപഭോക്തൃ താല്‍പര്യം ഇപ്പോള്‍ മാറിയിട്ടുണ്ട്. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടിയതിനൊപ്പം റോഡുകളുടെ നിലവാരവും ഉയര്‍ന്നതിനാല്‍ സുരക്ഷിതമായ കാറുകള്‍ വാങ്ങണം എന്ന ചിന്താഗതിയാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്. ഇന്ത്യന്‍ റോഡുകളില്‍ അപകടങ്ങള്‍ പതിവായതിനാല്‍ തന്നെ ജീവന് സുരക്ഷയേകാന്‍ സേഫ്റ്റിയും ബില്‍ഡ് ക്വാളിറ്റിയുമുള്ള കാറുകള്‍ക്ക് സാധിക്കുമെന്ന കാര്യത്തിന് പലരും വിലകലപ്പിക്കുന്നുണ്ട് ഇന്ന്. അതിനാല്‍ തന്നെ കാറുകളുടെ സുരക്ഷ റേറ്റിംഗിനും അതീവ പ്രാധാന്യം കൈവന്നു.
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഓരോ കാറും നേടുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും സുരക്ഷിതമായ കാര്‍ ഏതെന്ന് ആളുകള്‍ തീരുമാനിക്കുന്നത്. യുകെ ആസ്ഥാനമായുള്ള ഏജന്‍സി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ കാറുകള്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കി സുരക്ഷ റേറ്റിംഗുകള്‍ നല്‍കുകയാണ് പതിവ്. അടുത്തിടെ GNCAP ക്രാഷ് ടെസ്റ്റിന്റെ (Crash Test) മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ (Safest Cars) 10 കാറുകളെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.

സ്‌കോഡ സ്ലാവിയയും ഫോക്‌സ്‌വാഗൺ വെര്‍ട്ടിസും: അടുത്തിടെയാണ് ഈ രണ്ട് സെഡാന്‍ കാറുകളും GNCAP ക്രാഷ് ടെസ്റ്റിന് വിധേയമായത്. നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന ഖ്യാതി ഈ രണ്ട് മോഡലുകള്‍ക്ക് സ്വന്തമായി. ഈ രണ്ട് കാറുകള്‍ക്കും 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 34-ല്‍ 29.71 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 42 പോയിന്റും ഈ കാറുകള്‍ സ്‌കോര്‍ ചെയ്തു.
സ്‌കോഡ കുഷാഖും ഫോക്‌സ്‌വാഗൺ ടൈഗൂണും: സ്ലാവിയക്കും വെര്‍ട്ടിസിനും മുമ്പ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍ നിന്ന് 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ രണ്ട് മോഡലുകളാണ് സ്‌കോഡ കുഷാഖും ഫോക്‌സ്‌വാഗണ്‍ ടൈഗൂണും. ഈ രണ്ട് മിഡ്‌സൈസ് എസ്‌യുവികളും മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ 5 സ്്റ്റാര്‍ റേറ്റിംഗ് നേടി. മുതിര്‍ന്നവരുടെ റേറ്റിംഗ് പോയിന്റില്‍ 34-ല്‍ 29.64 പോയിന്റും കുട്ടികളുടെ റേറ്റിംഗ് പോയിന്റില്‍ 49-ല്‍ 42 പോയിന്റും നേടി.

മഹീന്ദ്ര സ്‌കോര്‍പിയോ N: ഇന്ത്യന്‍ എസ്‌യുവി വിപണിയിലെ സമീപകാലത്തെ ഏറ്റവും ഡിമാന്‍ഡുള്ള മോഡലുകളില്‍ ഒന്നാണ് മഹീന്ദ്ര സ്‌കോര്‍പിയോ N. ക്രാഷ് ടെസ്റ്റിലും ഈ ജനപ്രിയ കാര്‍ എ പ്ലസ് നേടി. മുതിര്‍ന്നവരുടെ സംരക്ഷണത്തിന് 34-ല്‍ 29.25 പോയിന്റുമായി 5 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ 49-ല്‍ 28.93 പോയിന്റും 3 സ്റ്റാര്‍ റേറ്റിംഗും നേടിയിട്ടുണ്ട്.
ടാറ്റ പഞ്ച്: നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണിത്. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്നത് ഈ മോഡലിന്റെ പ്രധാന പ്ലസ് പോയിന്റാണ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.45 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 40.89 പോയിന്റും നേടി. മുതിര്‍ന്നവര്‍ക്ക് 5 സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്ക് 4 സ്റ്റാര്‍ റേറ്റിംഗും ഈ കാര്‍ നേടിയിട്ടുണ്ട്.
മഹീന്ദ്ര XUV300: ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ എസ്‌യുവി സുരക്ഷയുടെ കാര്യത്തിലും മുന്നിലാണ്. മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് 5 സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്ക് 4 സ്റ്റാര്‍ റേറ്റിംഗും ഈ കാറിന് ലഭിക്കുന്നു. മുതിര്‍ന്നവരുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ 17-ല്‍ 16.42 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിന് 49-ല്‍ 37.44 പോയിന്റും നേടിയിട്ടുണ്ട്.
ടാറ്റ അള്‍ട്രാസ്: ഈ പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു ഹാച്ച്ബാക്ക് ആണ് ടാറ്റ ആള്‍ട്രോസ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗാണ് ഈ പ്രീമിയം ഹാച്ച് കരസ്ഥമാക്കിയത്. മുതിര്‍ന്നവരുടെ സുരക്ഷാ റേറ്റിംഗില്‍ 17-ല്‍ 16.13 പോയിന്റും 5 സ്റ്റാര്‍ റേറ്റിംഗും സ്വന്തമാക്കി. അതേസമയം കുട്ടികളുടെ സുരക്ഷാ റേറ്റിംഗില്‍ 49-ല്‍ 29 പോയിന്റും 3 സ്റ്റാര്‍ റേറ്റിംഗും ഈ കാറിന് ലഭിച്ചു.

ടാറ്റ നെക്സോണ്‍: 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യത്തെ മെയിഡ് ഇന്‍ ഇന്ത്യ കാറാണ് ടാറ്റ നെക്‌സോണ്‍. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നും കൂടിയാണിത്. ഈ കാറിന് മുതിര്‍ന്നവര്‍ക്ക് 5 സ്റ്റാര്‍ റേറ്റിംഗും കുട്ടികള്‍ക്ക് 3 സ്റ്റാര്‍ റേറ്റിംഗും ഉണ്ട്. മുതിര്‍ന്നവര്‍ക്ക് 17-ല്‍ 16.06 പോയിന്റും കുട്ടികള്‍ക്ക് 49-ല്‍ 25 പോയിന്റും ലഭിച്ചു.
മഹീന്ദ്ര XUV700: മഹീന്ദ്രയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവി ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ചിരുന്നു ADAS സാങ്കേതികവിദ്യ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആയത് ഈ ഒരു കാറിന്റെ വരവോട് കൂടിയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള എസ്‌യുവികളില്‍ ഒന്നും കൂടിയാണ് മഹീന്ദ്ര XUV700. ഈ കാര്‍ മുതിര്‍ന്നവര്‍ക്ക് 17-ല്‍ 16.03 പോയിന്റും കുട്ടികള്‍ക്ക് 49-ല്‍ 41.66 പോയിന്റും നേടി, യഥാക്രമം 5, 4 സ്റ്റാര്‍ റേറ്റിംഗുകള്‍ സ്വന്തമാക്കി.
മുതിര്‍ന്നവര്‍ക്കുള്ള റേറ്റിംഗ് പോയിന്റ് 34 അടിസ്ഥാനമാക്കി ഗ്ലോബല്‍ NCAP അടുത്തിടെ അതിന്റെ പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ചിരുന്നു. നേരത്തെ പഴയ റേറ്റിംഗ് പ്രകാരം 17 ആയിരുന്നു പരമാവധി പോയിന്റ്. ഈ പോയിന്റുകളെ അടിസ്ഥാനമാക്കി ചില കാറുകള്‍ക്ക് മാറ്റങ്ങളുണ്ട്. സേഫ്റ്റി മാനദണ്ഡമാക്കി നിങ്ങള്‍ ഒരു കാര്‍ വാങ്ങുകയാണെങ്കില്‍ ഏത് തെരഞ്ഞെടുക്കും. കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ...


Click it and Unblock the Notifications