അപകടത്തെത്തുടർന്ന് കാല്‍ മുറിച്ചുമാറ്റേണ്ടി വന്നതായി സ്‌കോര്‍പിയോ ഉടമ; മഹീന്ദ്രക്ക് പറയാനുള്ളത് ഇതാണ്
വാഹന നിര്‍മാതാക്കള്‍ പ്രത്യേകിച്ച് ആഭ്യന്തര ബ്രാന്‍ഡുകള്‍ നിലവില്‍ സേഫ്റ്റിക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ടാറ്റ മോട്ടോര്‍സിനൊപ്പം മഹീന്ദ്രയുടെ പല കാറുകളും അപകടങ്ങളില്‍ ബില്‍ഡ് ക്വാളിറ്റി തെളിയിച്ച നിരവധി സംഭവങ്ങള്‍ നാം കണ്ട്. എന്നാല്‍ അടുത്തിടെ മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവി അപകടത്തില്‍ പെട്ടതിനെ ചുറ്റിപ്പറ്റിയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ വിവാദമുണ്ടായിരുന്നു.
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗുള്ള കാറാണ് മഹീന്ദ്ര സ്‌കോര്‍പിയോ N. മികച്ച സേഫ്റ്റി റേറ്റിംഗും അത്യാധുനിക ഫീച്ചറുകളും സജ്ജീകരിച്ച വാഹനം ചൂടപ്പം പോലെയാണ് വിറ്റുതീരുന്നത്. എന്നാല്‍ സമീപകാലത്തായി നിരവധി വിവാദങ്ങളിലും എസ്‌യുവി അകപ്പെട്ടിരുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന വേളയില്‍ എസ്‌യുവി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പരിക്കേറ്റതിനെ തുടര്‍ന്ന് തന്റെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നതായായിരുന്നു ഒരു കസ്റ്റമറുടെ ആരോപണം.

യാന്ത്ര തകരാര്‍, അന്വേഷണ പ്രക്രിയയില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങള്‍ എന്ന് തുടങ്ങിയ ആരോപണങ്ങളാണ് യൂട്യൂബ് ചാനലുകളില്‍ മഹീന്ദ്ര എസ്‌യുവിക്കെതിരെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഇതുസംബന്ധിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. റോഡരികിലെ ബാരിയറുകളില്‍ ഇടിച്ചതിനെ തുടര്‍ന്നത് മഹീന്ദ്ര സ്‌കോര്‍പിയോ N ഫ്രണ്ട് വീല്‍ അസംബ്ലിയും ഡിസ്‌ക് ബ്രേക്കും വാഹനത്തില്‍ നിന്ന് വേര്‍പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അപകടത്തില്‍ ഉടമക്ക് വലതുകാല്‍ നഷ്ടപെട്ടു. ഇതുകൂടാതെ പൊലീസിന് നല്‍കിയ മൊഴിമാറ്റാന്‍ മഹീന്ദ്ര സമ്മര്‍ദം ചെലുത്തിയതായും ആരോപണമുണ്ടായിരുന്നു. അപകടം നടന്ന് ആറ് മണിക്കൂറിന് ശേഷം വാഹനത്തിന് തീപിടിച്ചതായും ആരോപണമുണ്ട്. പ്രസ്താവനയില്‍ അപകടത്തില്‍ പെട്ട കുടുംബത്തത്തോടുള്ള സഹാനുഭൂതി പ്രകടമാക്കിയ മഹീന്ദ്ര ഉപഭോക്തൃ സുരക്ഷയോടുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു.

അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ ഉപഭോക്താവുമായി ഒരുമാസമായി കമ്പനി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മഹീന്ദ്ര അപകടത്തെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ മഹീന്ദ്ര അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്. ഉയര്‍ന്ന വേഗതയിയിലായിരുന്നു അപകടസമയത്ത് വാഹനം സഞ്ചരിച്ചിരുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എസ്‌യുവിയുടെ കണക്റ്റഡ് കാര്‍ സെര്‍വര്‍ ഡാറ്റ വിശകലനം ചെയ്തപ്പോള്‍ ഡ്രൈവിംഗ് സൈക്കിളില്‍ മണിക്കൂറില്‍ 105-122 കി.മീ സ്പീഡ് റേഞ്ചാണ് കണ്ടെത്തിയത്.
ഉയര്‍ന്ന വേഗതയിലുള്ള കൂട്ടിയിടിയില്‍ സൃഷ്ടിക്കപ്പെട്ട ഉയര്‍ന്ന ഊര്‍ജ്ജം പരിക്കിന്റെയും കേടുപാടുകളുടെയും സാധ്യത വര്‍ധിപ്പിച്ചുവെന്നാണ് കമ്പനി പറയുന്നത്. ഉയര്‍ന്ന വേഗത കാരണം കാറിലേക്ക് സ്റ്റീല്‍ ഗാര്‍ഡുകള്‍ കയറാന്‍ കാരണമായതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഫോഴ്‌സില്‍ സ്റ്റീല്‍ ഗാര്‍ഡ് ബ്ലേഡുകള്‍ കയറിയതിന്റെ ഫലമായി ഫ്രണ്ട് വീല്‍ ജോയിന്റുകള്‍ വേര്‍പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബോള്‍ ജോയിന്റ് ഡിറ്റാച്ച്മെന്റിനെ കുറിച്ചുള്ള അവകാശവാദങ്ങളും അന്വേഷണ റിപ്പോര്‍ട്ട് നിരാകരിച്ചു.

കൂട്ടിയിടി കാരണമുണ്ടായ ഉയര്‍ന്ന ആഘാതം കാരണം വീല്‍ വേര്‍പെട്ടതാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബോള്‍ ജോയിന്റ് കേടുകൂടാതെയിരുന്നതിനാല്‍ ഇത് വേര്‍പെട്ടതായുള്ള വാദം പൊളിഞ്ഞതായി കമ്പനി പറയുന്നു. ഇത് തെളിയിക്കുന്നതിനായി റോഡുകളില്‍ യാതൊരുവിധത്തിലുള്ള പാടുകളുമില്ലായിരുന്നു. അപകട ശേഷം 450 കിലോമീറ്റര്‍ അകലെയുള്ള ഡീലര്‍ഷിപ്പിലേക്കാണ് വാഹനം കൊണ്ടുപോയതത്. സംഭവം മറച്ചുവെക്കുന്നതിനോ നിസാരവല്‍ക്കരിക്കുന്നതിനോ ദുരുദ്ദേശ്യപരമായി ഒറ്റരാത്രികൊണ്ട് വണ്ടിയില്‍ കേടുപാടുകള്‍ വരുത്താനോ ഡീലര്‍ഷിപ്പിന് മാര്‍ഗങ്ങളൊന്നുമില്ലെന്നും കമ്പനി പ്രസ്താവനിയില്‍ വ്യക്തമാക്കി.
തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ആവശ്യമായ തുടര്‍ അന്വേഷണങ്ങളുമായി പൂര്‍ണമായി സഹകരിക്കുമെന്നും അറിയിച്ചു. അപകടത്തില്‍ യുവാവിന് കാല്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ നിരവധിയാളുകളാണ് മഹീന്ദ്രയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഏതായാലും കമ്പനി നല്‍കുന്ന വിശദീകരണത്തില്‍ ഉടമ തൃപ്തനാണോ എന്ന കാര്യങ്ങളിലെല്ലാമുള്ള പ്രതികരണങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവന്നേക്കാം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെള്ളച്ചാട്ടത്തിന് താഴെ നിര്‍ത്തിയ സ്‌കോര്‍പിയോയുടെ സണ്‍റൂഫ് ചോര്‍ന്നൊലിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.
@anandmahindra pic.twitter.com/UWah8OziAU
— Vibhakar Mishra (@vibhakar4u) December 24, 2023
സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചര്‍ച്ചയായതിനെ തുടര്‍ന്ന് മഹീന്ദ്ര മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഇതേ വണ്ടി അതേ വെള്ളച്ചാട്ടത്തിന് കീഴില്‍ നിര്‍ത്തിയിട്ട് കുഴപ്പങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തായിരുന്നു മഹീന്ദ്ര വിവാദങ്ങള്‍ ശമിപ്പിച്ചത്. ഇപ്പോള്‍ എസ്‌യുവി വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ്. ഏതായാലും ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?. അത് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications