2023-ല്‍ ഡബിള്‍ ഹിറ്റടിച്ച് ഷാരൂഖും ഹ്യുണ്ടായിയും; കിംഗ് ഖാന് കമ്പനി നല്‍കിയ സമ്മാനം കണ്ടോ?
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ബോളിവുഡ് സൂപ്പര്‍ താരമായ ഷാരൂഖ് ഖാന്‍. ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് സാന്‍ട്രോയുടെ കാലംതൊട്ട് തുടങ്ങിയതാണ് കിംഗ് ഖാനും ഹ്യുണ്ടായിയും തമ്മിലുള്ള ബന്ധം. ഈ വര്‍ഷം ഏതായാലും ഷാരൂഖിനും ഹ്യുണ്ടായിക്കും നല്ല വര്‍ഷമാണ്.
ഷാരൂഖിന്റെ ഈ വര്‍ഷം ഇറങ്ങിയ പത്താന്‍, ജവാന്‍ എന്നീ രണ്ട് ചിത്രങ്ങളും 1000 കോടി ക്ലബില്‍ ഇടം നേടിയപ്പോള്‍ ഹ്യുണ്ടായി ഇറക്കിയ രണ്ട് കാറുകളും ഹിറ്റടിച്ചു. ഹ്യുണ്ടായി ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയ കാറുകളില്‍ ഒന്നാണ് അയോണിക് 5. ഷാരൂഖ് സന്നിഹിതനായ ചടങ്ങില്‍ 2023 ഓട്ടോ എക്‌സപോയില്‍ വെച്ചായിരുക്കു കാര്‍ പുറത്തിറക്കിയത്. ഇപ്പോള്‍ ഇന്ത്യയിലെ കാറിന്റെ 1100-ാമത്തെ യൂണിറ്റ് ബോളിവുഡ് ബാദ്ഷക്ക് സമ്മാനിച്ചിരിക്കുകയാണ് കമ്പനി.

ബ്രാന്‍ഡുമായുള്ള 25 വര്‍ഷത്തെ ബന്ധത്തെ അനുസ്മരിച്ചുകൊണ്ട് രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാവിനോടുള്ള നിരന്തരമായ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി പ്രകടിപ്പിക്കുന്നതിനായാണ് ഹ്യുണ്ടായി കിംഗ് ഖാന് തങ്ങളുടെ മുന്‍നിര ഇലക്ട്രിക് എസ്യുവി സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള്ള ആഡംബര കാറുകള്‍ നിരന്ന് നില്‍ക്കുന്ന ഷാരൂഖിന്റെ ഗരാജിലേക്കെത്തുന്ന ആദ്യത്തെ ഇവിയായി മാറിയിരിക്കുകയാണ് അയോണിക് 5.
'ഓള്‍-ഇലക്ട്രിക് എസ്‌യുവിയായ ഹ്യുണ്ടായി അയോണിക് 5 ലഭിച്ചതില്‍ ഞാര്‍ കൃതാര്‍ഥനാണ്. ഇത് എന്റെ ആദ്യത്തെ ഇവിയാണ്. അത് ഹ്യുണ്ടായി ആയതില്‍ സന്തോഷമുണ്ട്. 2023 എന്ന വര്‍ഷം ഹ്യുണ്ടായിക്കും എന്നെ സംബന്ധിച്ചിടത്തോളം വളരെ ശ്രദ്ധേയമാണ്. ഇന്ത്യയിലെ ജനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് പരസ്പരം ലഭിച്ച സ്‌നേഹമാണ് ഞങ്ങളുടെ പ്രേരകശക്തി' ഷാരൂഖ് ഖാന്‍ പറഞ്ഞു.

കോനക്ക് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ ഹ്യണ്ടായി ഇവിയാണ് അയോണിക് 5. ഹ്യുണ്ടായിയുടെ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഓള്‍ ഇലക്ട്രിക് മോഡല്‍ ലോകമെമ്പാടും നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റ് (CKD) ഇന്ത്യയില്‍ കൊണ്ടുവരുന്ന കാര്‍ മാസങ്ങള്‍ കൊണ്ട് 1,000 യൂണിറ്റ് വില്‍പ്പന സ്വന്തമാക്കിയിരുന്നു. 45.95 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില.
അകത്തും പുറത്തും ഒരു റെട്രോ ടച്ച് ഉള്ള സെന്‍സസ് സ്പോര്‍ട്ടിനെസ് ഡിസൈന്‍ ഫിലോസഫി അടിസ്ഥാനമാക്കിയുള്ളതാണ് അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയുടെ രൂപകല്‍പ്പന. സിംപിള്‍ ബോഡി ഡിസൈന്‍ ആണെങ്കിലും അത് വളരെ മോഡേണ്‍ ആയാണ് കാണപ്പെടുന്നത്. ഗോള്‍ഡ്, വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ബോഡി കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

എല്‍ഇഡി ലൈറ്റുകളുടെ ഉദാരമായ ഉപയോഗം, 20 ഇഞ്ച് അലോയ് വീലുകള്‍, കൂറ്റന്‍ 3,000 mm വീല്‍ബേസ് എന്നിവയെല്ലാം ഇവിയെ അതിന്റെ സഹോദരങ്ങള്‍ക്കിടയില്‍ വേറിട്ടു നിര്‍ത്താന്‍ സഹായിക്കുന്നു. അയോണിക് 5-ന് ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും സൈഡ് ബോഡിലില്‍ Z ആകൃതിയിലുള്ള ക്യാരക്ടര്‍ ലൈനുകളും ലഭിക്കുന്നു.
വിദേശ വിപണികളില്‍ ചെറിയ ബാറ്ററി പായ്ക്കുകള്‍ ഓഫറില്‍ ഉണ്ടെങ്കിലും ഇന്ത്യ സ്‌പെക്ക് ഹ്യുണ്ടായി അയോണിക് 5-ന് 72.6 kWh ബാറ്ററിയാണ് പവര്‍ നല്‍കുന്നത്. ഇത് സ്റ്റാന്‍ഡേര്‍ഡ് അഡ്വാന്‍സ്ഡ്, ഹൈ ഡെന്‍സിറ്റി ബാറ്ററി സെല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. ഒറ്റചാര്‍ജില്‍ 631 കിലോമീറ്റര്‍ ആണ് ഇവിയുടെ റേഞ്ച് പറയുന്നത്. 350 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് ഇലക്ട്രിക് വാഹനം 18 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

12.3" ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍, വെന്റിലേഷന്‍, ഹീറ്റഡ് ഫംഗ്ഡന്‍ എന്നിവയോട് കൂടിയ 12.3" ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോ ഡിഫോഗറോടുകൂടിയ ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ADAS, ബോസ് ഓഡിയോ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളാണ് വരുന്നത്. ടിവികള്‍, മൈക്രോവേവ് എന്നിവ പോലുള്ള ചെറിയ വീട്ടുപകരണങ്ങള്‍ പവര്‍ ചെയ്യാന്‍ സഹായിക്കുന്ന വെഹിക്കിള്‍-2-ലോഡ് സാങ്കേതികവിദ്യയാണ് ഹ്യുണ്ടായി അയോണിക് 5-ന്റെ ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഒന്ന്.


Click it and Unblock the Notifications