ടാറ്റ പഞ്ച് വാങ്ങാനൊരുങ്ങുന്നവര്‍ ഈ എസ്‌യുവിക്കായി കാത്തിരിക്കണം; കാരണങ്ങളുണ്ട്
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളില്‍ (എസ്‌യുവി) ഒന്നാണ് ടാറ്റ പഞ്ച്. ടാറ്റ കളംമാറ്റി ചവിട്ടി ക്ലിക്കായതിന് ശേഷം പുറത്തിറക്കിയ ഹിറ്റ് മോഡലുകളില്‍ ഒന്ന്. മൈക്രോ എസ്‌യുവിയായ പഞ്ച് അവതരിപ്പിച്ച് ശരിക്കും ടാറ്റ നടത്തിയത് ഒരു ചൂതാട്ടം തന്നെയായയിരുന്നു.
എന്നാല്‍ ടാറ്റ അതില്‍ വെന്നിക്കൊടി പാറിച്ചു. ലോഞ്ചിന് ശേഷം പ്രതിമാസം 10,000 മുതല്‍ 12,000 യൂണിറ്റുകള്‍ വരെയാണ് പഞ്ചിന്റെ വില്‍പ്പന. മാര്‍ക്കറ്റില്‍ നിരവധി എസ്‌യുവികള്‍ ഉണ്ടെങ്കിലും പഞ്ചിനെ പഞ്ചറാക്കാന്‍ പോന്ന ഒരു എസ്‌യുവി ഉടന്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്. മാരുതി സുസുക്കിയുടെ പുതിയ ഫ്രോങ്ക്‌സിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ടാറ്റ പഞ്ച് വാങ്ങാന്‍ ഒരുങ്ങുന്ന ഒരാള്‍ മാരുതി ഫ്രോങ്ക്‌സിന്റെ ലോഞ്ചിനായി കാത്തിരിക്കണോ?. അതറിയാന്‍ തുടര്‍ന്ന് വായിക്കാം.

ടര്‍ബോ പെട്രോള്‍ എഞ്ചിന്‍: മാരുതി ഫ്രോങ്ക്‌സില്‍ ഉള്ളതും ടാറ്റ പഞ്ചില്‍ ഇല്ലാത്തതുമായി ഒരു സുപ്രധാന കാര്യം ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ടാറ്റ പഞ്ചിന്റെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ പോലും അത്ര പേരെടുത്തിട്ടില്ല. മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ 1.0 ലിറ്റര്‍ ബൂസ്്റ്റര്‍ ജെറ്റ് എഞ്ചിന്‍ 100 bhp പവറും 150 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. മാരുതിയുടെ തന്നെ ബലേനോ RS മോഡലില്‍ ഉണ്ടായജിരുന്നു ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഫ്രോങ്ക്‌സിന് പകുത്ത് നല്‍കിയത്.
360-ഡിഗ്രി ക്യാമറ: വലിയ ബ്ലൈന്‍ഡ് സ്‌പോട്ടുകളുടെ സാന്നിധ്യം കാരണം ഇന്ന് എസ്‌യുവികളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഫീച്ചറുകളില്‍ ഒന്നാണ് 360-ഡിഗ്രി ക്യാമറ. ബലേനോയ്ക്കൊപ്പം തന്നെ മാരുതി പുതിയ ഫ്രോങ്ക്‌സിനൊപ്പവും 360-ഡിഗ്രി ക്യാമറകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ചുറ്റുപാടിന്റെ ഫിഷ്‌ഐ വ്യൂ നല്‍കുന്നതിനാല്‍ തന്നെ 360 ഡിഗ്രി ക്യാമറയുള്ളത് ഡ്രൈവിംഗിന് വളരെ ഉപകാരപ്രദമാണ്.

ഹെഡ്സ്-അപ്പ് ഡിസ്‌പ്ലേ: ബലേനോയില്‍ നിന്ന് ഹെഡ്സ്-അപ്പ് ഡിസ്പ്ലേയും മാരുതി സുസുക്കി ഫ്രോങ്ക്‌സിന് നല്‍കിയിട്ടുണ്ട്. ഹെഡ്-അപ്പ് ഡിസ്പ്ലേ അല്ലെങ്കില്‍ HUD എന്നത് വിന്‍ഡ്സ്‌ക്രീനിലോ മറ്റേതെങ്കിലും സുതാര്യമായ പാനലിലോ ഉള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ കാണിക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. ഇത് ഡ്രൈവര്‍ക്ക് മുന്നിലുള്ള റോഡില്‍ തന്റെ കാഴ്ച്ച നിലനിര്‍ത്താന്‍ അനുവദിക്കുന്നു. ചുരുക്കത്തില്‍ HUD ഡ്രൈവറുടെ ദൃശ്യപരതയെ ബാധിക്കാതെ സൂക്ഷിക്കുന്നുവെന്ന് പറയാം. അതിനാല്‍ തന്നെ ഇക്കാര്യം നോക്കുമ്പോള്‍ ഫ്രോങ്ക്‌സ് പഞ്ചിനേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കും.
വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം: ടാറ്റ പഞ്ച് 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 9.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തോടെയാണ് മാരുതി ഫ്രോങ്ക്‌സിന്റെ വരവ്. ടാറ്റയുടെയും മാരുതിയുടെയും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളുടെ യൂസര്‍ ഇന്റര്‍ഫേസ് നോക്കിയാല്‍ ഫ്രോങ്ക്‌സിന്‍േറത് കൂടുതല്‍ സ്മൂത്താണെന്ന് മനസ്സിലാകും. കാര്‍ വാങ്ങുമ്പോള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കൂടി പരിഗണിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഇക്കാര്യം കൂടി മനസ്സില്‍ കരുതിക്കോളൂ.

സര്‍വീസും വിശ്വാസ്യതയും: മാരുതിയുടെ സര്‍വീസിനെയും വിശ്വാസ്യതയെയും കുറിച്ച് പറയേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. രാജ്യത്തിന്റെ എത് മുക്കും മൂലയുമെടുത്താലും മാരുതി സര്‍വീസ് സെന്റര്‍ കണ്ടെത്താന്‍ പ്രയാസം കാണില്ല. സര്‍വീസ് ശൃംഖലയുടെ കാര്യത്തിലും മാരുതി ടാറ്റയെ അനായാസം മറികടക്കും. സര്‍വീസിനുള്ള ചെലവുകളും പഞ്ചിനേക്കാള്‍ കുറവായിരിക്കും ഫ്രോങ്ക്‌സിന്. സര്‍വീസ് കോസ്റ്റിന് കാര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ മുന്‍ഗണന നല്‍കുന്നുണ്ടെങ്കില്‍ മാരുതി ഫ്രോങ്ക്‌സ് ആയിരിക്കും ബെറ്റര്‍ ഓപ്ഷന്‍.
ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ സമാപിച്ച 2023 ഓട്ടോ എക്‌സ്‌പോയിലായിരുന്നു 5 ഡോര്‍ ജിംനിക്കൊപ്പം മാരുതി ഫ്രോങ്ക്സ് അവതരിപ്പിച്ചത്. ഓട്ടോ എക്സ്പോയുടെ രണ്ടാം ദിവസമായിരുന്നു അവതരണം. എന്നാല്‍ അന്ന് വില പ്രഖ്യാപനം നടന്നില്ല. ഓട്ടോ എക്‌സ്‌പോയുടെ സമയത്ത് തന്നെ മോഡലിന്റെ ബുക്കിംഗിന് നെക്സ ഡീലര്‍ഷിപ്പുകളിലൂടെ മാരുതി തുടക്കമിട്ടിരുന്നു. നെക്സ് മോഡല്‍ നിരയില്‍ ബെസ്റ്റ് സെല്ലേഴ്സില്‍ ഒന്നായ ബലേനോയുടെ തൊട്ടുമുകളിലായിരിക്കും ഫ്രോങ്ക്സ് ഇടം നേടുക.
7.64 ലക്ഷം രൂപ മുതല്‍ ബലേനോയുടെ വില ആരംഭിക്കുമ്പോള്‍ ക്രോസ്ഓവര്‍ എസ്‌യുവിക്ക് ഏകദേശം 8.50 ലക്ഷം രൂപ മുതലായിരിക്കും വിലയെന്നാണ് പ്രവചനം. ടര്‍ബോ എഞ്ചിന്റെ സാന്നിധ്യം കാരണം ടോപ് സ്പെക്ക് മോഡലുകളുടെ ഓണ്‍റോഡ് വില 13 മുതല്‍ 14 ലക്ഷം രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന.


Click it and Unblock the Notifications








