ഉപഭോക്താക്കളോട് കൂടുതല്‍ അടുക്കാന്‍ സ്‌കോഡ; 'എനിടൈം വാറണ്ടി' അവതരിപ്പിച്ചു
ചില തിരിച്ചുവരവുകള്‍ അവിസ്മരണീയമായിരിക്കും. ആദ്യ വരവില്‍ ഇന്ത്യയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കാതിരുന്ന ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡക്ക് അവരുടെ ഇന്ത്യ 2.0 പദ്ധതിയിലൂടെ നൂറില്‍ നൂറ് മാര്‍ക്ക് നേടാന്‍ സാധിച്ചിരുന്നു. സ്‌കോഡ പുതുതായി വിപണിയില്‍ എത്തിച്ച കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയും സ്ലാവിയ സെഡാനും ജനപ്രിയമായി മാറിയതോടെ അവരുടെ തലവര തെളിഞ്ഞു.
ഇതോടെ ഇന്ത്യയില്‍ നില്‍ക്കാന്‍ പിടിവള്ളി ലഭിച്ച സ്‌കോഡ പലവിധത്തില്‍ ഉപഭോക്താക്കളോട് അടുക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ 'എനിടൈം വാറണ്ടി' എന്ന പേരില്‍ ഒരു പുതിയ വാറണ്ടി പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ. ഇത് അടിസ്ഥാനപരമായി 1 വര്‍ഷം അല്ലെങ്കില്‍ 20,000 കിലോമീറ്റര്‍ വാറണ്ടി പാക്കേജാണ്. സ്‌കോഡ കാറുകളില്‍ നിലവിലുള്ള ഏതെങ്കിലും സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ വിപുലീകൃത വാറണ്ടികള്‍ വര്‍ധിപ്പിക്കാന്‍ പുതിയ പാക്കേജ് കസ്റ്റമേഴ്‌സിന് ഉപയോഗിക്കാവുന്നതാണ്.

7 വര്‍ഷത്തില്‍ താഴെ പഴക്കുമുള്ള ഏതൊരു സ്‌കോഡ കാര്‍ അല്ലെങ്കില്‍ 1.3 ലക്ഷം കിലോമീറ്ററില്‍ താഴെ ഓടിയ കാറും പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനും ശേഷം പുതിയ പാക്കേജിന് യോഗ്യമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. വാഹനത്തിന്റെ വാറണ്ടി കഴിഞ്ഞ ഉപഭോക്താക്കളും നിരാശപ്പെടേണ്ട. മീറ്റിംഗ് പരിശോധന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിങ്ങള്‍ക്കും ഏപ്പോള്‍ വേണമെങ്കിലും വാറണ്ടി പാക്കേജ് ഉപയോഗപ്പെടുത്താന്‍ ഓപ്ഷനുണ്ട്. പഴയ തലമുറ കോഡിയാക് (TDI), സൂപ്പര്‍, ഒക്ടാവിയ, യെതി, റാപ്പിഡ് എന്നിവയെ ലക്ഷ്യംവെച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് എനിടൈം വാറന്റിയെന്നാണ് സ്‌കോഡ വ്യക്തമാക്കുന്നത്.
കമ്പനി നിലവില്‍ അതിന്റെ എല്ലാ കാറുകള്‍ക്കും 4 വര്‍ഷം അല്ലെങ്കില്‍ ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട്. പീസ് ഓഫ് മൈന്‍ഡ് പദ്ധതി ഉപയോഗപ്പെടുത്തിയാല്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി ഉടമസ്ഥാവകാശത്തിന്റെ 5, 6 വര്‍ഷത്തേക്ക് അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വരെ നീട്ടാനും കമ്പനി അവസരം നല്‍കുന്നു. സ്റ്റാന്‍ഡേര്‍ഡ്, എക്സ്റ്റന്‍ഡഡ് വാറണ്ടികള്‍ക്ക് പുറമെയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള സ്‌കോഡ എനിടൈം വാറണ്ടിയും വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ 8 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വരെ വാറന്റി കവറേജിന് ഉടമകളെ പ്രാപ്്തരാക്കും. 'സ്‌കോഡ ഓട്ടോ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് പറഞ്ഞ്‌കൊണ്ടാണ് ഞങ്ങള്‍ 2023 ആരംഭിച്ചത്. എന്നാല്‍ അത് പുതിയ കാറുകളെ കുറിച്ച് മാത്രമല്ല. ഉപഭോക്തൃ സംതൃപ്തിയും തടസ്സമില്ലാത്ത ഉടമസ്ഥാവകാശ അനുഭവവും വാഗ്ദാനം ചെയ്യുന്ന ഒരു ഓഫറാണ് എനിടൈം വാറന്റി. വളര്‍ച്ചയെ ത്വരിതപ്പെടുത്താനുള്ള ഞങ്ങളുടെ പാതയില്‍ ഉപഭോക്തൃ സംതൃപ്തിയും മികച്ച ഉടമസ്ഥാവകാശ അനുഭവവും ഇത് ഓഫര്‍ ചെയ്യും' സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ സോള്‍ച് പറഞ്ഞു.
സ്റ്റാന്‍ഡേര്‍ഡ്, വിപുലീകൃത, എനിടൈം വാറണ്ടി എന്നിങ്ങനെ എല്ലാ വാറണ്ടികളും അടുത്ത ഉടമയ്ക്ക് കൈമാറാമെന്നും കമ്പനി വ്യക്തമാക്കി. സ്‌കോഡ നിലവില്‍ കുഷാഖ്, കോടിയാക് എസ്‌യുവികളും സ്ലാവിയ, ഒക്ടാവിയ, സൂപ്പര്‍ബ് സെഡാനുകളുമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. കുഷാഖ്, സ്ലാവിയ എന്നീ ഹിറ്റ് മോഡലുകളുടെ കരുത്തില്‍ 2022-ല്‍ സ്‌കോഡ ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പനയാണ് നേടിയെടുത്തത്. കഴിഞ്ഞ വര്‍ഷം 53,721 യൂണിറ്റുകളുടെ ആഭ്യന്തര മൊത്ത വില്‍പ്പനയുമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ സ്‌കോഡ ഇന്ത്യയിലെ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
2021-നെ അപേക്ഷിച്ച് 125.17 ശതമാനമായിരുന്നു വളര്‍ച്ച. 2021-ല്‍ സ്‌കോഡ 23,858 യൂണിറ്റുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. വില്‍പ്പനക്കൊപ്പം തങ്ങളുടെ വില്‍പ്പന-സര്‍വീസ് ശൃംഖല വിപുലീകരിക്കുകയും ചെയ്യുന്നുണ്ട് സ്‌കോഡ. 2021-ല്‍ ചെക്ക് കാര്‍ നിര്‍മാതാവിന് രാജ്യത്ത് ആകെ 175 ടച്ച് പോയിന്റുകള്‍ ആണ് ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷം 240 ആയി ഉയര്‍ത്താന്‍ സാധിച്ചു. സ്‌കോഡ് അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിനാല്‍ മെയിന്റനന്‍സ് കോസ്റ്റ് വളരെ കുറക്കാന്‍ സാധിച്ചിട്ടുണ്ട്.
കോവിഡിന് ശേഷം ഉടലെടുത്ത സപ്ലൈ ചെയിനിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും പോയ വര്‍ഷം സ്‌കോഡ ആഗോള തലത്തിലും റെക്കോഡ് വില്‍പ്പന നേടി. കഴിഞ്ഞ വര്‍ഷം 7,31,300 വാഹനങ്ങള്‍ വിതരണം ചെയ്തതായി അവര്‍ അറിയിച്ചു. സ്‌കോഡയുടെ ഇലക്ട്രിക് വാഹനമായ എന്‍യാക് iV-ക്ക് മികച്ച ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. സ്‌കോഡ ഒക്ടാവിയയാണ് ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍. ഒക്ടാവിയക്ക് പിന്നാലെ കാമിക്കും കൊഡിയാക്കും ബെസ്റ്റ് സെല്ലേഴ്‌സ് പട്ടികയില്‍ തൊട്ടുപിന്നിലുണ്ട്.


Click it and Unblock the Notifications








