കുഷാഖിനെ 'സ്‌പെഷ്യലാക്കി' ഒനിക്‌സ് എഡിഷനുമായി സ്‌കോഡ
ചെക്ക് റിപബ്ലിക്കന്‍ കാര്‍ നിര്‍മാതാക്കളായ സ്‌കോഡക്ക് രാജ്യത്ത് ഗ്രിപ്പ് നേടിക്കൊടുത്ത രണ്ട് മോഡലുകളില്‍ ഒന്നാണ് സ്‌കോഡ കുഷാഖ്. മാന്യമായ വില്‍പ്പന നേടുന്ന കുഷാഖ് മിഡ്‌സൈസ് എസ്‌യുവിക്ക് കൃത്യമായ ഇടവേളകളില്‍ സ്‌കോഡ അപ്‌ഡേറ്റുകള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ കുഷാഖ് എസ്‌യുവിയുടെ ഒനിക്‌സ് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് സ്‌കോഡ.
12.39 ലക്ഷം രൂപയാണ് ഇതിന്റെ ലോഞ്ച് വില. എസ്‌യുവിയുടെ ബേസ് ട്രിമ്മായ ആക്ടീവിനേക്കാള്‍ 80,000 രൂപ അധികം മുടക്കിയാല്‍ മാത്രമാണ് കുഷാഖ് ഒനിക്‌സ് സ്വന്തമാക്കാന്‍ സാധിക്കുക. ആക്ടീവിനും മിഡ്-സ്‌പെക്ക് ആംബിഷന്‍ ക്ലാസിക് ട്രിമ്മുകള്‍ക്കും ഇടയിലാണ് ഒനിക്സ് എഡിഷന്‍ സ്ഥാനം പിടിക്കുക. ഡോറുകളില്‍ കാണപ്പെടുന്ന ഗ്രേ ഗ്രാഫിക്‌സുകളാണ് കുഷാഖ് ഒനിക്‌സ് എഡിഷന്റെ എക്‌സ്റ്റീരിയറില്‍ കാണപ്പെടുന്ന പ്രധാന മാറ്റം.

ഇതിനൊപ്പം ബി-പില്ലറില്‍ 'ഒനിക്‌സ്' ബാഡ്ജിംഗും ലഭിക്കുന്നു. ഫ്രണ്ട് ബമ്പറില്‍ ഫോക്‌സ് ഡിഫ്യൂസര്‍, ഫ്രണ്ട് ഗ്രില്ലില്‍ ക്രോം സറൗണ്ടുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത പ്ലാസ്റ്റിക് കവറുകളുള്ള 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവയും സ്‌പെഷ്യല്‍ എഡിഷനില്‍ സ്‌കോഡ നല്‍കിയിരിക്കുന്നു. കാറിന്റെ അകത്തളത്തിലും ചെറിയ മാറ്റങ്ങളുണ്ട്. എസ്‌യുവിയുടെ സ്‌കഫ് പ്ലേറ്റുകളിലും ഹെഡ്റെസ്റ്റുകളിലും ഒനിക്സ് ബാഡ്ജിംഗ് കാണാം.
ബ്ലാക്ക് ആന്‍ഡ് ഗ്രേ നിറത്തിലാണ് ഇന്റീരിയര്‍ കളര്‍ തീം. ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, എസി വെന്റുകളില്‍ ക്രോം സറൗണ്ടുകള്‍, ഡാഷ്ബോര്‍ഡില്‍ ടെക്‌സ്ചര്‍ഡ് പാറ്റേണ്‍ എന്നിവ ഇന്റീരിയര്‍ ഡിസൈനിംഗിന്റെ ചാരുത കൂട്ടുന്നു. ഫീച്ചറുകളുടെ കാര്യമെടുത്താല്‍ എസ്‌യുവിയുടെ ബേസ് ട്രിമ്മായ അംബീഷനേക്കാള്‍ സമ്പന്നനാണ് കുഷാഖ് ഒനിക്‌സ് എഡിഷന്.

എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍, വാഷറുകളോട് കൂടിയ റിയര്‍ വൈപ്പര്‍, റിയര്‍ ഡീഫോഗര്‍, എയര്‍ പ്യൂരിഫയര്‍ ഉള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് പുതിയ മോഡലില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഫീച്ചറുകള്‍. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ESP, എല്ലാ യാത്രക്കാര്‍ക്കുമായി ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ആങ്കറേജുകള്‍ എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളും കാറിന് കരുത്താകും. ഗ്ലോബല്‍ NCAP-യുടെ പുതിയ ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ക്ക് കീഴില്‍ സ്‌കോഡ കുഷാഖ് 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.
തുടക്കത്തില്‍ സൂചിപ്പിച്ച പോലെ എന്‍ട്രി ലെവല്‍ വേരിയന്റായ ആക്ടീവിനും മിഡ്‌സ്‌പെക് ക്ലാസിക്കിനും ഇടയില്‍ സ്ഥാനം പിടിക്കുന്ന സ്‌കോഡ കുഷാഖ് ഒനിക്‌സ് എഡിഷന്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ. ഈ എഞ്ചിന്‍ 115 bhp പവര്‍ പുറപ്പെടുവിക്കുന്നു. ലോഞ്ച് വേളയില്‍ സ്‌പെഷ്യല്‍ എഡിഷന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭ്യമാകില്ല. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
എന്നാല്‍ വൈകാതെ തന്നെ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഇതിന് ലഭിക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സരമുളള മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലാണ് സ്‌കോഡ കുഷാഖ് മാറ്റുരക്കുന്നത്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരെയാണ് കുഷാഖിന്റെ അങ്കംവെട്ട്.
കുഷാഖിനൊപ്പം പുതിയ പ്ലാറ്റ്ഫോമില്‍ സ്ലാവിയ സെഡാനും കൂടി പുറത്തിറക്കിയതോടെയാണ് സ്‌കോഡക്ക് ഇന്ത്യയില്‍ മികച്ച വില്‍പ്പന നേടാനായത്. ഈ രണ്ട് പുതിയ ലോഞ്ചുകളും ഹിറ്റായതോടെ കഴിഞ്ഞ വര്‍ഷം സ്‌കോഡയുടെ വില്‍പ്പന കുതിച്ചുയര്‍ന്നു. 2022-ല്‍ സ്‌കോഡ ഇന്ത്യ 51,865 കാറുകളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 128 ശതമാനമാണ് വര്‍ധന. മികച്ച വില്‍പ്പനയിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ഒമ്പതാമത്തെ ഓട്ടോമോട്ടീവ് ബ്രാന്‍ഡായി സ്‌കോഡ മാറിയിരുന്നു.
ഇതിനൊപ്പം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയുടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറിയിരുന്നു. അര ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കുന്ന യുകെയെ മറികടന്നാണ് ഇന്ത്യന്‍ വിപണി ഈ സ്ഥാനത്തേക്ക് എത്തിയത്. പോയ വര്‍ഷം 134,300 യൂണിറ്റുകള്‍ വിറ്റ ജര്‍മനിയാണ് സ്‌കോഡയുടെ ഏറ്റവും വലിയ വിപണി. സ്വന്തം രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ സ്‌കോഡ കഴിഞ്ഞ വര്‍ഷം 71,200 യൂണിറ്റുകള്‍ വിറ്റു.


Click it and Unblock the Notifications








