കുറഞ്ഞ വിലയില്‍ സ്‌കോഡ എസ്‌യുവി വരുന്നു; മാരുതിക്കും ടാറ്റക്കും നെഞ്ചിടിപ്പ്
ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300 എന്നീ മോഡലുകള്‍ അരങ്ങ് വാഴുന്നിടമാണ് സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റ്. നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നീ കാറുകളും ഇവിടെ മത്സരിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ അംഗസംഖ്യ കൂടുതലായതിനാല്‍ തന്നെ കടുത്ത മത്സരവുമാണ് അരങ്ങേറുന്നത്.
വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പേരും പെരുമയും മാത്രം പോര കാലികമായി നിലകൊള്ളണമെന്ന തത്വത്തിന്റെ ബലത്തിലാണ് ടാറ്റ അടുത്തിടെ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. ഇപ്പോള്‍ തന്നെ കടുത്ത മത്സരം നടക്കുന്ന സെഗ്‌മെന്റിലേക്ക് ഒരു പോരാളി കൂടി കടന്ന് വന്നാല്‍ എങ്ങനെയുണ്ടാകും. സംഗതി ഉഷാറാകൂലേ?.

അതെ ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ അധികം വൈകാതെ ഒരു പുതിയ സബ് 4 മീറ്റര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കമ്പനിയുടെ ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്ന സ്‌കോഡ കുഷാഖ് എസ്‌യുവിയും സ്ലാവിയ സെഡാനും വന്‍ വിജയമായിരുന്നു. മാന്യമായ വില്‍പ്പന നേടുന്ന ഈ കാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്.
കുഷാഖിന്റെയും സ്ലാവിയയുടെയും പാത പിന്തുടര്‍ന്ന് രാജ്യത്ത് ഹാട്രിക് വിജയം നേടാനാണ് പുതിയ കോംപാക്ട് എസ്‌യുവി കൊണ്ട് സ്‌കോഡ ലക്ഷ്യം വെക്കുന്നത്. സ്‌കോഡയുടെ ആഗോള വാഹന നിരയിലെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും ഇത്. വരാനിരിക്കുന്ന ഈ കാറും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് സ്‌കോഡയുടെ പദ്ധതി. ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതകളും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള കമ്പനി പരിശോധിക്കുന്നുണ്ട്.

പുതിയ കാര്‍ ഏകദേശം തയാറായിക്കഴിഞ്ഞതായാണ് സ്‌കോഡയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ത്യയില്‍ സബ് 4 മീറ്റര്‍ എസ്‌യുവികള്‍ക്ക് നികുതി ഇളവ് ലഭിക്കുമ്പോള്‍ മറ്റ് പല രാജ്യങ്ങളിലും അതില്ല. അതിനാല്‍ തന്നെ പുതിയ കാര്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നത് ലാഭകരമാകുമോ എന്ന കാര്യം ബ്രാന്‍ഡ് പരിശോധിച്ച് വരികയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ കാര്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനാണ് പ്ലാന്‍.
വരാനിരിക്കുന്ന സബ്-4 മീറ്റര്‍ എസ്‌യുവി MQB A0 IN പ്ലാറ്റ്ഫോമിന്റെ സ്‌കെയില്‍-ഡൗണ്‍ പതിപ്പായിരിക്കും ഉപയോഗിക്കുക. നിലവിലെ സ്‌കോഡ കാറുകള്‍ പിന്തുടരുന്ന ഡിസൈന്‍ ഭാഷയായിരിക്കും ഈ പുതിയ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവി പിന്തുടരുക. ബോള്‍ഡ്, പ്രീമിയം ലുക്കിലായിരിക്കും പുതിയ എസ്‌യുവിയുടെ എക്‌സ്റ്റീരിയര്‍ പൂര്‍ത്തിയാക്കുക. ഡിസൈന്‍ കണ്ട് ഒരു 'ബേബി കുഷാഖ്' എന്ന് പേര് ലഭിച്ചാലും അത്ഭുതപ്പെടാനില്ല.
അതിനാല്‍ തന്നെ കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്ന അതേ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പുത്തന്‍ മോഡലിന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനില്‍ ആയിരിക്കും കാര്‍ എത്തിയേക്കുക. എഞ്ചിന്‍ അതേ പവര്‍ഔട്ട്പുട്ട് നല്‍കുമോ എന്ന് പറയാന്‍ സാധിക്കില്ല. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപഷനുകള്‍ ലഭിച്ചേക്കും.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ലെതറൈറ്റ് അപ്‌ഹോള്‍സ്റ്റി തുടങ്ങി നിരവധി ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചായിരിക്കും കാര്‍ എത്തുക. വിപണിയില്‍ നിന്നുള്ള പ്രതികരണം നോക്കിയ ശേഷം ഫോക്‌സ്‌വാഗണ്‍ സമാനമായ മോഡലുമായി അരങ്ങേറാന്‍ സാധ്യതയുണ്ട്. ഇതിനകം തന്നെ രാജ്യത്തെ ഏറ്റവും മത്സരം നിറഞ്ഞ കാര്‍ സെഗ്‌മെന്റുകളില്‍ ഒന്നായ സബ് 4 മീറ്റര്‍ എസ്‌യുവികളില്‍ തീപിടിച്ച പോരാട്ടമാണ്.
ഈ നിലയില്‍ ഒരു വൈദേശിക ഭീമന്‍ കൂടി പുത്തന്‍ ലോഞ്ചുമായി എത്തുന്നതോടെ മത്സരം വേറെ റേഞ്ചാകും. എതിരാളികള്‍ ഒട്ടനവധിയുള്ളതിനാല്‍ വിലയില്‍ സ്‌കോഡ കാര്യമായ ശ്രദ്ധ ചെലുത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സബ് 4 മീറ്റര്‍ എസ്‌യുവി ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാന്‍ സാധിച്ചേക്കും. സബ് 4 മീറ്റര്‍ എസ്‌യുവിക്ക് പിറകെ ഒരു ഇലക്ട്രിക് കാര്‍ പുറത്തിറക്കാനും സ്‌കോഡക്ക് പ്ലാനുണ്ട്.
20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒരു മാസ്സ് മാര്‍ക്കറ്റ് ഇവിയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മനസ്സില്‍. ഈ ലേഖനത്തോടൊപ്പം നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ പ്രതീകാത്മകമാണെന്ന് ഓര്‍മിപ്പിക്കുന്നു. സ്‌കോഡയുടെ വരാന്‍ പോകുന്ന എസ്‌യുവിയെ കുറിച്ചുള്ള നിങ്ങളുടെ പ്രതികരണം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ്‌ബോക്‌സിലൂടെ പങ്കുവെക്കുമല്ലോ.


Click it and Unblock the Notifications








