ഈ കാര്‍ ആരുമറിയാതെ നിര്‍ത്തലാക്കി സ്‌കോഡ; വിടവാങ്ങല്‍ സൂപ്പറാക്കാമായിരുന്നു
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലെ ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളാണ് സ്‌കോഡ. കമ്പനിയുടെ ചരിത്രത്തിലും ഇന്ത്യയിലെ വാഹന നിരയിലും ഒരു സുപ്രധാന സ്ഥാനമുള്ള കാറാണ് സൂപ്പര്‍ബ്. ഇന്ത്യന്‍ വാഹന വിപണി ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സെഡാനുകളുടെ കൂട്ടത്തില്‍ എണ്ണാന്‍ പറ്റാവുന്ന സൂപ്പര്‍ബിനെ നിശബ്ദമായി പിന്‍വലിച്ചിരിക്കുകയാണ് സ്‌കോഡ.
ഇന്ത്യയില്‍ സ്‌കോഡക്ക് മേല്‍വിലാസം നേടിക്കൊടുത്ത ഒക്ടാവിയക്ക് ശേഷം അരങ്ങൊഴിയുന്ന മറ്റൊരു പോരാളിയായി മാറിയിരിക്കുകയാണ് സൂപ്പര്‍ബ്. ഒക്ടാവിയ നിര്‍ത്തലാക്കിയ വേളയില്‍ തന്നെ സൂപ്പര്‍ബും ഉടന്‍ വിപണി വിടുമെന്ന് സംസാരമുണ്ടായിരുന്നു. സ്‌കോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മോഡല്‍ നീക്കം ചെയ്തതോടെ ഊഹാപോഹങ്ങള്‍ക്ക് അറുതിയായി. വില്‍പ്പന കുറഞ്ഞതും പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും കാരണമാണ് സെഡാനെ പിന്‍വലിക്കാന്‍ സ്‌കോഡയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

എല്ലാ എമിഷന്‍ മാനദണ്ഡങ്ങളും പാലിച്ച് പുതിയ ഡിസൈന്‍, ഫീച്ചര്‍ അപ്ഗ്രേഡുകളുമായി മോഡലിനെ കമ്പനി ഭാവിയില്‍ വീണ്ടും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഏപ്രിലിലായിരുന്നു ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ സ്‌കോഡ ഒക്ടാവിയയെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. സ്‌കോഡ സൂപ്പര്‍ബ് സെഡാന്‍ കൂടി നിര്‍ത്തലാക്കിയതോടെ രാജ്യത്ത് ബ്രാന്‍ഡ് ഓഫര്‍ ചെയ്യുന്ന ഏക സെഡാനായി സ്‌കോഡ സ്ലാവിയ മാറി.
ഇത് കൂടാതെ കുഷാഖ്, കൊഡിയാക് എന്നിവയാണ് സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്ന മറ്റ് രണ്ട് മോഡലുകള്‍. ഈ വര്‍ഷം തുടക്കത്തില്‍ അടുത്ത തലമുറ സൂപ്പര്‍ബ്, ഒക്ടാവിയ എന്നീ കാറുകളുടെ ടീസര്‍ കമ്പനി പുറത്ത് വിട്ടിരുന്നു. അതിനാല്‍ തന്നെ ഈ വര്‍ഷം അവസാനം എപ്പോഴെങ്കിലും പുതിയ തലമുറ പതിപ്പുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തേക്കും.
ആഢംബരത്തിനും കംഫര്‍ട്ടിനും പെര്‍ഫോമന്‍സിനുമുള്ള സ്‌കോഡയുടെ പ്രതിബദ്ധത പ്രകടമാക്കുന്ന ബ്രാന്‍ഡിന്റെ ഫ്‌ലാഗ്ഷിപ്പ് സെഡാന്‍ എന്ന നിലയിലാണ് സൂപ്പര്‍ബ് 2001-ല്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നാലെ ആഗോളതലത്തില്‍ വന്‍വിജയമായി സ്‌കോഡ മോഡലുകളില്‍ ഒന്നായി ഇത് മാറി. 2004-ലാണ് സ്‌കോഡ സൂപ്പര്‍ബ് ഇന്ത്യന്‍ മണ്ണിലെത്തിയത്. വളരെ കുറഞ്ഞ കാലം കൊണ്ട് സെഡാന്‍ ആഢംബര കാര്‍ പ്രേമികള്‍ക്കിടയില്‍ ജനപ്രിയമായി മാറി.
അതിമനോഹരമായ ഡിസൈനും വിശാലമായ ഇന്റീരിയറുകളും നൂതനമായ ഫീച്ചറുകളും സൂപ്പര്‍ബിനെ സെഗ്‌മെന്റില്‍ സൂപ്പറാക്കി നിലനിര്‍ത്തി. സ്റ്റൈല്‍, പെര്‍ഫോമന്‍സ്, താങ്ങാനാവുന്ന വില എന്നിവയുടെ സമ്പൂര്‍ണ്ണ സംയോജനമായി എത്തിയ സൂപ്പര്‍ബിനെ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്നതിനായി സ്‌കോഡ സൂപ്പര്‍ബ് ഇക്കാലത്തിനിടയില്‍ നിരവധി അപ്‌ഡേറ്റുകള്‍ക്ക് വിധേയമായി.

ബോള്‍ഡ് ഗ്രില്‍, സ്ലീക്ക് ഹെഡ്ലൈറ്റുകള്‍, ഷാര്‍പ്പ് ബോഡി ലൈനുകള്‍ എന്നിവയടക്കമുള്ള സ്‌കോഡയുടെ സിഗ്നേച്ചര്‍ ഡിസൈന്‍ ഘടകങ്ങള്‍ അവര്‍ പരിഷ്‌കരിച്ച് കൊണ്ടേയിരുന്നു. അകത്തളത്തില്‍ പ്രീമിയം മെറ്റീരിയലുകള്‍, അത്യാധുനിക സാങ്കേതികവിദ്യ, നൂതനമായ കംഫര്‍ട്ട് ഫീച്ചറുകള്‍ എന്നിവ ലഭിച്ചതോടെ ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് വേറെ ലെവലവയി മാറി. പെട്രോള്‍, ഡീസല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെ ശക്തമായ എഞ്ചിനുകളുടെ ഒരു ശ്രേണിയും സൂപ്പര്‍ബ് വാഗ്ദാനം ചെയ്തു.
EA888 evo3 എഞ്ചിന്‍ ഉപയോഗിച്ചാണ് സൂപ്പര്‍ബ്, ഒക്ടാവിയ സെഡാനുകള്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വന്ന ബിഎസ് V1 ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ഈ രണ്ട് സെഡാനുകളും പാലിക്കുന്നില്ല. ഈ എഞ്ചിനുകള്‍ പുതിയ മാനണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടാണ് സെഡാനുകളുടെ കടക്കല്‍ കത്തിവെക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
വെബ്‌സൈറ്റില്‍ നിന്ന് നീക്കിയെങ്കിലും സൂപ്പര്‍ബ് നിര്‍ത്തലാക്കിയതായി സ്‌കോഡ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്ത തലമുറയിലെ സ്‌കോഡ സൂപ്പര്‍ബ് സെഡാന്‍ CKD (കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍) യൂണിറ്റായി കൊണ്ടുവന്ന് ഇവിടെ അസംബിള്‍ ചെയ്യാനാണ് സാധ്യത. കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിന്റെ ഭാഗമായി സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരണങ്ങളുമായിട്ടാകും തിരിച്ചുവരവ്.
സൂപ്പര്‍ബിനൊപ്പം വല്ല്യേട്ടനായ ഒക്ടാവിയയും പരിഷ്‌കരണങ്ങളോടെ സുന്ദരക്കുട്ടപ്പനായി തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. റിയല്‍ ഡ്രൈാവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹൃദയമാകും ഇവക്ക് കരുത്തേകുക. എന്നാല്‍ ഒരുകാലത്ത് ഇന്ത്യന്‍ ജനത നെഞ്ചേറ്റിയ രണ്ട് മോഡലുകളുടെ അടുത്ത തലമുറ പതിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിരവങ്ങള്‍ നിര്‍മാതാക്കള്‍ പങ്കുവെച്ചിട്ടില്ല. കുഷാഖ്, സ്ലാവിയ മോഡലുകളിലൂടെ ഇന്ത്യയില്‍ ഇപ്പോള്‍ പിടിവള്ളി ലഭിച്ച സ്‌കോഡക്ക് ഏതായാലും വമ്പന്‍ പ്ലാനുകളുണ്ടെന്ന കാര്യം വ്യക്തമാണ്.


Click it and Unblock the Notifications








