സെഡാനുകളുടെ തമ്പുരാന്‍ തിരിച്ചുവരുന്നു! കൂടെ ഇച്ചിരി ട്വിസ്റ്റുകള്‍ ഒളിപ്പിച്ച് സ്‌കോഡ
ഇന്ത്യയില്‍ പ്രീമിയം സെഡാനുകളുടെ കാര്യത്തില്‍ പ്രഥമ ചോയ്‌സാണ് സ്‌കോഡ കാറുകള്‍. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കള്‍ ഒക്ടാവിയ, സൂപ്പര്‍ബ് എന്നീ മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന കര്‍ശനമായ ബിഎസ VI ഘട്ടം രണ്ട് എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പില്‍ വന്നതോടെയായിരുന്നു ഈ സൂപ്പര്‍ സെഡാനുകളുടെ വില്‍പ്പന നിര്‍ത്തിവെച്ചത്.
ഇന്ത്യന്‍ വിപണിയില്‍ നിര്‍ത്തലാക്കിയെങ്കിലും അടുത്ത തലമുറ സൂപ്പര്‍ബിന്റെയും ഒക്ടാവിയയുടെയും ടീസര്‍ ഈ വര്‍ഷം പുറത്തുവന്നിരുന്നു. അതിനാല്‍ തന്നെ സെഡാനുകള്‍ ഏത് നിമിഷവും തിരിച്ചെത്തുമെന്ന പ്രതീതി ആരാധകരില്‍ ജനിച്ചു. അതിപ്പോള്‍ സത്യമാകാന്‍ പോകുകയാണ്. സ്‌കോഡ ഇന്ത്യ വരും മാസങ്ങളില്‍ നിലവിലെ തലമുറ സൂപ്പര്‍ബ് സെഡാന്‍ തന്നെ പരിമിതമായ അളവില്‍ ഇന്ത്യന്‍ വിപണിയില്‍ പുനരവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ സൂപ്പര്‍ബ് സെഡാന്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ തിരിച്ചുവരുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായി ഇറക്കുമതി ചെയ്യുകയായിരിക്കും ചെയ്യുക. സര്‍ക്കാരിന്റെ GSR 870 നിയമത്തിന് കീഴിലാണ് സ്‌കോഡ പുതിയ സൂപ്പര്‍ബിനെ ഇന്ത്യയില്‍ കൊണ്ടുവരുന്നത്. ഇതുവഴി M, L വിഭാഗത്തില്‍ പെടുന്ന ഏത് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനത്തിന്റെയും മൊത്തം 2,500 യൂണിറ്റുകള്‍ ഹോമോലോഗേഷന്‍ ആവശ്യമില്ലാതെ ഇറക്കുമതി ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് പറ്റും.
പരിഷ്‌കരിച്ച 2.0 ലിറ്റര്‍ TSI എഞ്ചിന്‍ ഹോമോലോഗ് ചെയ്യാതെ തന്നെ സൂപ്പര്‍ബിനെ തിരികെ കൊണ്ടുവരാന്‍ ഈ നിയമം സ്‌കോഡയെ സഹായിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ അനുവദിച്ചിരിക്കുന്ന യൂണിറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ ഹോമോലോഗേഷന്‍ അപ്രായോഗികമാകുമായിരുന്നു. 190 bhp പവര്‍ നല്‍കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സുമായാണ് ജോടിയാക്കുന്നത്.

നിലവിലെ തലമുറ സ്‌കോഡ സൂപ്പര്‍ബ് സെഡാന്റെ കാലം ഏകദേശം കഴിയാറായിട്ടുണ്ട്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ പുതിയ നാലാം തലമുറ സൂപ്പര്‍ബ് വരും മാസങ്ങളില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ആ സാഹചര്യത്തില്‍ ജനമനസ്സില്‍ നിന്ന് കാര്‍ മറവിയിലേക്ക് പോകാതിരിക്കാനും വിപണിയില്‍ ഒരു വിടവ് അനുഭവപ്പെടാതിരിക്കാനുമാണ് നിലവിലെ തലമുറ സൂപ്പര്‍ബിനെ മടക്കിക്കൊണ്ടുവരുന്നത്. അടുത്തിടെ പങ്കുവെച്ച ടീസറില്‍ അടുത്ത തലമുറ സൂപ്പര്‍ബിന്റെ ഇന്റീരിയറിന്റെ കാഴ്ച സ്‌കോഡ നല്‍കിയിരുന്നു.
മൂന്ന് കളര്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ഇത് വാങ്ങാനാകുക. റോസ്സോ ബ്രൂനെല്ലോ, വാട്ടര്‍ വേള്‍ഡ് ഗ്രീന്‍, മാജിക് ബ്ലാക്ക് എന്നിവയായിരിക്കും എക്‌സ്റ്റീരിയര്‍ നിറങ്ങള്‍. ഇതില്‍ റോസ്സോ ബ്രൂനെല്ലോയും വാട്ടര്‍ വേള്‍ഡ് ഗ്രീനും പുതിയ നിറങ്ങളാണ്. ഇന്ത്യയില്‍ നിര്‍മിച്ചിരുന്ന സൂപ്പര്‍ബില്‍ ലഭ്യമല്ലാതിരുന്ന കൊളംബസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ കൊണ്ടുവരും. ആക്ടീവ് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 9 എയര്‍ബാഗുകള്‍ എന്നിവക്കൊപ്പം സ്‌കോഡയുടെ അഡാപ്റ്റീവ് ഷാസി കണ്‍ട്രോള്‍ ടെകും സ്റ്റാന്‍ഡേര്‍ഡ് ആയി വരും.
ടോപ് സ്‌പെക് L, K ട്രിമ്മുകളില്‍ മാത്രമായിരിക്കും സ്‌കോഡ സൂപ്പര്‍ബ് തിരികെ കൊണ്ടുവരിക. മാത്രമല്ല ഇതിന് ADAS അടക്കമുള്ള പല ട്രെന്‍ഡിംഗ് ഫീച്ചറുകളും ലഭിക്കും. ഇന്ത്യയില്‍ ADAS ലഭിക്കുന്ന ആദ്യ സ്‌കോഡ മോഡല്‍ ആയിരിക്കും സൂപ്പര്‍ബ്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളും ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റും ഉള്‍പ്പെടുന്ന ADAS സവിശേഷതകളായിരിക്കും സൂപ്പര്‍ബിന് ലഭിക്കുക.
360 ഡിഗ്രി ക്യാമറയ്ക്കൊപ്പം പാര്‍ക്ക് അസിസ്റ്റും സൂപ്പര്‍ബ് സെഡാന് ലഭിക്കും. സ്‌ട്രോറ്റോസ് നിര്‍മിച്ച 17 ഇഞ്ച് അലോയ് വീലിലായിരിക്കും ഇത് ഓടുക. ഇന്ത്യയിലെ ചില സ്‌കോഡ ഡീലര്‍മാര്‍ സൂപ്പര്‍ബിന്റെ ബുക്കിംഗ് അനൗദ്യോഗികമായി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഏകദേശം 50 ലക്ഷം രൂപയാണ് തിരിച്ചുവരവില്‍ സ്‌കോഡ സൂപ്പര്‍ബിന്റെ വില പ്രതീക്ഷിക്കുന്നത്.
ഏതായാലും വരും ദിവസങ്ങളില്‍ ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കള്‍ തന്നെ ഔദ്യോഗിക സ്ഥിരീകരണം നടത്തുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം സെഡാനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അവര്‍ പങ്കുവെച്ചേക്കും. നിലവില്‍ കുഷാഖ്, സ്ലാവിയ, കൊഡിയാക് എന്നീ മോഡലുകളാണ് സ്‌കോഡ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. ഇന്ത്യന്‍ വിപണിക്കായി ഒരു താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറിന് പിന്നില്‍ സ്‌കോഡ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications








