മാളിക മുകളിൽ നിന്ന് നിലംപതിച്ച് വിൽപ്പന; കാലിടറി സ്ട്രോംഗ് ഹൈബ്രിഡുകൾ
സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ ഇന്ത്യയിലെ മാസ് മാർക്കറ്റിന് ലഭ്യമായിട്ട് കുറച്ച് കാലങ്ങൾ മാത്രമേ ആയിട്ടുള്ളൂ. മൈൽഡ് ഹൈബ്രിഡ് പതിപ്പുകളെ അപേക്ഷിച്ച് ഇവ കൂടുതൽ മികവുറ്റതാണ്. സ്ട്രോംഗ് ഹൈബ്രിഡുകൾ മികച്ച ഇന്ധനക്ഷമതയും അതോടൊപ്പം കുറഞ്ഞ എമിഷനുകളും മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ. ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുമായി (BEV) താരതമ്യപ്പെടുത്തുമ്പോൾ ഈ മോഡലുകൾക്ക് കുറഞ്ഞ ഉൽപാദനച്ചെലവാണുള്ളത് എന്നതും ശ്രദ്ധേയമാണ്.
അത്തരത്തിൽ രാജ്യത്തെ വിശാലമായ ശ്രേണിയിലുള്ള ഉപഭോക്താക്കൾക്ക് ഇവ കൂടുതൽ താങ്ങാനാവുന്ന ഒരു ചോയിസായി മാറുന്നു. 2021 ഒന്നാം പാദത്തിൽ (Q1) 190 യൂണിറ്റ് വിൽപ്പനയിൽ നിന്നിരുന്ന സ്ട്രോംഗ് ഹൈബ്രിഡ് വിപണി 2022 -ലെ നാലാം പാദത്തിൽ (Q4) 15,841 യൂണിറ്റായി ഗണ്യമായി വർധന കൈവരിച്ചു, തുടർന്ന് 2023 Q1 -ൽ ഇത് വീണ്ടും 22,389 യൂണിറ്റായി ഉയർന്നു.

എന്നാൽ സമീപകാല കണക്കുകളിൽ വിൽപ്പന കുറഞ്ഞു. സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകളുടെ വിൽപ്പന 2023 രണ്ടാം പാദത്തിൽ 14,399 യൂണിറ്റുകളായി താഴേക്കു വന്നു. ടൊയോട്ടയുടെയും മാരുതി സുസുക്കിയുടെയും പുതിയ ശ്രേണിയിലുള്ള മോഡലുകൾ കാരണം 2022 Q4, 2023 Q1 എന്നീ രണ്ട് പാദങ്ങളിൽ സ്ട്രോംഗ് ഹൈബ്രിഡ് വിൽപ്പന BEV വിൽപ്പനയെ മറികടന്നത്.
എന്നിരുന്നാലും, കഴിഞ്ഞ പാദത്തിൽ വിൽപ്പനയ്ക്ക് ഈ ഒരു വേഗത നിലനിർത്താൻ കഴിഞ്ഞില്ല. 2023 -ലെ രണ്ടാം പാദത്തിൽ ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 2023 Q1 -ലെ 2.2 ശതമാനത്തിൽ നിന്ന് 1.4 ശതമാനമായി കുറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് സെഗ്‌മെന്റിൽ എംയുവികൾ 51 ശതമാനം വിഹിതവും എസ്‌യുവികൾ 42 ശതമാനം വിഹിതവും സെഡാനുകൾ 7.0 ശതമാനവുമാണ് കൈവരിക്കുന്നത്.

ഈ നിരയിൽ 69 ശതമാനം വിപണി വിഹിതവുമായി ടൊയോട്ടയ്ക്കായിരുന്നു ഏറ്റവും കൂടുതൽ മോഡലുകൾ ഉണ്ടായിരുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് വിൽപന 2023 Q2 -ൽ 49 ശതമാനം വിപണി വിഹിതത്തോടെ 7,073 യൂണിറ്റായിരുന്നു. തൊട്ടുപിന്നാലെ മാരുതി ഗ്രാൻഡ് വിറ്റാര കഴിഞ്ഞ പാദത്തിൽ 3,763 യൂണിറ്റുകളുടെ വിൽപ്പനയോടെ 26 ശതമാനം വിപണി വിഹിതം കൈക്കലാക്കി.
ടൊയോട്ടയിൽ നിന്ന് മൂന്ന് സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾ കൂടി, ഹൈറൈഡറിനൊപ്പം 2023 രണ്ടാം പാദത്തിൽ 2,251 യൂണിറ്റുകൾ വിറ്റഴിച്ചു. കാമ്രി, വെൽഫയർ എന്നിവയുടെ വിൽപ്പന യഥാക്രമം 389 യൂണിറ്റും, 151 യൂണിറ്റുമായിരുന്നു. 2023 Q2 -ലെ സ്ട്രോംഗ് ഹൈബ്രിഡ് ലിസ്റ്റിൽ കാമ്രി 3.0 ശതമാനവും, വെൽഫയർ 1.0 ശതമാനം വിപണി വിഹിതവും കൈവശപ്പെടുത്തി.

സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് ഹൈബ്രിഡ് സെഡാൻ 2023 മാർച്ചിലാണ് ഹോണ്ട പുറത്തിറക്കിയക്. ഈ മോഡൽ 2023 -ലെ രണ്ടാം പാദത്തിൽ 569 യൂണിറ്റുകളുടെ വിൽപ്പനയോടെ പട്ടികയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അതോടൊപ്പം സിറ്റി eHEV ഈ ലിസ്റ്റിൽ 4.0 ശതമാനം വിഹിതവും നേടി. ഒരു ശതമാനം വിപണി വിഹിതവുമായി 2023 രണ്ടാം പാദത്തിൽ 203 യൂണിറ്റുകൾ വിൽപ്പയോടെ മാരുതി ഇൻവിക്ടോയും രംഗത്ത് ഉണ്ടായിരുന്നു.
മാരുതി ഇൻവിക്‌റ്റോ എംപിവിയാണ് ഈ സെഗ്‌മെന്റിലേക്ക് അടുത്തിടെ എത്തിയ ഏറ്റവും പുതിയ മോഡൽ. 24.79 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്, സാങ്കേതികമായി ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പാണിത്. സീറ്റ പ്ലസ്, ആൽഫ പ്ലസ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന മോഡൽ ഇന്നോവ ഹൈക്രോസിൽ നിന്നാണ് അതിന്റെ ഹൈബ്രിഡ് പവർട്രെയിൻ കടം കൊള്ളുന്നത്.

നിലവിലെ ഇടിവിൽ നിന്ന് ഈ സെഗ്മെന്റ് താമസിയാതെ കരകയറും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇപ്പോഴും ഇനിഷ്യൽ ഇൻവെസ്റ്റ്മെന്റിന്റെ കാര്യത്തിൽ അല്പം ചെലവേറിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളേക്കാളും നിലവിലെ സാഹചര്യത്തിൽ ഒരു പിടി മുന്നിൽ നിൽക്കുന്നത് സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾ തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. ഡ്രൈവിംഗ് റേഞ്ചിന്റെ ആശങ്കയുമില്ല അതോടൊപ്പം മികച്ച മൈലേജും കുറഞ്ഞ എമിഷനുമാണ് ഇവയുടെ ഹൈലൈറ്റ്.


Click it and Unblock the Notifications








