മൈലേജല്ല സേഫ്റ്റി ഫസ്റ്റ്! 92% ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ സേഫ്റ്റി നോക്കുന്നതായി പഠനം
നല്ല സ്‌റ്റൈലും യാത്രസുഖവും ആഢംബരവും മറ്റ് സവിശേഷതകളുമെല്ലാം ഒത്തുചേരുന്ന ഒരു കാര്‍ വാങ്ങാനായിരിക്കും എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ കാര്‍ വാങ്ങുമ്പോള്‍ നമ്മള്‍ പരിഗണിക്കുന്ന പല ഘടകങ്ങളുണ്ട്. അത് കാലാകാലങ്ങളായി മാറിക്കൊണ്ടിരിക്കും. ബജറ്റ്, മൈലേജ്, എഞ്ചിന്‍ ഓപ്ഷന്‍, സേഫ്റ്റി, ഫീച്ചറുകള്‍ എന്നീ കാര്യങ്ങള്‍ എല്ലാം നോക്കാറുണ്ട്.
ഇതില്‍ ഇന്ത്യക്കാര്‍ എന്നും മുന്‍ഗണന നല്‍കിപ്പോന്നിരുന്ന കാര്യമാണ് മൈലേജ്. പുതിയ കാര്‍ ആയാലും സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ആയാലും എത്ര കിട്ടുമെന്നാണ് നമ്മള്‍ ഇന്ത്യക്കാര്‍ ചോദിക്കുക. ആ ഒരൊറ്റ കാര്യത്തെ മുറുകെ പിടിച്ചുകൊണ്ട് മനസ്സറിഞ്ഞ് കാറുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ വിപണിയില്‍ ഒന്നാമതാകുകയും ചെയ്തു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. ഇന്ധനക്ഷമതയേക്കാള്‍ ഇന്ത്യയിലെ ഭൂരിപക്ഷം കസ്റ്റമേഴ്‌സും സുരക്ഷക്ക് പ്രാധാന്യം കൊടുക്കുന്നതായാണ് അടുത്തിടെ പുറത്ത് വന്ന ഒരു പഠന ഫലം സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ എല്ലാ കാറുകള്‍ക്കും സുരക്ഷാ റേറ്റിംഗ് ഉണ്ടായിരിക്കണമെന്ന് 10 ഉപഭോക്താക്കളില്‍ 9 പേരും വിശ്വസിക്കുന്നതായാണ് സ്‌കോഡ ഓട്ടോ ഇന്ത്യക്ക് വേണ്ടി NIQ BASES നടത്തിയ സര്‍വേ പറയുന്നത്. ഇന്ത്യയില്‍ കാര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്ന രണ്ട് കാര്യങ്ങള്‍ ക്രാഷ്-ടെസ്റ്റ് റേറ്റിംഗുകളും എയര്‍ബാഗുകളുടെ എണ്ണവുമാണെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നത്. അതായത് കൂടുതല്‍ എയര്‍ബാഗുകളും ക്രാഷ് ടെസ്റ്റ് റേറ്റിംഗുമുള്ള കാറുകള്‍ ഉപഭോക്താക്കള്‍ പരിഗണിച്ച് തുടങ്ങി.
ഇവ രണ്ടും കഴിഞ്ഞ ശേഷം മാത്രമാണ് ആളുകള്‍ കാറിന്റെ മൈലേജ് നോക്കുന്നതെന്നാണ് സര്‍വേ പറയുന്നത്. ഈ സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേര്‍ 5 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന കാര്‍ ഉള്ളവരാണ്. ഏകദേശം 33 ശതമാനം പേര്‍ക്ക് ഇപ്പോള്‍ സ്വന്തമായി കാര്‍ ഇല്ലെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ഒന്ന് വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.

18-54 വയസ് പ്രായമുള്ള വ്യക്തികളിലാണ് ഈ സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പുരുഷന്‍മാരും 20 ശതമാനം സ്ത്രീകളും ആയിരുന്നു. സര്‍വേയില്‍ പ്രതികരിച്ചവര്‍ 22.3% ശതമാനത്തില്‍ കൂടുതല്‍ പ്രാധാന്യം കാറിന്റെ ക്രാഷ് റേറ്റിംഗ് നല്‍കി. 21.6% പ്രാധാന്യമാണ് എയര്‍ബാഗുകള്‍ക്കുള്ള മുന്‍ഗണന സ്‌കോര്‍. മൂന്നാം സ്ഥാനത്തെത്തിയ മൈലേജിന് 15.0% പ്രാധാന്യമാണ് പറയപ്പെടുന്നത്.
കാറുകളുടെ ക്രാഷ് ടെസ്റ്റ് റേറ്റിംഗിനെക്കുറിച്ച് പറയുമ്പോള്‍ 5-സ്റ്റാര്‍ റേറ്റിംഗിനായി പരമാവധി ഉപഭോക്തൃ മുന്‍ഗണന 22.2% ആയിരുന്നു. 4-സ്റ്റാര്‍ റേറ്റിംഗിന് 21.3% മുന്‍ഗണന ലഭിച്ചു. 0 സ്റ്റാര്‍ റേറ്റിംഗിന് 6.8% മുന്‍ഗണന മാത്രമാണ് ലഭിച്ചത്. ഇതാണ് ഏറ്റവും കുറവ്. സര്‍വേ ഫലം വെളിച്ചം വീശുന്നത് പോലെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സേഫ്റ്റി റേറ്റിംഗും ബില്‍ഡ് ക്വാളിറ്റിയുമുള്ള കാറുകള്‍ക്ക് നല്ല കാലമാണ്.

ക്രാഷ് ടെസ്റ്റ് റേറ്റിംഗ് വെച്ച് മാര്‍ക്കറ്റ് ചെയ്യുന്ന പല കാര്‍ മോഡലുകളും ബെസ്റ്റ് സെല്ലേഴ്‌സായി മാറിയ ചരിത്രവുമുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയിലെ ഉപഭോക്തൃ മുന്‍ഗണന മാറുന്നുവെന്നതിന്റെ തെളിവ് കൂടിയാണത്. ഗ്ലോബല്‍ NCAP 'സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ' എന്ന പ്രോഗ്രാമിന് കീഴിലാണ് ഇന്ത്യന്‍ കാറുകളെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാന്‍ തുടങ്ങിയത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗ്ലോബല്‍ NCAP റേറ്റിംഗുകള്‍ ലഭിക്കുന്നത്.
ഏറ്റവും പുതിയ ഗ്ലോബല്‍ NCAP റേറ്റിംഗുകള്‍ അനുസരിച്ച് നിലവില്‍ ഏറ്റവും സുരക്ഷിതമായ കാറുകള്‍ എതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഏറ്റവും ഒടുവിലായി GNCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ േ്രറ്റിംഗ് ലഭിച്ചത് രണ്ട് സെഡാനുകള്‍ക്കായിരുന്നു. സ്‌കോഡ സ്ലാവിയ, ഫോക്‌സവാഗണ്‍ വെര്‍ട്ടിസ് എന്നിവയായിരുന്നു അത്. അതിന് തൊട്ടുമുമ്പ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍ നിന്ന് വരുന്ന മിഡ്‌സൈസ് എസ്‌യുവികളായ ഫോക്‌സ്‌വാഗണ്‍ ടൈഗൂണും സ്‌കോഡ കുഷാഖും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
ഇന്ത്യയില്‍ സുരക്ഷയുടെ കാര്യത്തില്‍ മുന്‍പന്തിയിലുളള 10 കാറുകളുടെ പട്ടികയില്‍ ആഭ്യന്തര കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെയും മഹീന്ദ്രയുടെയും മൂന്ന് വീതം കാറുകള്‍ ഇടം നേടിയിട്ടുണ്ട്. XUV700, സ്‌കോര്‍പ്പിയോ N, XUV300 എന്നിവയാണ് ക്രാഷ് ടെസ്റ്റില്‍ മികച്ച റേറ്റിംഗ് നേടിയ മഹീന്ദ്ര മോഡലുകള്‍. നെക്‌സോണ്‍, ആള്‍ട്രോസ്, പഞ്ച് എന്നിവയാണ് ടാറ്റയുടെ ഏറ്റവും സുരക്ഷിതമായ കാറുകള്‍.


Click it and Unblock the Notifications








