6 മാസത്തിനുള്ളില്‍ ഇത്രയും എസ്‌യുവികള്‍ വരുന്നെന്നോ! പുതിയ കാര്‍ നോക്കുന്നുണ്ടെങ്കില്‍ ഇതിലൊന്ന് വാങ്ങൂ...
സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളോട് (SUV) ഇന്ത്യക്കാരുടെ പ്രണയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിപണി വിഹിതം കൂട്ടാനായി നിലവിലുള്ള മോഡലുകള്‍ പരിഷ്‌കരിക്കുകയും പുത്തന്‍ മോഡലുകള്‍ പുറത്തിറക്കുകയും ചെയ്ത് എസ്‌യുവി നിര വിപുലീകരിക്കാൻ ഒരുങ്ങുകയാണ് മുൻനിര വാഹന നിർമാതാക്കൾ.
എസ്‌യുവികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തില്‍
ഇന്ത്യയില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ നിരവധി എസ്‌യുവികള്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. മുന്‍നിര കമ്പനികളായ ഹ്യുണ്ടായി, ടാറ്റ, കിയ എന്നീ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് കാത്തിരിക്കുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്ന അഞ്ച് പ്രധാന എസ്‌യുവികളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.

ഹ്യുണ്ടായി ക്രെറ്റ ഫെയ്സ്ലിഫ്റ്റ്: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ബെസ്റ്റ് സെല്ലര്‍ എസ്‌യുവി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രധാന അപ്‌ഡേറ്റിന് വിധേയമാകുകയാണ്. മിഡ്‌സൈസ് എസ്‌യുവിയുടെ രണ്ടാം തലമുറ പതിപ്പ് 2020-ലായിരുന്നു പുറത്തിറങ്ങിയത്. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ പോരാട്ടം കനത്ത സാഹചര്യത്തില്‍ ഈ കാറിന്റെ അകത്തും പുറത്തും കാര്യമായ നവീകരണങ്ങള്‍ നടത്തും.
പുത്തന്‍ ഫീച്ചറുകള്‍ക്കൊപ്പം ലെവല്‍ 2 ADAS ടെക് ഉള്‍പ്പെടുത്തി കാറിന്റെ സേഫ്റ്റിയും കൂട്ടും. മാത്രമല്ല പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ക്രെറ്റയുടെ എഞ്ചിന്‍ ഓപ്ഷനില്‍ കൂട്ടിച്ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ ഹ്യുണ്ടായി വിപണിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ.

കിയ സൊനെറ്റ് ഫെയ്സ്ലിഫ്റ്റ്: നിരവധി മാറ്റങ്ങളോടെ അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ സോനെറ്റ് സബ് 4 മീറ്റര്‍ എസ്‌യുവിയുടെ മുഖംമിനുക്കിയ പതിപ്പ് പുറത്തിറക്കാനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ പ്ലാന്‍. എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും വമ്പന്‍ മാറ്റങ്ങളുമായിട്ടായിരിക്കും ജനപ്രിയ മോഡലിന്റെ അരങ്ങേറ്റം.
കാറിന്റെ അകത്തളം പുതിയ ഫീച്ചറുകളും ടെക്‌നോളജിയും വെച്ച് നവീകരിക്കും. ഈ കാറിന്റെ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാറ്റം വരാന്‍ സാധ്യതയില്ല. എതിരാളിയായ ടാറ്റ നെക്‌സോണ്‍ കിടിലന്‍ അപ്‌ഡേറ്റുകളോടെ വിപണിയില്‍ എത്തിയതിനാല്‍ സോനെറ്റിന് കാര്യമായ അപ്‌ഡേറ്റ് അനിവാര്യമാണ്. കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍: മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പാണിത്. അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ ടൊയോട്ട ഈ കൂപ്പെ എസ്‌യുവി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.2 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളായിരിക്കും 5 സീറ്റര്‍ കാറില്‍ വരിക. എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കും.
ടാറ്റ പഞ്ച് ഇവി: ടാറ്റയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയിലെ നാലാമത്തെ കാറാകാന്‍ ഒരുങ്ങുകയാണ് പഞ്ച് ഇവി. ഇലക്ട്രിക് എസ്‌യുവി രണ്ട് മാസത്തിനുള്ളില്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. പഞ്ച് ഇവി നിരവധി തവണ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മുന്‍വശത്തായിരിക്കും ചാര്‍ജിംഗ് പോര്‍ട്ട് വരുന്നതെന്ന് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിച്ചിരുന്നു.

പെട്രോള്‍ പതിപ്പില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. രണ്ട് ബാറ്ററി പായ്ക്കുകളുമായിട്ടായിരിക്കും ടാറ്റ പഞ്ച് ഇവി വരാന്‍ സാധ്യത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇവിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ നെക്‌സോണ്‍ ഇവിയില്‍ നിന്നുള്ള ചില ഫീച്ചറുകള്‍ പഞ്ച് ഇവിയുടെ അകത്തളത്തില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്.
ടാറ്റ കര്‍വ് ഇവി: ഇന്ത്യ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവികളില്‍ ഒന്നാണ് ടാറ്റ കര്‍വ്. ഇലക്ട്രിക്, ഐസിഇ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ടാറ്റ കര്‍വ് വിപണിയില്‍ എത്തിക്കും. എന്നാല്‍ കര്‍വ് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാര്‍ ആയിരിക്കും ടാറ്റ ആദ്യം പുറത്തിറങ്ങുകയെന്നാണ് സൂചന.

വലിയ ബാറ്ററി പായ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇവിക്ക് ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്ററിന് മുകളില്‍ റേഞ്ച് പ്രതീക്ഷിക്കുന്നു. ടാറ്റ കര്‍വ് കാറിന്റെ കണ്‍സെപ്റ്റ് മോഡലിന് സമാനമായിരിക്കും ഇതിന്റെ പ്രൊഡക്ഷന്‍ മോഡല്‍ എന്നാണ് കണക്കുകൂട്ടല്‍. 2024 ഏപ്രിലിന് മുമ്പ് ഇലക്ട്രിക് കാര്‍ പുറത്തിറക്കാനാണ് സാധ്യത. ഇവിയുടെ പേര് കര്‍വ് എന്നാകുമോ അതോ ടാറ്റ അടുത്ത കാലത്തായി ട്രേഡ്മാര്‍ക്ക് ചെയ്ത പേരുകളില്‍ ഒന്ന് ലഭിക്കുമോ എന്ന കാര്യത്തിലും തീര്‍ച്ചയില്ല.
ഇന്ത്യന്‍ കാര്‍ വിപണിയും ചെറുകാറുകളെയും സെഡാനുകളെയും വിട്ട് ഇപ്പോള്‍ എസ്‌യുവികള്‍ക്ക് പിന്നാലെയാണ്. നിലവില്‍ തന്നെ നിരവധി എസ്‌യുവികള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഉണ്ട്. അവയുടെ കൂട്ടത്തിലേക്കാണ് അടുത്ത ആറ് മാസത്തിനുള്ളില്‍ ചില മികച്ച മോഡുകള്‍ കൂടി അരങ്ങേറാന്‍ പോകുന്നത്. നിങ്ങള്‍ ഒരു എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ കുറച്ച് നാളുകൂടി ക്ഷമിക്കാന്‍ പറ്റുമെങ്കില്‍ മുകളില്‍ പറഞ്ഞവയില്‍ ഒന്ന് പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








