സുസുക്കിയുടെ ബേബി 'ജി വാഗണ്‍ ഇലക്ട്രിക്' വരുന്നു; ജിംനി ഇലക്ട്രിക് ആദ്യമെത്തുക യൂറോപ്പില്‍
2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍ സ്ഥിരം തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ് മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ ജിംനി 5 ഡോര്‍. ഇപ്പോള്‍ ഇലക്ട്രിക് കുപ്പായമിട്ട് ജിംനി വന്‍കര കടന്ന് കുതിക്കാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്.
യൂറോപ്പിലെ തങ്ങളുടെ ഭാവി പദ്ധതികളുടെ ഭാഗമായി സുസുക്കി പുറത്തിറക്കാന്‍ പോകുന്ന ഇലക്ട്രിക് കാറുകളുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട് ജിംനി. 2035-ഓടെ യൂറോപ്പില്‍ ഐസിഇ വാഹനങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അധികൃതര്‍ നേരത്തെ കൈക്കൊണ്ടിരുന്നു. അതിനാല്‍ തന്നെ മാരുതി ജിംനി ഉടന്‍ ഇലക്ട്രിക് അവതാരത്തില്‍ എത്തുമെന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ സുസുക്കി സ്ഥിരീകരിച്ചു. ജപ്പാനീസ് ബ്രാന്‍ഡിന്റെ ഭാവി ഇലക്ട്രിക് ലൈനപ്പിനെ കുറിച്ചും വളര്‍ച്ചയെ കുറിച്ചും വ്യക്തമാക്കുന്ന തന്ത്രപ്രധാന രേഖയിലാണ് ഇക്കാര്യം ഉറപ്പിക്കുന്നത്.

പ്രസന്‍േറഷനില്‍ കാണിച്ച ബാറ്ററി ഇവി ലൈനപ്പില്‍ അഞ്ച് മോഡലുകളുടെ സിലൗട്ടുകള്‍ കാണാം. അതില്‍ ഒന്ന് 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച eVX ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റാണ്. 2025-ല്‍ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ ഡോക്യുമെന്റില്‍ ബോക്‌സി ആകൃതിയിലുള്ള ജിംനിയുടെ ചിത്രം കണ്ടതോടെ ഏവരും ആവേശത്തിലാണ്. ജിംനി ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത ജനപ്രീതിയായിരിക്കണം ഇത് ഇലക്ട്രിക് ആക്കാനുള്ള തീരുമാനത്തിലേക്ക് സുസുക്കിയെ നയിച്ചത്.
നിലവിലെ ജിംനി ഒരു ചെറിയ എസ്‌യുവിയാണ്. ഇലക്ട്രിക് ആകുമ്പോള്‍ അതിന്റെ വലിപ്പത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ തന്നെ ജിംനി സുസുക്കിയുടെ ഇവി ലൈനപ്പിലെ eVX-ന്് താഴെ ആയിരിക്കും സ്ഥാനം പിടിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-ല്‍ നിരത്തുകളിലേക്ക് എത്തുമ്പോള്‍ eVX 60kWh ബാറ്ററി പാക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പതിറ്റാണ്ടിന്റെ അവസാനത്തോട് കൂടി യൂറോപ്പില്‍ എത്തുമ്പോള്‍ ഇലക്ട്രിക് ജിംനി ഒരു ചെറിയ ബാറ്ററി പായ്ക്ക് അവതരിപ്പിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

നിലവിലെ ജിംനിയില്‍ 100 bhp പവറും 129 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5-ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഘടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇലക്ട്രിക് ജിംനിക്ക് അല്‍പ്പം കൂടുതല്‍ പവര്‍ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് ജിംനി അതിന്റെ ഓഫ്റോഡ് കഴിവുകള്‍ നിലനിര്‍ത്താന്‍ സജ്ജമായതിനാല്‍, എസ്‌യുവിക്ക് ഡ്യുവല്‍-മോട്ടോര്‍ സജ്ജീകരണം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. യൂറോപ്പിനായുള്ള സുസുക്കിയുടെ ഇവി പദ്ധതി രേഖയില്‍ മറ്റ് മൂന്ന് കാറുകള്‍ കൂടി കാണാം.
ഒരു ചെറിയ ഹാച്ച്ബാക്ക് അല്ലെങ്കില്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എംപിവി), മറ്റ് രണ്ട് എസ്‌യുവികള്‍ എന്നിവയുടെ സാന്നിധ്യം കാണുന്നു. യൂറോപ്പിനായുള്ള സുസുക്കിയുടെ പദ്ധതികള്‍ അനുസരിച്ച് 2030 ആകുമ്പോഴേക്കും കമ്പനിയുടെ പുതിയ വാഹന നിരയില്‍ 80 ശതമാനം ബാറ്ററി ഇവികളും 20 ശതമാനം ഹൈബ്രിഡ് വാഹനങ്ങളും ആയിരിക്കും. 2070 ഓടെ മാത്രം കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം കൈവരിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ സുസുക്കി പെട്ടെന്ന് വാഹന നിര മുഴുവനായി വൈദ്യുതീകരിക്കാന്‍ ചാന്‍സില്ല.

യൂറോപ്യന്‍ ഇവി പദ്ധതികളുടെ ഭാഗമായി സമീപ ഭാവിയില്‍ സുസുക്കി ജിംനിയുടെ ബാറ്ററി ഇവി പതിപ്പും നമുക്ക് കാണാന്‍ പറ്റും. കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണം നിലവിലെ ഐസിഇ മോഡല്‍ ഒരു വാണിജ്യ വാഹനമായി മാത്രമേ വില്‍പ്പനയ്ക്കെത്തുന്നുള്ളൂ. പുതിയ നീക്കത്തോടെ ഒടുവില്‍ യൂറോപ്പിലെ ഉപഭോക്താക്കള്‍ക്ക് ജിംനി ഒരു സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്യാന്‍ വഴിയൊരുങ്ങുന്നു എന്ന കാര്യം കൂടി നമുക്ക് ഇതില്‍ നിന്ന് ചേര്‍ത്ത് വായിക്കാം.
മാറുന്ന കാലത്തിന് അനുസൃതമായി വൈദ്യുതീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ സുസുക്കി 2030 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയില്‍ ആറോളം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ആഭ്യന്തര വിപണിയുടെ 60 ശതമാനമായിരിക്കും ആന്തരിക ജ്വലന എഞ്ചിനുകളില്‍ (ഐസി) ഓടുന്ന വാഹനങ്ങള്‍ എന്നാണ് സുസുക്കിയുടെ ഭാവി പദ്ധതി രേഖയില്‍ പറയുന്നത്. 2030 ഓടെ മാരുതി സുസുക്കിയുടെ മൊത്തം വാഹന വില്‍പ്പനയുടെ 25 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നായിരിക്കുമെന്ന് കമ്പനി പ്രവചിക്കുന്നു.
15 ശതമാനമായിരിക്കും ഇലക്ട്രിക് വാഹനങ്ങള്‍. ഇതിനൊപ്പം എട്ട് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും കമ്പനി വിപണിയില്‍ എത്തിക്കും. 2024 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ മോഡല്‍ എത്തിയേക്കും. സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചാരച്ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.


Click it and Unblock the Notifications








