സംഗതി ഹോട്ടാണ് വെറും 300 യൂണിറ്റ് മാത്രം; ജിംനിയുടെ സ്‌പെഷ്യൽ ഹെറിറ്റേജ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി
മാരുതി സുസുക്കിയുടെ ലൈഫ്‌സ്റ്റൈൽ ഓഫ്റോഡ് എസ്‌യുവി മോഡലായ ജിംനി ഇന്ത്യയിലേക്ക് ദേ എത്തുന്നതേയുള്ളൂ, എന്നാൽ 1970 -കൾ മുതൽ പതിറ്റാണ്ടുകളായി ആഗോള വിപണിയിൽ ഒരു സ്ഥിര സാനിധ്യമാണ് ഈ വാഹനം.
1981 -ലും 1998 -ലും യഥാക്രമം രണ്ടും മൂന്നും തലമുറകൾ അവതരിപ്പിച്ചതിന് ശേഷം 2018 -ലാണ് നാം ഇപ്പോൾ കാണുന്ന നാലാം തലമുറ ജിംനിയെ നിർമ്മാതാക്കൾ വിപണിയിൽ എത്തിച്ചത്. ഇതേ ഫോർത്ത് ജെൻ ജിംനിയുടെ ഫൈവ് ഡോർ പതിപ്പാണ് നിലവിൽ ഇന്ത്യയിലേക്ക് എത്തുന്നതും.

നാളിതുവരെ 22,000 -ലധികം പ്രീ-ലോഞ്ച് ബുക്കിംഗുകൾ മാരുതി സുസുക്കി ഇവിടെ ആഘോഷിക്കുമ്പോൾ, സുസുക്കി ഓസ്‌ട്രേലിയൻ വിപണിയിൽ അടുത്തിടെ ജിംനി സ്പെഷ്യൽ ഹെറിറ്റേജ് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ്. 33,490 ഓസിസ് ഡോളർ അതായത് ഏകദേശം 18 ലക്ഷം രൂപയാണ് ഈ സ്‌പെഷ്യൽ ഹെറിറ്റേജ് എഡിഷന്റെ വില.
മുകളിൽ സൂചിപ്പിച്ചതു പോലെ സുസുക്കി ജിംനി ആദ്യമായി ലോഞ്ച് ചെയ്തത് 1970 -ലാണ്, അതിനുശേഷം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളുടെ പ്രിയ വാഹനമായി ഇത് മാറുകയും ചെയ്തു. കുഞ്ഞൻ എസ്‌യുവിയുടെ സമ്പന്നമായ പാരമ്പര്യം ആഘോഷിക്കുന്നതിനായി, വാഹനത്തിന്റെ ത്രീ ഡോർ പതിപ്പിൽ വരുന്ന ജിംനി സ്പെഷ്യൽ ഹെറിറ്റേജ് എഡിഷൻ സുസുക്കി പ്രദർശിപ്പിച്ചിരിക്കുന്നു.

ഗ്ലോബൽ സ്‌പെക് ജിംനി അതിന്റെ സ്പെഷ്യൽ എഡിഷനിൽ, മുന്നിലും പിന്നിലും സ്‌പോർട്‌സ് റെഡ് മഡ്‌ഫ്ലാപ്പുകൾ, റെട്രോ തീമോടുകൂടിയ കളർഡ് ഡീക്കലുകളുമായി വരുന്നു. അതോടൊപ്പം ബ്ലാക്ക് പേൾ, ജംഗിൾ ഗ്രീൻ, വൈറ്റ്, മീഡിയം ഗ്രേ എന്നിവ ഉൾപ്പെടുന്ന തനതായ ബോഡി കളർ ഓപ്ഷനുകളും നിർമ്മാതാക്കൾ ഈ സ്പെഷ്യൽ എഡിഷനിൽ വാഗ്ദാനം ചെയ്യുന്നു.
സുസുക്കി ജിംനി സ്പെഷ്യൽ ഹെറിറ്റേജ് എഡിഷൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ചോയിസിലും 4x4 പതിപ്പിലും മാത്രമേ ലഭ്യമാകൂ എന്നതാണ് ശ്രദ്ധേയം. കൂടാതെ, പിൻഭാഗത്തെ മഡ്‌ഫ്‌ലാപ്പുകളിൽ 'സുസുക്കി' എംബോസിംഗ്, ഒരു കാർഗോ ട്രേ, എഡിഷന്റെ പ്രത്യേകതയെ കൂടുതൽ എടുത്തുകാട്ടുന്ന ഒരു സ്പെഷ്യൽ ബാഡ്ജ് എന്നിവയുമുണ്ട്.

സുസുക്കി മോഡൽ നിരയിൽ ജിംനി ഏറെ പ്രിയപ്പെട്ടതാണ്, അതിന് പ്രധാന കാരണം വാഹനത്തിന്റെ ഒതുക്കമുള്ള അനുപാതങ്ങളും മികവുറ്റ ഡ്രൈവ് സവിശേഷതകളുമാണ്. ജാപ്പനീസ് കമ്പനിയുടെ ഏറ്റവും വലിയ വിപണിയിൽ ഒന്ന് ഇന്ത്യയാണെന്നിരിക്കെ, ജിംനിയെ ഇവിടെ ഓഫർ ചെയ്യുന്നതിന് ബ്രാൻഡ് കുറച്ച് സമയമെടുത്തത് പലരെയും അത്ഭുതപ്പെടുത്തിയ വിഷയമാണ്.
2023 ജനുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു, ഈ വർഷം ഏപ്രിലിൽ തന്നെ ലൈഫ്‌സ്റ്റൈൽ ഓഫ്റോഡ് എസ്‌യുവിയുടെ ലോഞ്ചും ഔദ്യോഗിക വില വെളിപ്പെടുത്തലും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. മാരുതി ജിംനി എസ്‌യുവി മഹീന്ദ്ര ഥാറിന് നേരിട്ടുള്ള ഒരു എതിരാളിയായിരിക്കും എന്ന് നിസംശയം പറയാം.

ഫൈവ് ഡോർ മോഡലായതിനാൽ, വളരെ ജനപ്രിയമായ മഹീന്ദ്ര എസ്‌യുവിയെ മാരുതി മോഡൽ പിൻതള്ളാനും സാധ്യതയുണ്ട്. എന്നിരുന്നാലും, ഇത് പ്രധാനമായി വിലനിർണ്ണയത്തെ ആശ്രയിച്ചിരിക്കും. നിലവിൽ 10 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ ബ്രാക്കറ്റിലാവും എക്സ്-ഷോറൂം വില എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മത്സരം കൂടുതൽ കടുപ്പിക്കാൻ ഥാറിന്റെ ഫൈവ് ഡോർ പതിപ്പിൽ മഹീന്ദ്രയും പ്രവർത്തിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ ജിംനിയുടെ ലോഞ്ചിന് ശേഷം സെഗ്മെന്റിൽ ആകെ പൊടി പൂരമായിരിക്കും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications