i20 N -ലൈനിന്റെ ചീട്ടു കീറാൻ ആൾട്രോസ് റേസർ; ബജറ്റ് ഹോട്ട് ഹാച്ച് സെഗ്മെന്റിൽ ഇനി തീ പാറും
നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയുടെ വൻതോതിൽ അപ്‌ഡേറ്റ് ചെയ്‌ത ഏറ്റവും പുതിയ പതിപ്പുകൾ ടാറ്റ മോട്ടോർസിനായി തലക്കെട്ടുകൾ സൃഷ്‌ടിക്കുമ്പോൾ, ആൾട്രോസ് ഹാച്ച്‌ബാക്ക് ഇക്കാര്യത്തിൽ പിന്നിലാണ് എന്ന് പലർക്കും തോന്നാം. എന്നിരുന്നാലും, കാര്യങ്ങൾ അങ്ങനെയല്ല, ടാറ്റ മോട്ടോർസ് പ്രീമിയം ഹാച്ച്ബാക്കിനായി ഒരു വലിയ അപ്‌ഡേറ്റ് അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്.
2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടാറ്റ ആൾട്രോസ് റേസർ ഹോട്ട് ഹാച്ച് കൺസെപ്റ്റ് യാഥാർത്ഥ്യത്തിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. വാഹനത്തിന്റെ പ്രൊഡക്ഷൻ സ്പെക്ക് മോഡൽ ആദ്യമായി പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരിക്കുകയാണ്. ടാറ്റ ആൾട്രോസ് റേസറിന്റെ വൻതോതിൽ മറച്ചിരിക്കുന്ന ടെസ്റ്റ് മോഡലിനെയാണ് പൂനെയിലെ ടാറ്റയുടെ ഉൽപ്പാദന കേന്ദ്രത്തിന് സമീപം കണ്ടെത്തിയത്.

ചില ജനറൽ ചെക്കപ്പിനായി ടെസ്റ്റ് മ്യൂളിന്റെ ബോണറ്റ് തുറന്നിരുന്നു, അതിൽ എഞ്ചിൻ കവറിൽ കൈകൊണ്ട് "റേസർ" എന്ന് എഴുതിയിട്ടുള്ളതായും കണ്ടെത്തി. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ അവതരിപ്പിച്ച ആൾട്രോസ് റേസറിന്റേതാണ് ടെസ്റ്റ് മോഡലാണിത് എന്ന് ഈ എഴുത്ത് സൂചിപ്പിക്കുന്നു. ഇതിനകം വിൽപ്പനയ്‌ക്കെത്തുന്ന ടാറ്റ ആൾട്രോസ് ഹാച്ച്‌ബാക്കിന്റെ കൂടുതൽ ശക്തവും പ്രീമിയവുമായ പതിപ്പായിട്ടാണ് കമ്പനി റേസറിനെ അവതരിപ്പിക്കുന്നത്.
2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടാറ്റ ആൾട്രോസ് റേസർ ഹാച്ച്‌ബാക്ക്, ആൾട്രോസിന്റെ സ്റ്റാൻഡേർഡ് പതിപ്പ് പോലെ കാണപ്പെടുന്നു, എന്നിരുന്നാലും വാഹനത്തിന്റെ ബോണറ്റ് ഒരു കോൺട്രാസ്റ്റിംഗ് ബ്ലാക്ക് ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്ന് കാണാം. റിയർവ്യൂ മിററുകൾ, റൂഫ്, ഫ്രണ്ട് ഗ്രില്ല്, 16 ഇഞ്ച് അലോയി വീലുകൾ, റിയർ ബൂട്ട് ലിഡ് ഗാർണിഷ് എന്നിവയിൽ പോലും സ്പോർട്ടി അപ്പീലിനായി ഗ്ലോസ് ബ്ലാക്ക് തീം നൽകിയിട്ടുണ്ട്.

ടാറ്റ ആൾട്രോസ് റേസർ ഹാച്ച്ബാക്കിന്റെ ക്യാബിൻ പുതിയ അപ്ഹോൾസ്റ്ററിയും ട്രിം ഗാർണിഷും ഡ്യുവൽ-ടോൺ ബ്ലാക്ക് & റെഡ് തീമോടെയാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഇത് കൂടുതൽ സ്പോർട്ടി ഫീൽ വാഗ്ദാനം ചെയ്യുന്നു. അൽട്രോസ് റേസറിൽ ഇപ്പോൾ സ്റ്റാൻഡേർഡ് ആൾട്രോസിൽ ലഭ്യമല്ലാത്ത കുറച്ച് പുതിയ ഫീച്ചറുകൾ കമ്പനി അവതരിപ്പിക്കുന്നു.
വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫുൾ TFT ഇൻസ്ട്രുമെന്റ് കൺസോൾ, ആറ് എയർബാഗുകൾ, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും എയർ പ്യൂരിഫയറും ഇവയിൽ ഉൾപ്പെടുന്നു. ആനുകാലിക വേരിയന്റ് അപ്‌ഡേറ്റുകളുടെ ഭാഗമായി കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്റ്റാൻഡേർഡ് ആൾട്രോസിലേക്ക് കമ്പനി ചേർത്തിരുന്ന സിംഗിൾ പേൻ സൺറൂഫും ഇത് പ്രദർശിപ്പിച്ചിരുന്നു.

സ്റ്റാൻഡേർഡ് ആൾട്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ ആൾട്രോസ് റേസറിലെ വലിയ മാറ്റം എന്നത് 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിന്റെ കൂടുതൽ ശക്തമായ ട്യൂണിംഗാണ്. ഇവിടെ ആൾട്രോസ് റേസറിൽ, എഞ്ചിൻ ടർബോചാർജ്ജ് ചെയ്ത ട്യൂണിലാണ് വരുന്നത്, ഇതിനകം തന്നെ നെക്‌സോണിന്റെ പെട്രോൾ വേരിയന്റുകളെ ശക്തിപ്പെടുത്തുന്ന യൂണിറ്റാണിത്.
ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആൾട്രോസ് റേസറിലെ എഞ്ചിൻ 120 PS മാക്സ് പവറും 170 Nm പീക്ക് torque ഉം പുറപ്പെടുവിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളും ഫീച്ചറുകളും ഉപയോഗിച്ച്, ടാറ്റ ആൾട്രോസ് റേസർ നേരിട്ട് ലക്ഷ്യമിടുന്നത് നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏക ബജറ്റ് ഹോട്ട് ഹാച്ച്ബാക്കായ ഹ്യുണ്ടായി i20 N-ലൈനിനെയാണ് എന്ന് നിസംശയം പറയാം.

എന്നാൽ ആൾട്രോസ് റേസറിന് ഒപ്പം തന്നെയോ അതോ അതിന് മുന്നോടിയായോ ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ പഞ്ച് ഇവി, ഹാരിയർ ഇവി, ഹാരിയർ & സഫാരി ടർബ്ബോ പെട്രോൾ മോഡലുകൾ എന്നിവയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2023 ഓട്ടോ എക്സ്പോ മുതൽ നാളിതുവരെ പ്രാദേശിക വാഹന ഭീമൻ ഒന്നിനു പിറകെ ഒന്നായി പല അപ്പ്ഡേറ്റുകളും പുത്തൻ പതിപ്പുകളും അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications








