പോളോ ഇല്ലെന്ന നിരാശ മായ്ക്കാം; പറ്റിയ പകരക്കാരന്‍ ഇവിടെയുണ്ട്
2010-ലാണ് ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യക്കാരുടെ ഇഷ്ടവും പ്രശംസയും ഏറ്റുവാങ്ങിയ പോളോ 12 വര്‍ഷങ്ങള്‍ക്ക് ശേഷം വിടവാങ്ങി. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിയ ഫോക്‌സ്‌വാഗണിന്റെ PQ25 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെട്ട പോളോ പെര്‍ഫോമന്‍സ്, ഹാന്‍ഡ്‌ലിംഗ്, ബില്‍ഡ് ക്വാളിറ്റി എന്നിവയുടെ കാര്യത്തില്‍ രാജ്യത്ത് പുതിയ നിര്‍വചനം എഴുതിച്ചേര്‍ത്തു.
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ രാജ്യത്തെ ആദ്യത്തെ കാറായിരുന്നു പോളോ. വിപണിയിലെത്തിയതിന് ശേഷം ആദ്യത്തെ അഞ്ച് വര്‍ഷം സ്ഥിരമായി പ്രതിമാസം 2500 മുതല്‍ 3000 യൂണിറ്റുകള്‍ വരെ വിറ്റഴിച്ച് പോളോ ഹിറ്റടിച്ചു. 2015-ന് ശേഷം ആളുകള്‍ പെര്‍ഫോമന്‍സിനേക്കാളുപരി ഫീച്ചറുകള്‍ക്ക് പ്രാധാന്യം കല്‍പ്പിച്ച് തുടങ്ങിയതോടെ പോളോയുടെയും പോപ്പുലാരിറ്റിക്ക് ഇടിവ് നേരിട്ടു. സബ്4 മീറ്റര്‍ വിഭാഗത്തില്‍ രാജ്യത്തെ നികുതി നയങ്ങളും പോളോയുടെ വിടവാങ്ങലിന് ഒരു കാരണമായി.

എങ്കിലും നിര്‍ത്തലാക്കിയ കാര്‍ അതിന്റെ ചടുലമായ ഡ്രൈവിംഗ് ഡൈനാമിക്സും ടര്‍ബോ-സ്ട്രാറ്റിഫൈഡ് എഞ്ചിനുകളും ഉപയോഗിച്ച് ഇന്ത്യന്‍ കാര്‍ പ്രേമികളുടെ നെഞ്ചില്‍ കയറി കുടിയിരുന്നിരുന്നു. അതുകൊണ്ടാണ് ഇന്നും യൂസ്ഡ് കാര്‍ വിപണിയില്‍ പോളോ ചൂടപ്പം പോലെ വിറ്റുപോകുന്നത്. പോളോ പോയതോടെ എല്ലാ ഫീച്ചറുകകളും സുരക്ഷയുമുള്ള ഒരു ഹോട്ട് ഹാച്ച്ബാക്ക് തേടുകയാണോ നിങ്ങള്‍?. അല്ലെങ്കില്‍ പോളോയില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ പറ്റിയ ഒരു പകരക്കാരനെ കണ്ടെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ടാറ്റ ആള്‍ട്രോസ് റേസറിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലാണ് ടാറ്റ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ പുതിയ ആവര്‍ത്തനം പ്രദര്‍ശിപ്പിച്ചത്. പെര്‍ഫോമന്‍സ് കാര്‍പ്രേമികളെ ഉദ്ദേശിച്ചാണ് ടാറ്റ ആള്‍ട്രോസിന്റെ ഈ പുതിയ പതിപ്പ് കൊണ്ടുവരുന്നത്. ഹാച്ച്ബാക്കിന്റെ ബോഡി സ്റ്റൈലിങ്ങില്‍ മാറ്റങ്ങളൊന്നും ടാറ്റ വരുത്തിയിട്ടില്ല. എങ്കിലും മെക്കാനിക്കലായും അകത്തളത്തിലും നിരവധി നവീകരണങ്ങള്‍ നടത്തിയതായി നമുക്ക് കാണാം. ആദ്യം പ്രീമിയം ഹാച്ച്ബാക്കിന്റെ എക്‌സ്റ്റീരിയറിലുള്ള മാറ്റങ്ങള്‍ നോക്കാം.

ആള്‍ട്രോസ് റേസര്‍ എഡിഷന് എക്‌സ്റ്റീരിയറില്‍ കോസ്‌മെറ്റിക്കായ ചില മാറ്റങ്ങള്‍ ടാറ്റ വരുത്തിയിട്ടുണ്ട്. ബ്ലാക്ക് അലോയ് വീലുകളോടൊപ്പം ബ്ലാക്ക്ഡ് ഔട്ട് ഡ്യുവല്‍ ടോണ്‍ ട്രീറ്റ്മെന്റാണ് എക്‌സ്റ്റീരിയറിന് ലഭിക്കുന്നത്. ബോണറ്റില്‍ നിന്ന് റൂഫിലേക്ക് നീളുന്ന വെള്ള വരയാണ് കാറിന് സ്പോര്‍ട്ടിയര്‍ ലുക്ക് നല്‍കുന്നത്. കൂടാതെ കാറിന് മികച്ച രീതിയില്‍ അണിയിച്ചൊരുക്കിയ റിയര്‍ സ്‌പോയിലര്‍ ലഭിക്കുന്നു. ഒപ്പം വിന്‍ഡോ ലൈനിലും ബൂട്ട് ലിഡിലും ബ്ലാക്ക് എലമെന്റ്‌സും നല്‍കിയിരിക്കുന്നു.
പുറത്തെ ഈ മാറ്റങ്ങള്‍ കാറിന്റെ സ്‌പോര്‍ട്ടിയര്‍ ലുക്ക് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. സ്‌പോര്‍ട്ടിയര്‍ നേച്ചര്‍ നിലനിര്‍ത്താന്‍ അകത്തളത്തിലും കറുപ്പും ചുവപ്പും ചാലിച്ചൊരുക്കിയിട്ടുണ്ട്. ഒപ്പം തന്നെ ഫീച്ചര്‍ പട്ടികയും പതുക്കിയിട്ടുണ്ട്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 6 എയര്‍ബാഗുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, പുതിയ 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ ഫീച്ചര്‍ ലിസ്റ്റ് ഇപ്പോള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ ഇന്ന് വളരെ പോപ്പുലറായ ഫീച്ചറുകളില്‍ ഒന്നായ സണ്‍റൂഫും ഇതിന് ലഭിക്കുന്നു. മുമ്പ് സെഗ്‌മെന്റില്‍ ഹ്യുണ്ടായി i20 യില്‍ മാത്രമായിരുന്നു ഇത് ഓഫര്‍ ചെയ്തിരുന്നത്. കാറിന്റെ സ്‌പെസിഫിക്കേഷനുകള്‍ നോക്കിയാല്‍ ചില ആവേശകരമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെടും. നെക്സോണില്‍ നിന്ന് കടമെടുത്ത 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആണത്. 118 bhp പവറും 170 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ കൂടുതല്‍ കരുത്തും വേഗതയുമുള്ള കാറാക്കി ഹാച്ചിനെ മാറ്റും.
6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമാകും ഇത് ലഭ്യമാകുക. ഡ്രൈവര്‍ കാര്‍ അനുഭവം പര്‍ണമാക്കുന്നതിനായിട്ടാണ് ഇത്തരമൊരു നീക്കം. ആള്‍ട്രോസ് റേസര്‍ എന്ന് വിപണിയില്‍ എത്തുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഏതായാലും നിരത്തുകളിലെത്തിക്കഴിഞ്ഞാല്‍ ഇന്ത്യക്കാരുടെ സ്വന്തം ഹോട്ട് ഹാച്ച് എന്ന പദവി ഇത് നേടിയെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പുത്തന്‍ പെര്‍ഫോമന്‍സ് ഓറിയന്റഡ് കാറിന് ടാറ്റ മോട്ടോര്‍സ് 9 മുതല്‍ 10 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയില്‍ നിന്നുള്ള പുത്തന്‍ കാര്‍ പോളോ പ്രേമികളുടെ നിരാശ മായ്ക്കുമോ?. നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications