i20 N -ലൈനിന്റെ ചിറകൊടിക്കാൻ നെക്സോണിന്റെ എഞ്ചിനുമായി ആൾട്രോസ് റേസർ; ടാറ്റ ഹോട്ട് ഹാച്ച് 2024 -ലെത്തും
ടാറ്റ മോട്ടോർസ് കർവ്വ്, ഹാരിയർ ഇവി എന്നിവ ഉൾപ്പെടെ ഒന്നിലധികം പുതിയ കാറുകൾ വിപണിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ്, അവ 2024 -ൽ കമ്പനി അവതരിപ്പിക്കും. കൂടാതെ പഞ്ച്, ആൾട്രോസ് എന്നിവയുൾപ്പെടെ നിലവിലുള്ള മോഡലുകളുടെ പുതുക്കിയ പതിപ്പുകളും സ്പെഷ്യൽ എഡിഷനുകളും കമ്പനി പുറത്തിറക്കും.
ചില മാറ്റങ്ങളോടെ ടാറ്റ പഞ്ച് ഇവിയും താമസിയാതെ നിർമ്മാതാക്കൾ അവതരിപ്പിക്കും. തുടർന്ന് ഇതിന്റെ ICE പതിപ്പിനും സമാനമായ അപ്‌ഡേറ്റുകൾ ടാറ്റ വരുത്തും. നിലവിൽ ഇന്ത്യൻ വിപണിയിൽ നിലകൊള്ളുന്ന എസ്‌യുവി ട്രെൻഡിന് അനുസൃതമായി ടാറ്റയും മൈക്രോ മുതൽ ഏഴ് സീറ്റർ എസ്‌യുവി വരെയുള്ള സെഗ്മെന്റുകളിൽ പ്രവർത്തിക്കുന്നു.

എന്നാൽ പെർഫോമെൻസിനും ഫൺ ടു ഡ്രൈവ് എക്സ്പീരിയൻസിനും ഊന്നൽ കൊടുത്തിരുന്നു ഹോട്ട് ഹാച്ച് വിഭാഗത്തിലേക്കും ടാറ്റ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ പുതിയ ആൾട്രോസ് റേസർ എഡിഷൻ എന്ന ഹോട്ട് ഹാച്ച് കൺസെപ്റ്റ് ആഭ്യന്തര വാഹന നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു.
ടാറ്റ ആൾട്രോസ് റേസർ എഡിഷൻ ഇതിനകം തന്നെ നിരവധി തവണ ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിനിടയിൽ ക്യാമറയിൽ പെട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, 2024 -ൽ സ്‌പെഷ്യൽ എഡിഷൻ മോഡലിനെ കമ്പനിമ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കൂടുതൽ ശക്തമായ പെട്രോൾ എഞ്ചിൻ, പുതിയ ഫീച്ചറുകൾ, കോസ്‌മെറ്റിക് ഡിസൈൻ അപ്‌ഗ്രേഡുകൾ എന്നിവയോടെയാണ് പുതുക്കിയ മോഡൽ വരുന്നത്. അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ മോഡൽ കൂടിയാകും ഇത് എന്നതും ശ്രദ്ധേയമാണ്.

പുതിയ നെക്‌സണിലും ഹാരിയറിലും നമ്മൾ ഇതിനകം കണ്ടിട്ടുള്ള വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റുമായാണ് ടാറ്റ ആൾട്രോസ് റേസർ എഡിഷൻ വരുന്നത്. 7.0 ഇഞ്ച് TFT ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആറ് എയർബാഗുകൾ, ഷാർക്ക് ഫിൻ ആന്റിന, റിയർ എയർ കണ്ടീഷൻ വെന്റുകൾ, വോയ്‌സ് ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ് എന്നിവ സ്പോർട്ടിയർ ഹാച്ച്ബാക്കിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.
സ്റ്റാൻഡേർഡായി ആറ് എയർബാഗുകളുമായിട്ടാണ് ഹാച്ച്ബാക്ക് വരുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, ആൾട്രോസ് റേസർ വെന്റിലേറ്റഡ് സീറ്റുകൾ, റെഡ് & വൈറ്റ് റേസിംഗ് സ്ട്രൈപ്പുകളുള്ള ലെതറെറ്റ് സീറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റേസർ ബാഡ്ജിംഗ് എന്നിവയുമായാണ് വരുന്നത്. അതോടൊപ്പം 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളും ഇതിലുണ്ടാകും.

സ്പോർട്ടിയർ ഹാച്ച്ബാക്കിൽ കൂടുതൽ ശക്തമായ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ മോട്ടോർസ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് നെക്സോൺ പെട്രോളിലും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 5500 rpm -ൽ 120 PS മാക്സ് പവറും 1750 rpm -നും 4000 rpm -നും ഇടയിൽ 170 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് വഴിയാണ് ഫ്രണ്ട് വീലുകളിലേക്ക് പവർ അയക്കപ്പെടുന്നത്.
118 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ യൂണിറ്റുമായി വരുന്ന ഹ്യുണ്ടായി i20 N ലൈനുമായി ടാറ്റ ആൾട്രോസ് റേസർ എഡിഷൻ നേരിട്ട് മത്സരിക്കും. ഹ്യുണ്ടായി i20 N ലൈനിന്റെ ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് -സ്പീഡ് iMT, ഏഴ് -സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications








