നെക്‌സോണില്‍ കണ്ടത് സാമ്പിള്‍ വെടിക്കെട്ട്; തൃശൂര്‍ പൂരമൊരുക്കാന്‍ 'ടാറ്റ അസുറ' വരുന്നു
വാഹന വിപണിയില്‍ സമീപകാലത്തായി വലിയ മുന്നേറ്റമാണ് ടാറ്റ മോട്ടോര്‍സ് നടത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള എസ്‌യുവികളില്‍ ഒന്നായ നെക്‌സോണിന്റെയും അതിന്റെ ഇലക്ട്രിക് ആവര്‍ത്തനത്തിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കാന്‍ പോകുകയാണ് ടാറ്റ. അതിനിടെ ടാറ്റ പുതുതായി ഒരു പേരുകൂടി ട്രേഡ്മാര്‍ക്ക് ചെയ്ത വാര്‍ത്തയാണിപ്പോള്‍ ട്രെന്‍ഡിംഗാവുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 'ഫ്രെസ്റ്റ്' എന്ന പേര് ടാറ്റ ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. ഇപ്പോള്‍ 'ടാറ്റ അസുറ' എന്ന പേര് കൂടി ട്രേഡ്മാര്‍ക്ക് ചെയ്ത വിവരങ്ങളാണ് പുറത്ത് വരുന്നത്. ഏറ്റവും ആകാംക്ഷാപൂര്‍വ്വം വാഹന പ്രേമികള്‍ കാത്തിരിക്കുന്ന ടാറ്റ വാഹനമായ കര്‍വ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് ഈ പേരുകളിലൊന്ന് ലഭിക്കുമെന്നാണ് അഭ്യൂഹം.

ടാറ്റ കര്‍വ് ഇലക്ട്രിക് വെഹിക്കിള്‍ കണ്‍സെപ്റ്റ് മോഡല്‍ 2022-ലായിരുന്നു ടാറ്റ അവതരിപ്പിച്ചത്. ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ കര്‍വ് ഐസിഇ കണ്‍സെപ്റ്റും ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി. കര്‍വിന്റെ അതേ ഡിസൈന്‍ ഭാഷയില്‍ അണിയിച്ചൊരുക്കിയ നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ചിന് പിന്നാലെ വരിയിലുളള ടാറ്റ മോഡലാണ് കര്‍വ് ഇലക്ട്രിക്.
കര്‍വിന്റെ ഇലക്ട്രിക് പതിപ്പ് 2024 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിരത്തുകളില്‍ എത്തുമെന്ന് ടാറ്റ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷമായിരിക്കും ഇതിന്റെ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പിന്റെ അരങ്ങേറ്റം. ടാറ്റ അസുറ എന്ന് പേരിടാന്‍ സാധ്യതയുള്ള പ്രൊഡക്ഷന്‍-റെഡി ടാറ്റ കര്‍വ് കണ്‍സെപ്റ്റ് മോഡലിന്റെ അതേ ഡിസൈന്‍ ഫിലോസഫി പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ നെക്‌സോണില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ ഡിസൈനില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തും.

ബി-പില്ലറിന് അപ്പുറത്തുള്ള സൈഡ് പ്രൊഫൈലിന് പൂര്‍ണ്ണമായും പുതിയ എസ്‌യുവി കൂപ്പെ ഡിസൈന്‍ ലഭിക്കും. ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, ഷോള്‍ഡര്‍ ലൈന്‍, ബോഡി ക്ലാഡിംഗ്, പിന്നിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന ചരിഞ്ഞ റൂഫ്‌ലൈന്‍ എന്നിവ ഇതില്‍ കാണാന്‍ പറ്റിയോക്കും. ടാറ്റ അസുറയുടെ ഇന്റീരിയര്‍ നെക്സോണിന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും, വ്യത്യസ്തതക്കായി ടെക്‌സ്ചറുകളിലും നിറത്തിലുംചില മാറ്റങ്ങള്‍ ഉണ്ടാകും. തങ്ങളുടെ മോഡല്‍ നിരയില്‍ നെക്സോണിന് മുകളില്‍ സ്ഥാനം പിടിക്കുന്നതിനാല്‍ ഫീച്ചര്‍ പട്ടികയുടെ കാര്യത്തിലും അത് പ്രകടമായിരിക്കാൻ ടാറ്റ മോട്ടോർസ് ശ്രദ്ധിക്കും. ആങ്കുലാര്‍ എലമെന്റുകളുള്ള 3 ലെയര്‍ ഡാഷ്ബോര്‍ഡ് ഡിസൈന്‍ അകത്തളത്തില്‍ നിലനിര്‍ത്താൻ സാധ്യതയുണ്ട്.
അസുറ എസ്‌യുവിയുടെ ക്യാബിനുള്ളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമുള്ള ഫ്രീ-സ്റ്റാന്‍ഡിംഗ് ഡ്യുവല്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, പനോരമിക് സണ്‍റൂഫ്, ഫ്‌ലോട്ടിംഗ് സെന്റര്‍ കണ്‍സോള്‍, ഒരു സെന്റര്‍ ആംറെസ്റ്റ്, മധ്യഭാഗത്ത് ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, റോട്ടറി ഗിയര്‍ സെലക്ടര്‍ എന്നിവ വരാന്‍ സാധ്യതയുണ്ട്.
ബ്രാന്‍ഡിന്റെ സിപ്ട്രോണ്‍ സാങ്കേതികവിദ്യയിലായിരിക്കും പുതിയ ടാറ്റ അസുറ ഇവി അണിയിച്ചൊരുക്കുക. 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ചാണ് ഇവിക്ക് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ബാറ്ററി സ്‌പെസിഫിക്കേഷനുകള്‍, പവര്‍, ടോര്‍ക്ക് കണക്കുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നിലവില്‍ ലഭ്യമല്ല. കര്‍വ് ഐസിഇ പതിപ്പിലേക്ക് വന്നാല്‍ ഒരു 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇതിന് കരുത്ത് പകരും.
125 bhp കരുത്തും 225 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും ടര്‍ബോ പെട്രോള്‍ എഞ്ചിന്‍. ഡീസല്‍ എഞ്ചിന്‍ 115 bhp പവറും 160 Nm ടോര്‍ക്കും നല്‍കും. പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ എഞ്ചിന്‍ E20 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതായിരിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത വര്‍ഷത്തോടെ പുതിയ കൂപ്പെ എസ്‌യുവി ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഇലക്ട്രിക് മോഡലുകള്‍ക്കൊപ്പം പുതിയ ഹാരിയര്‍, സഫാരി ഫെയ്സ്ലിഫ്റ്റ് പതിപ്പുകളിലും പ്രവര്‍ത്തിക്കുന്നു. മുന്‍നിര എസ്‌യുവികള്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. പുത്തൻ മോഡലുകളുടെ ബലത്തിൽ എസ്‌യുവി സെഗ്മെന്റിലെ വിപണി വിഹിതം ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് ടാറ്റ.


Click it and Unblock the Notifications








