ഹ്യുണ്ടായി മുതലാളിയുടെ സമാധാനം കളഞ്ഞ് ടാറ്റയുടെ പുതിയ ചുണക്കുട്ടന്‍; പരീക്ഷണയോട്ടം തകൃതി
ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ശേഷം രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കാറാണ് ടാറ്റ കര്‍വ്. മിഡ്‌സൈസ് എസ്‌യുവി ഐസിഇ, ഇലക്ട്രിക് അവതാരങ്ങളില്‍ പിറവിയെടുക്കും. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ എത്തുന്ന കര്‍വിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുകയാണ്.
ഇന്ത്യന്‍ വിപണിക്ക് അത്ര പരിചിതമല്ലാത്ത ഡിസൈനുമായി വരുന്ന കര്‍വ് എസ്‌യുവിയുടെ പുത്തന്‍ സ്‌പൈ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രങ്ങളില്‍ കൂപ്പെ എസ്‌യുവി നിര്‍മ്മാണത്തിന് തയാറായ രീതിയിലാണ് കാണപ്പെടുന്നത്. കര്‍വ് എസ്‌യുവിക്ക് ഷാര്‍പ്പും മസ്‌കുലാറുമായ ഫ്രണ്ട് ഫാസിയയാണ് ലഭിക്കുന്നത്. ഒരു ക്ലാംഷെല്‍ ബോണറ്റാണ് ഇതിന് ലഭിക്കുന്നത്. കണക്ടഡ് എല്‍ഇഡി ഡിആര്‍എല്‍ ലഭിക്കുന്ന എസ്‌യുവിടെ ഹെഡ്‌ലൈറ്റ് നെക്‌സോണില്‍ കാണപ്പെട്ട പോലെ ബമ്പറിലാണിരിക്കുന്നത്.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിനും കര്‍വിനും ഒരേ പ്ലാറ്റ്‌ഫോമാണ് അടിവരയിടുന്നത് എന്നതിനാല്‍ തന്നെ നിരവധി ഘടകങ്ങള്‍ ഇരുമോഡലുകളും പങ്കുവെക്കും. എന്നാല്‍ നെക്‌സോണില്‍ നിന്ന് വേര്‍തിരിച്ചറിയാനായി കര്‍വിന്റെ മുന്‍വശത്ത് മാറ്റങ്ങള്‍ ഉണ്ടാകും. വശങ്ങളിലേക്ക് വന്നാല്‍ ചങ്കി വീല്‍ ആര്‍ച്ചുകളുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് കര്‍വ് സഞ്ചരിക്കുക. ബി പില്ലര്‍ വരെ കര്‍വും നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റും ഏകദേശം സമമായി കാണപ്പെടുമെങ്കിലും അതിനപ്പുറം കര്‍വിന് തികച്ചും സവിശേഷമായ രൂപമാണ്.
കൂപ്പെ പോലെയുള്ള റൂഫ്ലൈന്‍ റിയര്‍ പ്രൊഫൈലിലേക്ക് തടസമില്ലാതെ ലയിക്കുന്നു. എ-പില്ലര്‍ ഘടിപ്പിച്ച ORVM-കള്‍, ഫ്‌ലഷഡ് ഡോര്‍ ഹാന്‍ഡിലുകള്‍, ഷാര്‍ക്ക്-ഫിന്‍ ആന്റിന, സീക്വന്‍ഷ്യല്‍ ഫംഗ്ഷനോടുകൂടിയ കണക്റ്റ് ചെയ്ത LED ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയ ഡിസൈന്‍ ഹൈലൈറ്റുകള്‍. ചെരിഞ്ഞ റൂഫ്‌ലൈന്‍ വരുന്നതിനാല്‍ കര്‍വിന് പിന്നില്‍ ക്വാര്‍ട്ടര്‍ ഗ്ലാസില്ല. കാറിന്റെ ടെയില്‍ ലൈറ്റുകള്‍ സ്‌പോര്‍ട്ടിയും ആകര്‍ഷകവുമാണ്.

2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പിന്റെ അതേരൂപത്തിലാണ് ടെസ്റ്റ്മ്യൂളുകള്‍ കാണപ്പെടുന്നത്. സമീപകാല ടാറ്റ മോഡലുകള്‍ക്ക് സമാനമായ ആധുനികവും ആഡംബര പൂര്‍ണവുമായ ഇന്റീരിയര്‍ കര്‍വിനും ലഭിച്ചേക്കും. വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇല്യുമിനേറ്റഡ് ലോഗോയുള്ള ട്വിന്‍ സ്പോക്ക് സ്റ്റിയറിംഗ് വീല്‍, സെലക്ട് കണ്‍ട്രോളുകള്‍ക്കായുള്ള ഫിസിക്കല്‍ സ്വിച്ചോടുകൂടിയ ടച്ച്-സെന്‍സിറ്റീവ് HVAC പാനല്‍ തുടങ്ങിയ ഫീച്ചറുകള്‍ കാറിന്റെ അകത്തളത്തില്‍ ഒരുക്കിയേക്കും.
വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, 360-ഡിഗ്രി സറൗണ്ട് ക്യാമറ, സണ്‍റൂഫ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകളും കാറില്‍ ഓഫര്‍ ചെയ്‌തേക്കും. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ നെക്‌സോണില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കടംകൊള്ളും. ഒപ്പം ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുതിയ പെട്രോള്‍ എഞ്ചിനും ഇതില്‍ സജ്ജീകരിച്ചേക്കും. നെക്‌സോണിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 115 bhp പവറും 160 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

കര്‍വിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ആദ്യമെത്തുകയെന്നാണ് പറയപ്പെടുന്നത്. നെക്സോണില്‍ ഇലക്ട്രിക് പവര്‍ട്രെയിന്‍ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് വേരിയന്റുകളില്‍ ലഭ്യമാണ്. മീഡിയം റേഞ്ച് 129 bhp പവുറും 215 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ലോംഗ് റേഞ്ച് പതിപ്പ് 142 bhp പവറും 215 Nm ടോര്‍ക്കും നല്‍കുന്നു. നെക്‌സോണ്‍ ഇവി MR ഫുള്‍ചാര്‍ജില്‍ 325 കിലോമീറ്ററും LR 465 കിലോമീറ്ററും ARAI ക്ലെയിംഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
ടാറ്റയുടെ മോഡല്‍ നിരയില്‍ നെക്സോണിനും ഹാരിയര്‍ എസ്‌യുവിക്കും ഇടയിലായിരിക്കും കര്‍വ് സ്ഥാനം പിടിക്കുക. സെഗ്മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഫോക്‌സ്‌വാഗൺ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍, സിട്രണ്‍ C3 എയര്‍ക്രോസ് എന്നിവയ്ക്കെതിരെ ഇത് മത്സരിക്കും.

ടാറ്റ മോട്ടോർസ് അടുത്തിടെ ഭാവി മോഡലുകൾക്ക് ഇടയനായി നിരവധി പേരുകള്‍ ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. അതില്‍ ഏറ്റവും അവസാനം വ്യാപാരമുദ്ര ചാര്‍ത്തിയ പേരുകളില്‍ ഒന്നാണ് ടാറ്റ അസുറ. ടാറ്റ കര്‍വ് കണ്‍സെപ്റ്റിന്റെ ഐസിഇ പ്രൊഡക്ഷന്‍ മോഡലിന് ഈ പേര് ലഭിച്ചേക്കുമെന്നാണ് ശക്തമായ അഭ്യൂഹം. അതറിയാൻ ഏതാനും ദിവസം കൂടി കാത്തിരിക്കണം.


Click it and Unblock the Notifications