ഇന്ത്യ കാത്തിരിക്കുന്ന എസ്‌യുവിക്ക് പുതിയ പേരിട്ട് ടാറ്റ? വേഗം വരുമായിരിക്കും
ഇന്ത്യയിലെ ജനപ്രിയ കാര്‍ നിര്‍മാതാക്കളില്‍ ഒന്നായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇടാന്‍ പറ്റിയ നല്ല കിടിലന്‍ പേരുകള്‍ വ്യപാര മുദ്ര ചാര്‍ത്തുന്നുണ്ട്. ടാറ്റ ഏറ്റവും ഒരുവിലായി ട്രേഡ്മാര്‍ക്ക് സ്വന്തമാക്കിയ പേരാണ് 'ഫ്രെസ്റ്റ്'. കഴിഞ്ഞ വര്‍ഷം ഈ പേരില്‍ ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചെങ്കിലും ഈ മാസമാണ് അനുവദിക്കപ്പെട്ടത്.
കര്‍വ് കൂപ്പെ എസ്‌യുവിയുടെ പ്രെഡക്ഷന്‍ പതിപ്പിന് ഈ പേര് നല്‍കിയേക്കുമെന്നാണ് വിവരം. 2022 ഏപ്രിലിലാണ് ടാറ്റ കര്‍ ഇവി കണ്‍സെപ്റ്റ് കാര്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയത്. അന്ന് ഈ കണ്‍സെപ്റ്റ് കാര്‍ വളരെയോറെ ജനശ്രദ്ധയാകര്‍ഷിച്ചു. തൊട്ടുപിന്നാലെ ഇക്കഴിഞ്ഞ ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ അരങ്ങേറിയ 2023 ഓട്ടോ എക്‌സ്‌പോയില്‍ കര്‍വ് കൂപ്പെ എസ്‌യുവിയുടെ ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ പതിപ്പ് ടാറ്റ അവതരിപ്പിക്കുകയുണ്ടായി.

ഇവി കണ്‍സെപ്റ്റ് പതിപ്പിനെ അപേക്ഷിച്ച് പ്രെഡക്ഷന്‍ റെഡി ഘട്ടത്തിലെത്തി നില്‍ക്കുന്ന രീതിയിലായിരുന്നു കര്‍വ് എത്തിയത്. ടാറ്റ കര്‍വ് കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഇവി അടുത്ത വര്‍ഷം എപ്പോഴെങ്കിലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പുതിയ പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചെത്തുന്ന കൂപ്പെ എസ്‌യുവിയുട അരങ്ങേറ്റം 2025-ലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലേക്ക് പുത്തന്‍ ബോഡി സ്‌റ്റൈലുമായിട്ടാകും ഈ കാറിന്റെ രംഗപ്രവേശം.
വന്‍ മത്സരം നടക്കുന്ന സെഗ്‌മെന്റില്‍ പുതുമ കൊണ്ട് നേട്ടം കൊയ്യാനാകും ടാറ്റയുടെ ശ്രമം. ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്ന ഫലങ്ങളില്‍ 'ഫ്രഷ്' അല്ലെങ്കില്‍ 'ഫ്രഷ്-ലുക്കിംഗ്' എന്ന അര്‍ത്ഥമാണ് ഫ്രെസ്റ്റിന് യോജിക്കുന്നതായി തോന്നുന്നത്. കര്‍വ് കണ്‍സെപ്റ്റ് കാര്‍ ഏതാണ്ട് നിര്‍മ്മാണത്തിന് തയാറാണ്. ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മിക്ക ഡിസൈന്‍ ഘടകങ്ങളും പ്രെഡക്ഷന്‍ മോഡലിലും കാണാന്‍ സാധിച്ചേക്കും. അതിനാല്‍ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലും വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും പുതുമയുള്ള എസ്‌യുവിക്ക് ടാറ്റ ഈ പേരിടാനാണ് സാധ്യത.

പ്രൊഡക്ഷന്‍-സ്‌പെക്ക് ടാറ്റ കര്‍വില്‍ ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, പുതിയ വീലുകള്‍, പുതിയ ഫ്രണ്ട് ബമ്പറുകള്‍, ഇലക്ട്രിക് പതിപ്പിനെ അപേക്ഷിച്ച് പുനര്‍രൂപകല്‍പ്പന ചെയ്ത എയര്‍ ഡാം എന്നിവ ലഭിച്ചേക്കും. ഒപ്പം ചരിഞ്ഞ റൂഫ്ലൈനും കര്‍വ്് കണ്‍സെപ്റ്റിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയും അകത്തളത്തില്‍ സജ്ജീകരിക്കാന്‍ സാധ്യതയുണ്ട്.
ടാറ്റയുടെ വരാനിരിക്കുന്ന മോഡലുകളില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിനായി ഒരു ഡിജിറ്റൈസ്ഡ് പാനല്‍ നല്‍കുമെന്ന് ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍വ് കണ്‍സെപ്റ്റിലും അത് കണ്ടേക്കാം. ടാറ്റ ഫ്രെസ്റ്റ് എന്ന പേര് കര്‍വിന്റെ ഇലക്ട്രിക്കിനോ അല്ലെങ്കില്‍ പെട്രോള്‍ മോഡലിനോ ഏതിനാണ് ലഭിക്കുകയെന്ന കാര്യം വ്യക്തമല്ല. ഏതായാലും കര്‍വ് ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റില്‍ വാഹന പ്രേമികള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്.

ടാറ്റയുടെ Gen2 പവര്‍ട്രെയിന്‍ അടിസ്ഥാനമാക്കി ഒരുക്കുന്ന ഇവിയുടെ റേഞ്ച് തന്നെയാണ് ആകര്‍ഷകമായ ഘടകം. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത് പെട്രോള്‍ മോഡലിലേക്ക് വന്നാല്‍ ഈ കൂപ്പെ എസ്‌യുവിക്ക് ടാറ്റയുടെ പുതിയ 1.2-ലിറ്റര്‍ അല്ലെങ്കില്‍ 1.5-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും തുടിപ്പേകുക. ഇന്ന് ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്കുള്ള ഡിമാന്‍ഡ് പരിഗണിച്ച് എസ്‌യുവിയുടെ സിഎന്‍ജി പതിപ്പും വന്നേക്കും.
കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇടാന്‍ വേണ്ടി ഒന്നിലധികം പേരുകള്‍ കണ്ടുവെക്കാറുണ്ട്. അവസാനം ഒന്ന് അന്തിമമാക്കും. ചിലപ്പോള്‍ കര്‍വും ഫ്രെസ്റ്റും അല്ലാത്ത ഒരു പേരായിരിക്കും ലഭിക്കുക. അതിനാല്‍ കര്‍വ് കണ്‍സെപ്റ്റിന് ഫ്രെസ്റ്റ് എന്ന പേര് ലഭിക്കുമോ എന്ന് വരുംദിവസങ്ങളില്‍ നമുക്ക് അറിയാം.


Click it and Unblock the Notifications