ഹാരിയറിന്റെയും സഫാരിയുടെയും ആ കുറവും നികത്തപ്പെടുന്നു; ടാറ്റ ഷോറൂമുകള്‍ ഇനി തിങ്ങിനിറയും
കഴിഞ്ഞ ദിവസം ടാറ്റ മോട്ടോര്‍സ് വമ്പന്‍ അപ്‌ഡേറ്റുകളുമായി എത്തിയ പുതിയ ഹാരിയര്‍, സഫാരി എസ്‌യുവികളുടെ വില പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഹാരിയറിനും സഫാരിക്കും അടുത്ത വര്‍ഷം ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന കാര്യവും കമ്പനി പ്രഖ്യാപിച്ചു.
ചൊവ്വാഴ്ചയാണ് (2023 ഒക്‌ടോബര്‍ 17) ടാറ്റ മോട്ടോര്‍സ് ഹാരിയര്‍, സഫാരി എസ്‌യുവികളുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകളുടെ വില പ്രഖ്യാപിച്ചത്. 15.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ ടാറ്റ ഹാരിയര്‍ വിപണിയില്‍ എത്തിയത്. അതേസമയം 16.19 ലക്ഷം രൂപയാണ് മുന്‍നിര മോഡലായായ സഫാരിക്ക് ടാറ്റ എക്‌സ്‌ഷോറൂം വിലയിട്ടത്. രണ്ട് എസ്‌യുവികളും ഒന്നിലധികം ട്രിം ലെവലുകളില്‍ വാഗ്ദാനം ചെയ്യുന്നുവെങ്കില്‍ ഒരൊറ്റ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലാണ് വാങ്ങാന്‍ സാധിക്കുന്നത്.

എതിരാളികള്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ടാറ്റയുടെ എസ്‌യുവി ഇരട്ടകള്‍ ഡീസലില്‍ മാത്രമായാണ് വരുന്നത്. എസ്‌യുവികളുടെ മുഖംമിനുക്കിയ പതിപ്പുകളോടൊപ്പം ടാറ്റ പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കൊണ്ടുവരുമെന്ന് ശക്തമായ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ വാഹന നിര്‍മാതാവ് പ്രദര്‍ശിപ്പിച്ച 1.5 ലിറ്റര്‍ TGDi ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും അടുത്ത് തന്നെ സഫാരിക്കും ഹാരിയറിനും തുടിപ്പേകാനെത്തുക.
ഈ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 168 bhp കരുത്തും 280 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, DCT ഗിയര്‍ബോക്‌സുമായി ജോടിയാക്കും. ടാറ്റയുടെ ഔദ്യോഗിക സ്ഥിരീകരണത്തോടെ എല്ലാ ഊഹാപോഹങ്ങളും കാറ്റില്‍ പറന്നു. 6 സ്പീഡ് മാനുവലും ഒരു ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റുമായി ജോടിയാക്കിയ അതേ 2.0-ലിറ്റര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് ഫെയ്‌സ്‌ലിഫ്റ്റഡ് ഹാരിയറിനും സഫാരിക്കും തുടിപ്പേകുന്നത്.

168 bhp കരുത്തും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഹാരിയറിനും സഫാരിക്കുമുള്ള പെട്രോള്‍ ഓപ്ഷന്‍ വന്നാല്‍ മെച്ചങ്ങള്‍ നിരവധിയാണ്. എസ്‌യുവികളുടെ പ്രാരംഭ വില കുറയാന്‍ സാധ്യതയുണ്ടെന്നതാണ് ഒന്നാമത്തെ കാര്യം. കൂടുതല്‍ വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് എത്താന്‍ ഹാരിയറിനും സഫാരിക്കും ഇതുവഴി സാധിക്കും. ഹാരിയറിന്റെയും സഫാരിയുടെയും പെട്രോള്‍ വേരിയന്റുകള്‍ക്ക് അവയുടെ ഡീസല്‍ പതിപ്പുകളെ അപേക്ഷിച്ച് ഏകദേശം ഒരു ലക്ഷം രൂപ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എതിരാളികളുള്ള പോരാട്ടം കനപ്പിക്കാന്‍ പെട്രോള്‍ എഞ്ചിന്റെ വരവ് സഹായിക്കും. കാരണം സെഗ്‌മെന്റില്‍ മികച്ച വില്‍പ്പന നേടുന്ന മഹീന്ദ്ര സ്‌കോര്‍പിയോ N, മഹീന്ദ്ര XUVUV700, എംജി ഹെക്ടര്‍, ഹ്യുണ്ടായി അല്‍കസാര്‍ എന്നീ മോഡലുകള്‍ ഡീസല്‍, പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോള്‍ കൂടി വന്നാല്‍ സഫാരിക്കും ഹാരിയറിനും വില്‍പ്പന ഉയര്‍ത്താമെന്നായിരുന്നു ചില കോണുകളില്‍ നിന്ന് വന്ന ഉപദേശം.

അടുത്ത വര്‍ഷം എസ്‌യുവികള്‍ക്ക് പെട്രോള്‍ വേരിയന്റുകള്‍ ലഭിക്കുന്നതോടെ ഇന്ത്യക്കാരുടെ ഉപഭോക്തൃ മുന്‍ഗണനയെ കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം നമുക്ക് ലഭിക്കും. ഇന്ത്യയില്‍ സമീപകാലത്തായി മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കി വരികയാണ്. ഡീസല്‍ വാഹനങ്ങളുടെ ആയുസ്സ് ഇനി എത്രകാലമെന്ന് പോലും അറിയില്ല. അതിനാല്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ ടാറ്റക്കുള്ള കച്ചിത്തുരുമ്പായി പെട്രോള്‍ വകഭേദങ്ങള്‍ മാറും.
ഡീസല്‍ എഞ്ചിനെ അപേക്ഷിച്ച് പെട്രോളിനെ പുല്‍കുന്നത് താരതമ്യേന എളുപ്പവും ചെലവ് കുറഞ്ഞതുമാണ്. അതിനാല്‍ ഭാവിയില്‍ വാഹന നിര്‍മാതാക്കളുടെയെല്ലാം രക്ഷകന്റെ റോള്‍ പെട്രോള്‍ വേരിയന്റുകള്‍ക്കായിരിക്കും. ഭാവി മുന്നില്‍ കണ്ട് ഹാരിയറിന്റെയും സഫാരിയുടെയും ഇലക്ട്രിക് പതിപ്പുകളും ടാറ്റ അണിയറയില്‍ ഒരുക്കുന്നുണ്ട്. ഏതായാലും ലോഞ്ച് ചെയ്ത ദിവസം തന്നെ ഹാരിയറിന്റെയും സഫാരിയുടെയും ക്രാഷ് ടെസ്റ്റ് ഫലങ്ങളും പുറത്തുവന്നിരുന്നു.
5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ എസ്‌യുവികള്‍ പഞ്ച്, ആള്‍ട്രോസ്, നെക്‌സോണ്‍ എന്നിവക്ക് ശേഷം സേഫ്റ്റിയില്‍ ഫുള്‍മാര്‍ക്ക് നേടുന്ന ടാറ്റ വാഹനങ്ങളായി മാറി. ആകര്‍ഷകമായ വിലയില്‍ ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലുള്ള വാഹനവും കൈനിറയെ ഫീച്ചറുകളും 5 സ്റ്റാര്‍ സേഫ്റ്റിയും ഓഫര്‍ ചെയ്യുന്ന എസ്‌യുവിക്കായി ജനങ്ങള്‍ ഇരച്ചെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








