ഇടങ്കാലിന് വിശ്രമം കൊടുക്കാം; ഹാരിയര്‍, സഫാരി ഓട്ടോമാറ്റിക്കുകളുടെ മുഴുവന്‍ വിലയും ഇതാ...
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2023 ഒക്‌ടോബര്‍ 17ന് ടാറ്റ മോട്ടോര്‍സ് ഹാരിയര്‍, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകളുടെ വില പ്രഖ്യാപിച്ചിരുന്നു. മാനുവല്‍ വേരിയന്‍ുകളുടെയും ഓട്ടോമാറ്റിക് വേരിയന്റുകളുടെ പ്രാരംഭ വിലയുമായിരുന്നു അന്ന് പ്രഖ്യാപിച്ചത്.
ഇപ്പോള്‍ തങ്ങളുടെ മുന്‍നിര എസ്‌യുവിയുടെ ശേഷിക്കുന്ന വേരിയന്റുകളുടെ വിലകള്‍ അടങ്ങുന്ന മുഴുവന്‍ വില വിവര പട്ടികയും ടാറ്റ പുറത്തുവിട്ടു. ഡാര്‍ക്ക് എഡിഷനുള്‍പ്പെടെ ഹാരിയറിന്റെയും സഫാരിയുടെയും ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില ലോഞ്ച് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. വമ്പന്‍ അപ്‌ഡേറ്റുമായി എത്തിയ എസ്‌യുവികളുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് എത്ര മുടക്കണമെന്ന് ചുവടെ പറയാം.

ആദ്യം നമുക്ക് 5 സീറ്റര്‍ എസ്‌യുവിയായ ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പുകളുടെ വില നോക്കാം. 15.49 ലക്ഷം രൂപ മുതലാണ് ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റ് മാനുവല്‍ വേരിയന്റുകളുടെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്. എസ്‌യുവിയുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പിന് 25.04 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയായി കൊടുക്കണം. 20 ലക്ഷം രൂപ മുതലാണ് ഹാരിയര്‍ ഓട്ടോമാറ്റിക് പതിപ്പുകളുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് വേരിയന്റില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വരുന്നില്ല. പ്യുവര്‍, അഡ്വഞ്ചര്‍, ഫിയര്‍ലെസ് എന്നീ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില അതാത് മാനുവല്‍ വേരിയന്റുകളേക്കാള്‍ ഏകദേശം 1.40 ലക്ഷം രൂപ കൂടുതലായിരിക്കുമെന്നാണ് ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റായ ഫിയര്‍ലെസ് ഡാര്‍ക്ക് എഡിഷന് 26.44 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. വിശദമായ വില വിവരങ്ങള്‍ താഴെ കാണുന്ന പട്ടികയില്‍ നോക്കി മനസ്സിലാക്കാം.
| ടാറ്റ ഹരിയർ AT | വില |
| Pure+ | ₹20 ലക്ഷം |
| Pure+ S | ₹21.09 ലക്ഷം |
| Pure+ S Dark | ₹21.39 ലക്ഷം |
| Adventure+ | ₹23.09 ലക്ഷം |
| Adventure+ Dark | ₹23.64 ലക്ഷം |
| Adventure+ A | ₹24.09 ലക്ഷം |
| Fearless | ₹24.39 ലക്ഷം |
| Fearless Dark | ₹24.94 ലക്ഷം |
| Fearless+ | ₹25.89 ലക്ഷം |
| Fearless+ Dark | ₹26.44 ലക്ഷം |
ഇനി നമുക്ക് ഹാരിയറിന്റെ 7 സീറ്റര്‍ സഹോദരനും ടാറ്റയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയുമായ സഫാരിയുടെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില എങ്ങനെയെന്ന് നോക്കാം. 16.19 ലക്ഷം രൂപ പ്രാരംഭ എക്സ്‌ഷോറൂം വിലക്കാണ് സഫാരി വിപണിയില്‍ എത്തിയിരിക്കുന്നത്. അകംപ്ലിഷ്ഡ് ഡാര്‍ക്ക് എഡിഷന്‍ പതിപ്പിന്റെ ടോപ്പ്-എന്‍ഡ് മാനുവല്‍ വേരിയന്റിന് 25.94 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. അതേസമയം 20.69 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് 2023 സഫാരി എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില ആരംഭിക്കുന്നത്.
എന്‍ട്രി ലെവല്‍ പ്യുവര്‍ വേരിയന്റില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓഫര്‍ ചെയ്യുന്നില്ല. പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ് ട്രിമ്മുകളിലാണ് ടാറ്റ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സോട് കൂടിയ ടോപ്-എന്‍ഡ് അക്കംപ്ലിഷ്ഡ് ഡാര്‍ക്ക് എഡിഷനായി 27.34 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. സഫാരിയുടെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വിശദമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന പട്ടിക നോക്കിയാല്‍ മനസ്സിലാകും.
| ടാറ്റ സഫാരി AT | വില |
| Pure+ | ₹20.69 ലക്ഷം |
| Pure+ S | ₹21.79 ലക്ഷം |
| Pure+ S Dark | ₹22.09 ലക്ഷം |
| Adventure+ | ₹23.89 ലക്ഷം |
| Adventure+ Dark | ₹24.44 ലക്ഷം |
| Adventure+ A | ₹24.89 ലക്ഷം |
| Accomplished | ₹25.39 ലക്ഷം |
| Accomplished Dark | ₹25.74 ലക്ഷം |
| Accomplished+ | ₹26.89 ലക്ഷം |
| Accomplished+ Dark | ₹27.24 ലക്ഷം |
| Accomplished+ 6S | ₹26.99 ലക്ഷം |
| Accomplished+ 6S Dark | ₹27.34 ലക്ഷം |
അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങളുമായി എത്തുന്ന ഹാരിയറിനും സഫാരിക്കും നാമമാത്രമായ വില വര്‍ധനവാണ് ടാറ്റ നടപ്പാക്കിയിരുന്നത്. ഇതിനൊപ്പം തന്നെ ഇരു എസ്‌യുവികളും ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും നേടിയിരുന്നു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി എസ്‌യുവി ഇരട്ടകള്‍ ഇതുവരെ ഇടിക്കൂട്ടില്‍ കയറിയില്ലെന്ന പേരുദോഷം മാറ്റി.
ആള്‍ട്രോസ്, പഞ്ച്, നെക്‌സോണ്‍ എന്നീ മോഡലുകള്‍ക്ക് ശേഷം 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടുന്ന ടാറ്റ കാറുകളാണ് ഹാരിയറും സഫാരിയും. ടാറ്റയുടെ മറ്റ് രണ്ട് മോഡലുകളായ ടിയാഗോയും ടിഗോറും 4 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. GNCAP ഇതുവരെ പരീക്ഷിച്ച ഇന്ത്യന്‍ നിര്‍മ്മിത കാറുകളിലും ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് രണ്ട് എസ്‌യുവികള്‍ നേടിയത്.

ലെവല്‍-2 ADAS സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി എന്നിവയയടക്കം നിരവധി സുരക്ഷാ ഫീച്ചറുകളാണ് ഈ എസ്‌യുവികളില്‍ വരുന്നത്. ടോപ് എന്‍ഡ് വേരിയന്റുകളില്‍ ഡ്രൈവറുടെ കാല്‍മുട്ട് സംരക്ഷിക്കാന്‍ ഒരു അധിക എയര്‍ബാഗ് ഉള്‍പ്പെടെ ഏഴ് എയര്‍ബാഗുകള്‍ വരുന്നു. കൂടുതല്‍ കര്‍ശനമായ ഗ്ലോബല്‍ NCAP-ന്റെ പുതിയ പ്രോട്ടോക്കോള്‍ പ്രകാരം പരീക്ഷിച്ച എസ്‌യുവികള്‍ ഇന്ത്യയുടെ തദ്ദേശീയ ഇടിപ്പരീക്ഷയായ ഭാരത് NCAP-ലും തിളങ്ങുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications