കുടുംബത്തോടൊപ്പം യാത്ര ചെയ്യാനൊരു കാര്‍ നോക്കുകയാണോ? കുറച്ച് ദിവസം കൂടി കാത്താല്‍ 2 കിടു ഐറ്റംസ് വരുന്നുണ്ട്
കാര്‍ വിപണി ഉത്സവ സീസണിനോടനുബന്ധിച്ച് നിരവധി ലോഞ്ചുകള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ജനപ്രിയ എസ്‌യുവിയായ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാറിന്റെ വരവ് ടാറ്റക്ക് പുതു ഊര്‍ജ്ജമേകിയിരിക്കുകയാണ്.
സമീപകാലത്തായി മാരുതി സുസുക്കിയടക്കമുള്ള കമ്പനികള്‍ പുത്തന്‍ ലോഞ്ചുകളിലൂടെ എസ്‌യുവി വിപണിയില്‍ വമ്പന്‍ മുന്നേറ്റം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ഫലമായി ടാറ്റ തങ്ങളുടെ എസ്‌യുവി നിരയാകെ ഉടച്ച് വാര്‍ക്കുകയാണ്. അതിനാല്‍ ടാറ്റയുടെ ഹാരിയര്‍ ഫെയ്സ്ലിഫ്റ്റും സഫാരി ഫെയ്സ്ലിഫ്റ്റും ഈ വര്‍ഷം അവസാനം വില്‍പ്പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

പുനര്‍രൂപകല്‍പ്പന ചെയ്ത വിപണിയില്‍ എത്തിയ നെക്‌സോണ്‍ മാര്‍ക്കറ്റില്‍ വലിയ ചലനം സൃഷ്ടിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂത്ത ചേട്ടന്‍മാരെയും എളുപ്പം കൊണ്ടുവരാനുള്ള പരിപാടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് ടാറ്റ. ടാറ്റയുടെ എസ്‌യുവി ഇരട്ടകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹാരിയറിന്റെയും സഫാരിയുടെയും മുഖംമിനുക്കിയ പതിപ്പുകളെ കുറിച്ച് ഇതിനകം ഞങ്ങള്‍ക്ക് മനസ്സിലായ കാര്യങ്ങള്‍ നോക്കാം.
സ്‌പെസിഫിക്കേഷനുകള്‍: പവര്‍ട്രെയിനില്‍ മാറ്റംവരുത്തിയാകും എസ്‌യുവികള്‍ എത്തുകയെന്ന പ്രതീക്ഷ വേണ്ടെന്നാണ് സൂചന. എഞ്ചിനുകളെ സംബന്ധിച്ചിടത്തോളം രണ്ട് കാറുകളും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട. രണ്ട് കാറുകളും തുടര്‍ന്നും 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുമായിട്ടായിരിക്കും എത്തുക. 168 bhp കരുത്തും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന ഈ എഞ്ചിനുകള്‍ മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ലാത്തതിനാലാണ് ടാറ്റ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതെന്നാണ് കരുതുന്നത്. ഇന്ത്യയിലടക്കം മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാകുന്ന സാഹചര്യത്തില്‍ ടാറ്റ ഒരു പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് പിന്നില്‍ പ്രവര്‍ത്തിച്ച് വരികയാണ്.
6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കിയേക്കും. എന്നാല്‍ പുത്തന്‍ എഞ്ചിന്‍ ഓപഷന്റെ കൂട്ടിച്ചേര്‍ക്കല്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ആയിട്ടില്ല. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഡീസല്‍ എഞ്ചിന്‍ മാത്രമാണോ വരിക അതോ പുത്തന്‍ പെട്രോള്‍ എഞ്ചിന്‍ കിട്ടുമോ എന്നറിയാന്‍ കുറച്ച് കൂടി കാത്തിരിക്കണം.
എക്സ്റ്റീരിയര്‍: എക്‌സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങളുമായിട്ടായിരിക്കും രണ്ട് എസ്‌യുവികളും വരിക. നെക്‌സോണിനെ പോലെ തന്നെ ടാറ്റ കര്‍വ് കണ്‍സെപ്റ്റില്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊട്ട് മോഡേണ്‍ ലുക്കിലായിരിക്കും മാസ്് എന്‍ട്രി. പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ ലൈറ്റ്, സ്പ്ലിറ്റ് ഹെഡ്ലൈറ്റുകള്‍, സ്ലീക്കര്‍ എല്‍ഇഡി ഡിആര്‍എല്‍ , പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍ എന്നിവയുടെ രൂപത്തില്‍ അപ്‌ഡേറ്റുകള്‍ ഉണ്ടാകും. പുത്തന്‍ അലോയി വീലുകളും ഫെയ്‌സ്‌ലിഫ്റ്റ് ഹാരിയറിനും സഫാരിക്കും ലഭിക്കും.
ഇന്റീരിയര്‍: ഈ രണ്ട് കാറുകളുടെയും അകത്തളത്തിലും പരിഷ്‌ക്കാരങ്ങള്‍ ഉണ്ടാകും. നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ച അപ്‌ഡേറ്റുകള്‍ ഹാരിയര്‍, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകള്‍ക്കും ലഭിച്ചേക്കും. ക്യാബിന് കൂടുതല്‍ മോഡേണ്‍ ലക്ഷ്വറി ലുക്ക് കൈവരാനായി ഇന്റീരിയറില്‍ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിക്കും. ടച്ച് അധിഷ്ഠിത HVAC കണ്‍ട്രോളുകള്‍, ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് ഇന്റീരിയര്‍ മികച്ച രീതിയില്‍ അലങ്കരിക്കും.
ഫീച്ചറുകള്‍: പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി ക്യാമറ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയോടൊപ്പം ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ഓട്ടോ ഹൈ ബീം അസിസ്റ്റ് എന്നിവയടങ്ങുന്ന ലെവല്‍ 2 ADAS ടെക്കും ലഭിച്ചേക്കും. നിലവില്‍ ഹാരിയറിലും സഫാരിയിലും അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളും ലെയ്ന്‍ കീപ്പ് അസിസ്റ്റും ലഭ്യമല്ല. എന്നാല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഇവ ലഭിക്കുമെന്നാണ് സൂചന.
ബില്‍ഡ് ക്വാളിറ്റിക്ക് പേരുകേട്ട ടാറ്റ കാറുകളുടെ സേഫ്റ്റിയുടെ കാര്യത്തിലും ആരും ബേജാറാകേണ്ടി വരില്ല. മഹീന്ദ്ര, ഹ്യുണ്ടായി, ടൊയോട്ട മോഡലുകളില്‍ നിന്ന് വെല്ലുവിളി കനത്ത സാഹചര്യത്തില്‍ തങ്ങളുടെ മുന്‍നിര മോഡലുകളുടെ സേഫ്റ്റിയും പക്കാ ആയിട്ടായിരിക്കും ടാറ്റ വിപണിയില്‍ എത്തിക്കുക. കാറുകള്‍ കാലോചിതമായി പരിഷ്‌കരിക്കുന്ന ടാറ്റയുടെ തന്ത്രങ്ങള്‍ ഇതുവരെ വിജയിച്ചിട്ടുണ്ട്. ജനങ്ങളില്‍ പ്രതീക്ഷ ജനിപ്പിക്കുന്ന തരത്തിലാണ് അവ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഹാരിയറിന്റെയും സഫാരിയുടെയും കാര്യത്തില്‍ അതുതന്നെ സംഭവിക്കുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








