ടാറ്റയെ തറ പറ്റിച്ചെന്ന് ഹ്യുണ്ടായി വ്യമോഹിക്കേണ്ട; കണക്ക് ചോദിക്കാൻ അപ്പ്ഡേറ്റുമായി മുൻനിര മോഡലുകൾ തയ്യാർ
2023 സെപ്റ്റംബർ വിൽപ്പനയിൽ ഹ്യുണ്ടായിക്കു മുന്നിൽ ടാറ്റയ്ക്ക് ഒന്ന് അടിപതറി എന്നത് നേരാണ്. എന്നാൽ ഈ വീഴ്ച്ചയിൽ നിന്ന് പൂർവ്വാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കുകയാണ് പ്രാദേശിക വാഹന ഭീമൻ എന്ന് പറയാം. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത നെക്‌സണിന്റെയും നെക്‌സോൺ ഇവിയുടെയും ലോഞ്ചിന് പിന്നാലെ, ടാറ്റ മോട്ടോർസ് ഇപ്പോൾ അപ്‌ഡേറ്റ് ചെയ്ത ഹാരിയറിനെയും സഫാരിയെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
മുഖം മിനുക്കിയ ടാറ്റ ഹാരിയറും സഫാരിയും ഉടൻ തന്നെ വിൽപ്പനയ്ക്ക് എത്തും. ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, 2023 ഒക്‌ടോബർ 6 -ന് ഇവയുടെ ബുക്കിംഗ് ഔദ്യോഗികമായി കമ്പനി ആരംഭിക്കും. 'ഉടൻ വരുന്നു' എന്ന് ടാറ്റയും വെളിപ്പെടുത്തിയതിനാൽ എസ്‌യുവികളുടെ ലോഞ്ച് താമസിയാതെ ഉണ്ടായിരിക്കും.

ബുക്കിംഗ് തീയതി വെളിപ്പെടുത്തിയതിനൊപ്പം, പുതിയ എസ്‌യുവികളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിന്റെ പ്രിവ്യൂ നൽകുന്ന ടീസർ വീഡിയോകളും നിർമ്മാതാക്കൾ പങ്കുവെച്ചിട്ടുണ്ട്. നാം പ്രതീക്ഷിച്ചതും സ്പൈ ചിത്രങ്ങളിൽ നിന്ന് നിരീക്ഷിച്ചതും പോലെ, 2024 ടാറ്റ ഹാരിയർ ഈ വർഷം ആദ്യം 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹാരിയർ ഇവി കൺസെപ്റ്റിൽ നിന്ന് ധാരാളം ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നു എന്ന് പറയാം.
പ്രൊഡക്ഷൻ സ്പെക്ക് ഹാരിയർ ഇവിയും അടുത്ത വർഷം എത്തുമെന്ന് പറയപ്പെടുന്നു. അതിനാൽ ഇരു മോഡലുകൾക്കും ഇടയിൽ സമാനമായ ഡിസൈൻ തീം നിലനിർത്തുന്നത് വളരെ കാര്യക്ഷമമായിരിക്കുന്ന. രൂപത്തിൽ ഒരുപോലെയുള്ള നെക്‌സോൺ ജോഡികളെ പോലെ മോഡൽ നിരയെ ഇത് കാര്യക്ഷമമാക്കും. അപ്പ്ഡറ്റഡ് ടാറ്റ ഹാരിയർ, നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് ധാരാളം ഘടകങ്ങളും എലമെന്റുകളും കടമെടുക്കും.

ഡിസൈനിനെ സംബന്ധിച്ചിടത്തോളം, 2024 ടാറ്റ ഹാരിയറിന്, വാഹനത്തിന്റെ മുഴുവൻ വീതിയും കവർ ചെയ്യുന്ന ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാറും, ലൈറ്റിംഗ് എലമെന്റുകൾ ഒന്നിനു താഴെ മറ്റൊന്നായി അടുക്കിയിരിക്കുന്ന വെർട്ടിക്കൽ ഹൗസിംഗും ഉൾക്കൊള്ളുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പും ഒരു പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയയും ലഭിക്കുന്നു. ലൈറ്റ് ബാർ ഒരു സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളായും പ്രവർത്തിക്കുന്നു. വിംഗ് മിററുകളിലും ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകളുണ്ട്.
പുതുതായി രൂപകല്പന ചെയ്ത അലോയി വീലുകൾ, പുതിയ പെയിന്റ് സ്കീമുകൾ, പുതുക്കിയ LED ടെയിൽ ലാമ്പുകൾ, ബമ്പർ എന്നിവയോടുകൂടിയ അപ്പ്ഡേറ്റ് ചെയ്ത റിയർ പ്രൊഫൈലും വാഹനത്തിലുണ്ടാവും. ഹാരിയർ, സഫാരി മോഡലുകളുടെ ഇന്റീരിയർ നെക്‌സോൺ ഡ്യുവോയിൽ നിന്ന് ഇല്യുമിനേറ്റഡ് ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ക്ലൈമറ്റ് കൺട്രോളുകൾക്കുള്ള ടച്ച് ബേസ്ഡ് നിയന്ത്രണങ്ങൾ തുടങ്ങിയ ഘടകങ്ങൾ കടമെടുക്കും.

ഒമ്പത് സ്പീക്കർ JBL ഓഡിയോ, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 360 -ഡിഗ്രി ക്യാമറ സിസ്റ്റം, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ADAS, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എയർ പ്യൂരിഫയർ, അപ്‌ഡേറ്റ് ചെയ്ത ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ എന്നിവ ഇവയുടെ എക്യുപ്മെന്റ് പട്ടികയിൽ ഉൾപ്പെടുന്നു.
പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, 170 PS മാക്സ് പവറും 350 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന പരിചിതമായ 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ നിർമ്മാതാക്കൾ മാറ്റമില്ലാതെ നിലനിർത്തും, ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കും. നവീകരിച്ച ടാറ്റ സഫാരിക്ക് അഞ്ച് സീറ്റർ സഹോദരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം വ്യത്യസ്തമായ എക്സ്റ്റീരിയർ രൂപശൈലിയുണ്ടാവും.

പുതുക്കിയ മോഡലുകളുടെ വരവോടെ വിപണി വീണ്ടും പിടിച്ചടക്കാം എന്ന പ്രതീക്ഷയിലാണ് പ്രാദേശിക വാഹന ഭീമൻ. നെക്സോൺ, നെക്സോൺ ഇവി എന്നിവയുടെ പുതുക്കിയ പതിപ്പിനൊപ്പം മുൻ നിര എസ്‌യുവികളും കൂടെ ചേർന്നാൽ സംഗതി ഉഷാറാവും എന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. അത് കൂടാതെ ഇവയ്ക്ക് പിന്നാലെ പഞ്ച് ഇവിയും നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഈ കുഞ്ഞൻ ഇവി എപ്പോൾ എത്തും എന്നതിനെക്കുറിച്ച് നിർമ്മാതാക്കൾ ഔദ്യോഗികമായി ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








