ഇലക്ട്രിക്കിലേക്ക് കടക്കും മുന്നേ മാരുതി വിയർക്കും; 15 ലക്ഷം ബജറ്റിൽ ദേ നെക്സോൺ ഇവി -വിലകൾ ഇങ്ങനെ
ഈ മാസം ആദ്യം തങ്ങളുടെ ജനപ്രിയ മോഡലായ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചതിന് ശേഷം, ടാറ്റ മോട്ടോർസ് സെപ്‌റ്റംബർ 7 -ന് അപ്‌ഡേറ്റ് ചെയ്‌ത നെക്സോൺ ഇവിയും ഇന്ത്യൻ വിപണിയിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ടാറ്റ അതത് സെഗ്‌മെന്റുകളിൽ ആധിപത്യം പുലർത്തുന്ന ഇരു എസ്‌യുവികളുടെയും വിലകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
നെക്സോൺ.ഇവി എന്ന പേരിൽ വരുന്ന അപ്പ്ഡേറ്റഡ് മോഡലിന്റെ എൻട്രി ലെവൽ MR വേരിയന്റിന് 14.74 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ്-സ്പെക്ക് LR വേരിയന്റിന് 19.94 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില ഉയരുന്നു. 2023 ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് അവതരിപ്പിച്ച കർവ്വ് കൺസെപ്‌റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ മനോഹരമായ രൂപകൽപ്പനയാണ് നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നത് എന്ന് നിസ്സംശയം പറയാം.

2020 -ന്റെ തുടക്കത്തിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ടാറ്റ നെക്‌സോൺ ഇവി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് വാഹനമാണ്, ഈ വന്നിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് വാഹനത്തിന്റെ ആദ്യത്തെ വലിയ അപ്‌ഡേറ്റാണ്. ഇവിയുടെ ഡെലിവറികൾ ഉടൻ ആരംഭിക്കും, ബുക്കിംഗുകൾ ടാറ്റയുടെ ഡീലർ ഔട്ട്‌ലെറ്റുകളിലോ ഓൺലൈനിലോ ചെയ്യാവുന്നതാണ്. വാഹനത്തിന്റെ മുഴുവൻ വീതിയും കവർ ചെയ്യുന്ന ഒരു പുതിയ എൽഇഡി ലൈറ്റ് ബാറിന്റെ സാന്നിധ്യവുമായി മൊത്തത്തിലുള്ള സ്റ്റൈലിംഗ് കൂടുതൽ ഫ്യൂച്ചറിസ്റ്റിക്കാണ്.
സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ട്രപസോയിഡൽ ഹൗസിംഗുകളും വെർട്ടിക്കൽ സ്ലാട്ടുകളുള്ള സവിശേഷമായ ലോവർ ഗ്രില്ല് സെക്ഷനും വാഹനത്തിന് ലഭിക്കുന്നു. ഒരു പ്രൊമിനന്റ് പ്ലാസ്റ്റിക് ബാർ, പുതുതായി രൂപകൽപന ചെയ്ത അലോയി വീലുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ, Y -പാറ്റേണിൽ വരുന്ന ഫുൾ വിഡ്ത്ത് LED ടെയിൽ ലാമ്പുകൾ, കാഴ്ച്ചയ്ക്ക് മറഞ്ഞിരിക്കുന്ന റിയർ വൈപ്പർ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, ഒരു പുതിയ റിയർബമ്പർ എന്നിവയാണ് ഇവിയുടെ മറ്റ് ഹൈലൈറ്റുകൾ.

കൂടുതൽ പ്രീമിയം സർഫസ് ഫിനിഷുകളും മെറ്റീരിയലുകളും, കാർബൺ ഫൈബർ പോലുള്ള ടെക്‌സ്ചറുകൾ, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ് ഫിനിഷ്, പുതിയ UI അടങ്ങുന്ന വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, കസ്റ്റമൈസ് ചെയ്യാവുന്ന 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇല്യുമിനേറ്റഡ് ലോഗോയുള്ള പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയുമായാണ് പുതിയ ക്യാബിൻ സെറ്റപ്പ് വരുന്നത്.
ICE സഹോദരങ്ങൾക്ക് സമാനമായ HVAC കൺട്രോളുകൾ, സ്ലീക്കർ HVAC വെന്റുകൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഇൻ-കാർ കണക്റ്റഡ് ടെക്നോളജി, വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, വെന്റിലേറ്റഡ് ഡ്രൈവർ & ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, എയർ പ്യൂരിഫയർ, ഫാസ്റ്റ് ചാർജിംഗ് USB ടൈപ്പ്-C പോർട്ടുകൾ, ഒമ്പത് സ്പീക്കർ JBL ഓഡിയോ, വീഡിയോ സ്ട്രീമിംഗിനായി ഒരു പുതിയ Arcade.ev ആപ്പ് സ്യൂട്ട് എന്നിവയും ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

മെച്ചപ്പെട്ട സൈഡ് പോൾ പ്രൊട്ടക്ഷനായി സ്ട്രക്ച്ചറൽ ഇംപ്രൂവ്മെന്റ്, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ത്രീ-പോയിന്റ് സീറ്റ്ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, HDC, HAC, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, എമർജൻസി കോൾ അസിസ്റ്റ് മുതലായവ വാഹനത്തിന് ലഭിക്കുന്നു. മീഡിയം റേഞ്ച് പതിപ്പ് (MR) സിംഗിൾ ചാർജിൽ 325 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്ന 30 kWh ബാറ്ററി പാക്കുമായിട്ടാണ് വരുന്നത്.
40.5 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ലോംഗ് റേഞ്ച് വേരിയന്റിന് ഒറ്റ ചാർജിൽ 465 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് ടാറ്റ അവകാശപ്പെടുന്നു. 7.2 kW എസി ചാർജർ സ്റ്റാൻഡേർഡായി ഇരു മോഡലുകളിലും ലഭ്യമാണ്, ഇത് MR -ന് 4.3 മണിക്കൂറിനുള്ളിൽ 10 മുതൽ 100 ശതമാനം വരെ ചാർജ് കൈവരിക്കാൻ സഹായിക്കുന്നു.

എന്നാൽ ഇതേ ചാർജറിൽ LR വേരിയന്റിന് ഫുൾ ചാർജിന് ആറ് മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ ഡിസി ഫാസ്റ്റ് ചാർജർ ഈ ചാർജിംഗ് സമയം 56 മിനിറ്റായി കുറയ്ക്കുന്നു. പുതിയ നെക്സോൺ ഇവിക്ക് വെഹിക്കിൾ ടു ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) കഴിവുകൾ ഉണ്ട്.
പുതിയ പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ ഭാരം കുറഞ്ഞതും കൂടുതൽ ഇന്ധനക്ഷമതയുള്ളതുമാണ് എന്ന് കമ്പനി വ്യക്തമാക്കുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ കാര്യക്ഷമതയും 10 മുതൽ 15 ശതമാനം വരെ ടാറ്റ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് മോട്ടോറിന്റെ torque ഔട്ട്പുട്ടുകൾ MR -ൽ 30 Nm ഉം LR -പതിപ്പിൽ 38 Nm ഉം ആണ്.


Click it and Unblock the Notifications








