ഇവി വാങ്ങിക്കൂട്ടുന്നതില്‍ നഗരങ്ങളോട് മത്സരിച്ച് ഗ്രാമങ്ങള്‍! ടാറ്റയുടെ ആശ്ചര്യപ്പെടുത്തുന്ന കണക്കുകള്‍
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാസഞ്ചര്‍ ഇലക്ട്രിക് കാറുകള്‍ വിറ്റഴിക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോര്‍സ് (Tata Motors). മൂന്ന് മോഡലുകള്‍ മാത്രമാണ് ടാറ്റ വില്‍പ്പനക്കെത്തിക്കുന്നതെങ്കിലും ഇവി സ്‌പെയ്‌സിന്റെ 70 ശതമാനത്തിലധികം ടാറ്റയുടെ കൈയ്യിലാണ്. ഇന്ത്യയില്‍ ഇതിനകം ഒരു ലക്ഷത്തിലേറെ ഇവികള്‍ ടാറ്റ വിറ്റിട്ടുണ്ട്.
അടുത്തിടെ നടന്ന ഒരു ഇന്റേണല്‍ ഇവന്റില്‍ ടാറ്റ മോട്ടോര്‍സ് ഇവി ഉടമകളെ കുറിച്ചും അവരുടെ ഉപയോഗ രീതികളെയും കേന്ദ്രീകരിച്ചുള്ള രസകരമായ ചില വിവരങ്ങള്‍ പങ്കിട്ടു. മുകളില്‍ സൂചിപ്പിച്ച പോലെ കമ്പനി ഇതിനകം വില്‍പ്പന നടത്തിയ ഒരു ലക്ഷത്തിലധികം ഇവികളില്‍ നിന്നായിരുന്നു വിവിര ശേഖരണം നടത്തിയത്. താരതമ്യേന വലിയ സാമ്പിള്‍ സൈസിനെ അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെത്തലുകള്‍.

ടാറ്റ മോട്ടോഴ്സിന്റെ ഇവി വിപണി വിഹിതം പരിഗണിക്കുമ്പോള്‍ അവരുടെ കണ്ടെത്തലുകള്‍ നിലവിലെ ഇലക്ട്രിക് വാഹന വിപണിയെ ഏറെക്കുറെ പ്രതിനിധീകരിക്കുന്നുവെന്ന് പറയാന്‍ സാധിക്കും. ഇവിയെ കുറിച്ചുള്ള ഉത്കണ്ഠയും പേടിയുമെല്ലാം ജനങ്ങളില്‍ മാറിവരുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ആദ്യത്തെ കണ്ടെത്തല്‍. ടാറ്റ ഇവി ഉടമകളില്‍ 23 ശതമാനം പേരും ആദ്യമായി കാര്‍ വാങ്ങുന്നവരാണെന്നാണ് കണക്ക്.
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഇന്നും നിരവധി പേര്‍ മടിച്ചുനില്‍ക്കുമ്പോള്‍ ഈ ഒരു വസ്തുത ശ്രദ്ധേയമാണ്. 'ഇത് കാണുന്നത് വളരെ സന്തോഷകരമാണ്. ഇത്രയധികം ഇവി ഉടമകള്‍ ആദ്യമായി കാര്‍ വാങ്ങുന്നവരായതിനാല്‍ ഇവി ഉടമസ്ഥതയെക്കുറിച്ചുള്ള ഭയവും സംശയങ്ങളും പെട്ടെന്ന് അപ്രത്യക്ഷമാകുന്നു' ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.

ഇന്ന് പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഉള്ളവരും രണ്ടാമത്തെ കാറായി ഇവി വാങ്ങുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. രസകരമെന്നു പറയട്ടെ ഇവി ഉടമകളില്‍ 75 ശതമാനവും തങ്ങളുടെ പ്രാഥമിക കാറായി ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് ടാറ്റ കണ്ടെത്തിയത്. രാജ്യത്തെ വലിയ നഗരങ്ങളില്‍ ഇവികള്‍ക്ക് വലിയ പ്രചാരമുണ്ട്. എന്നാല്‍ ടാറ്റയുടെ ഇവി വില്‍പ്പനയുടെ പകുതിയും ചെറുപട്ടണങ്ങളില്‍ നിന്നും ഗ്രാമീണ മേഖലയില്‍ നിന്നുമാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ടാറ്റ മോട്ടോര്‍സിന്റെ ഇവി വില്‍പ്പനയുടെ 50 ശതമാനവും ടോപ് 20 നഗരങ്ങള്‍ക്ക് പുറത്ത് നിന്നാണ് വരുന്നത്. ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ കുറവ്, വോള്‍ട്ടേജ് കുറവ്, പവര്‍ കട്ടുകള്‍ എന്നിങ്ങനെ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് നിരവധി പരാതികള്‍ ഉയരുന്നതായി കമ്പനി തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, രാത്രിസമയത്ത് കാര്‍ വീട്ടില്‍ തന്നെ ചാര്‍ജിംഗിലിട്ടാണ് റൂറല്‍ മേഖലയിലുളള ഇവി ഉടമകള്‍ ഈ വെല്ലുവിളികളെ മറികടക്കുന്നത്.

93 ശതമാനം ഇവി ഉടമകളും വൈകുന്നേരം 6-11 മണിക്കിടയിലുള്ള സമയം വീട്ടില്‍ വെച്ചേ ഓഫീസില്‍ വെച്ചോ ഇവികള്‍ ചാര്‍ജ് ചെയ്യുന്നയതായി ടാറ്റ ശേഖരിച്ച കണക്കുകള്‍ പറയുന്നത്. ഡ്രൈവിംഗ്, ചാര്‍ജിംഗ് പാറ്റേണുകള്‍, ദീര്‍ഘദൂര റൂട്ടുകള്‍, പതിവ് ചാര്‍ജിംഗ് പോയിന്റുകള്‍ തുടങ്ങി 1.4 ബില്യണ്‍ കിലോമീറ്റര്‍ ഇവി യൂസേജ് ഡേറ്റ ഇപ്പോള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ടാറ്റ അവകാശപ്പെടുന്നു.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പരിഷ്‌കരിക്കാനും ട്യൂണ്‍ ചെയ്യാനും ഈ ഡേറ്റ കമ്പനിക്ക് തന്നെ ഉപകരിക്കും. ടാറ്റ ഇവികള്‍ രാജ്യത്തെ സ്ത്രീജനങ്ങളുടെ പുതിയ ക്രഷ് എന്ന് വേണമെങ്കില്‍ പറയാം. കാരണം ടാറ്റ മോട്ടോര്‍സ് വിറ്റ ഇവികളില്‍ 24 ശതമാനം വാങ്ങിക്കൂട്ടിയത് സ്ത്രീകളാണ്. ഇന്‍ഡസ്ട്രി ആവറേജിന്റെ ഇരട്ടിയോളം വരും ഈ കണക്കെന്നാണ് ടാറ്റ പറയുന്നത്.
സ്ത്രീകള്‍ക്ക് ഇവികളുടെ നേട്ടങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ പുതിയ സാങ്കേതികവിദ്യയെ എളുപ്പത്തില്‍ പുല്‍കുകയും ചെയ്യുന്നത് നല്ലതാണെന്ന് ശൈലേഷ് ചന്ദ്ര പറഞ്ഞു. ഓട്ടത്തിന്റെ കാര്യത്തിലായാലും ഇവികള്‍ ഐസി എഞ്ചിന്‍ കാറുകളെ കവച്ചുവെക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവികള്‍ ശരാശരി മാസത്തിലെ 26 ദിവസവും ഓടുന്നതായാണ് ഓണ്‍-ബോര്‍ഡ് കണക്റ്റിവിറ്റി സ്യൂട്ടില്‍ നിന്നുള്ള ഡേറ്റ കാണിക്കുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ 23 ശതമാനം കൂടുതലാണിത്.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രതിമാസ ശരാശരി 1,400 കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. ഐസിഇ വാഹനത്തേക്കാള്‍ 10 ശതമാനം കൂടുതലാണിത്. ജനങ്ങള്‍ക്ക് ഇവിയെടുക്കാനുള്ള പേടി മാറിവരുന്നുവെന്നും ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള്‍ അവര്‍ മറ്റ് രീതികളിലൂടെ മറികടക്കുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അടുത്ത കാലത്ത് ഇവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണോ നിങ്ങള്‍?. ആണെങ്കില്‍ ടാറ്റ നല്‍കുന്ന കണക്കുകള്‍ ഇവി വാങ്ങാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടോ?. ഉത്തരം ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








