ടാറ്റയും ഊബറും കൈകോര്‍ത്തു; ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പായാന്‍ 25,000 എക്‌സ്പ്രസ് ടി ഇവികള്‍
ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ രംഗത്തെ അതികായന്‍മാരായ ടാറ്റ മോട്ടോര്‍സും ഓണ്‍ലൈന്‍ ക്യാബ് സര്‍വീസ് കമ്പനിയായ ഊബറും തമ്മില്‍ കൈകോര്‍ത്തു. ഊബറിന്റെ റൈഡ് ഹെയ്‌ലിംഗ് സര്‍വീസിലേക്ക് 25,000 എക്‌സ്പ്രസ് ടി ഇവികള്‍ ഉള്‍പ്പെടുത്താനായി കരാര്‍ ഒപ്പിട്ടതായി ടാറ്റ മോട്ടോര്‍സ് തിങ്കളാഴ്ച അറിയിച്ചു.
എക്‌സ്പ്രസ് ടി ഇവി പതിപ്പുകളാണ് ഊബറിന്റെ വാഹന വ്യൂഹത്തില്‍ അണിനിരക്കാന്‍ പോകുന്നത്. ഇവ ഡല്‍ഹി രാജ്യ തലസ്ഥാന മേഖല, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലെ ഉബര്‍ സര്‍വീസുകളില്‍ അണിചേരും. ഘട്ടംഘട്ടമായിട്ടായിരിക്കും ഡെലിവറി. ഇവികളുടെ ഡെലിവറികള്‍ ഈ മാസം തന്നെ ആരംഭിക്കും.
രാജ്യത്തെ ഒരു കാര്‍ നിര്‍മ്മാതാവും റൈഡ് ഷെയറിംഗ് പ്ലാറ്റ്ഫോമും തമ്മിലുള്ള ഇതുവരെയുള്ള ഏറ്റവും വലിയ പങ്കാളിത്തമാണ് ഇതോടെ സാധ്യമായിരിക്കുന്നത്.

സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ നീക്കം പ്ലാറ്റ്‌ഫോമില്‍ സീറോ എമിഷനിലേക്കുള്ള പരിവര്‍ത്തനം സൂപ്പര്‍ചാര്‍ജ് ചെയ്യുമെന്ന് കമ്പനി വിശ്വസിക്കുന്നതായി ഊബര്‍ ഇന്ത്യ, സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിംഗ് പറഞ്ഞു. 'മാറ്റത്തിന് നേതൃത്വം നല്‍കുന്ന വ്യവസായിക പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിനുള്ള തടസങ്ങള്‍ കുറയ്ക്കുന്നതിന് ഞങ്ങളാല്‍ സാധിക്കുന്ന പങ്ക് ചെയ്യാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്' -ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ്, ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.
ധാരണാപത്രം ഒപ്പുവെക്കുന്ന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'രാജ്യത്ത് സുസ്ഥിര മൊബിലിറ്റി വളര്‍ത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഇന്ത്യയിലെ പ്രമുഖ റൈഡ് ഷെയറിംഗ് പ്ലാറ്റ്ഫോമായ ഊബറുമായി പങ്കാളിയാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഊബറിന്റെ പ്രീമിയം കാറ്റഗറി സേവനം വഴി ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ പരിസ്ഥിതി സൗഹൃദ ഇവി റൈഡ് അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ഈ മുന്നേറ്റത്തിന് വേഗത പകരും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാസഞ്ചര്‍ ഇവി വിഭാഗത്തില്‍ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരാണ് നിലവില്‍ ടാറ്റ മോട്ടോര്‍സ്. നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയിലൂടെ ഇവി വിപണി വിഹിതത്തിന്റെ സിഹംഭാഗവും കൈയ്യടക്കി വെക്കുന്ന ടാറ്റ അടുത്തിടെ താങ്ങാവുന്ന വിലയില്‍ ടിയാഗോ ഇവി ഹാച്ച്ബാക്കും പുറത്തിറക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എന്‍ട്രി ലെവല്‍ ടിയാഗോ ഇവിയുടെ ഡെലിവറിയും രാജ്യത്ത് ആരംഭിച്ചു. പേഴ്‌സണല്‍, ഫ്‌ലീറ്റ് വിഭാഗങ്ങളിലായി ഇതിനോടകം ടാറ്റ അരലക്ഷത്തിലേറെ ഇവികള്‍ തങ്ങളുടെ പ്ലാന്റില്‍ നിന്ന് പുറത്തിറക്കി.
2040-ഓടെ സീറോ-എമിഷന്‍ ലക്ഷ്യം കൈവരിക്കാന്‍ ഊബര്‍ പ്രതിജ്ഞാബദ്ധമാണ്. പബ്ലിക് ട്രാന്‍സിറ്റ്, മൊക്രോ മൊബിലിറ്റി റൈഡുകള്‍ 100 ശതമാനം സീറോ എമിഷന്‍ വാഹനങ്ങളിലാക്കാനാണ് ഊബര്‍ ലക്ഷ്യമിടുന്നത്. 2021 ജൂലൈയിലാണ് ടാക്‌സി സര്‍വീസുകളെ ലക്ഷ്യമിട്ട് ടാറ്റ എക്‌സ്പ്രസ് ബ്രാന്‍ഡ് ലോഞ്ച് ചെയ്തത്. എക്‌സ്പ്രസ് ടി സെഡാന്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഈ രണ്ട് ബാറ്ററി പായ്ക്കുകള്‍ ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്ററും 277 കിലോമീറ്ററും ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഇത് 26 kWh ഹൈ ഡെന്‍സിറ്റി ബാറ്ററിയും അല്‍പ്പം ചെറിയ 25.5 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുമാണ് ഉപയോഗിക്കുന്നത്. ആദ്യത്തെ ബാറ്ററി പായ്ക്ക് വെറും 59 മിനിറ്റിനുള്ളില്‍ പൂജ്യം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും. രണ്ടാമത്തെ ബാറ്ററി പായ്ക്ക് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 110 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം. 15A പ്ലഗ് പോയിന്റ് വഴിയും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ട്.
സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് ഈ ഇലക്ട്രിക് സെഡാനില്‍ സജ്ജീകരിച്ചിട്ടുള്ളത്. ക്യാബിനില്‍ ബ്ലു ആക്‌സന്റുകള്‍ കാണാനാകും. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ മുതലായ ഫീച്ചറുകളും ഇവിയില്‍ ടാറ്റ സജ്ജീകരിച്ചിരിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ ഇവിയാണ് ടാറ്റ നെക്‌സോണ്‍ ഇവി. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി ലോഞ്ച് ചെയ്തതോടെ അല്‍പ്പം പേടിച്ച ടാറ്റ നെക്‌സോണിന്റെ വില കുറച്ചിരുന്നു.
വിപണിയിലെ ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ വില കുറച്ചതിനൊപ്പം ടാറ്റ നെക്‌സോണ്‍ ഇവിക്ക് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്തിരുന്നു. ടാറ്റ നെക്‌സോണ്‍ ഇവി പ്രൈം ഇപ്പോള്‍ 90000 രൂപ വരെ വിലക്കിഴിവിലാണ് സ്വന്തമാക്കാന്‍ അവസരം ഒരുങ്ങിയത്.


Click it and Unblock the Notifications








