ഒരുമുഴം മുന്നേ എറിയാന്‍ ടാറ്റ; ഈ തീരുമാനം കണ്ടാല്‍ മാരുതിയും മഹീന്ദ്രയും അടങ്ങിയിരിക്കില്ല

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണിയിലെ ഒന്നാം സ്ഥാനക്കാരാണ് ടാറ്റ. എന്നാല്‍ സമീപകാലത്തായി വെല്ലുവിളികള്‍ കൂടുന്നതിനാല്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുത്തന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ടാറ്റ. അതിന്റെ ഭാഗമായി ഇലക്ട്രിക് കാറുകള്‍ വില്‍ക്കാന്‍ മാത്രമായി പ്രത്യേക ഷോറൂമുകളും സര്‍വീസ് സെന്ററുകളും സ്ഥാപിക്കാനാണ് ടാറ്റയുടെ തീരുമാനം. അതിനെക്കുറിച്ച് വിശദമായി ചുവടെ വായിക്കാം.

ലോകത്തിലെ മറ്റ് ഭാഗങ്ങളിലെന്ന പോലെ നമ്മുടെ രാജ്യത്തും അടുത്ത കാലത്തായി ഇലക്ട്രിക് വാഹനങ്ങള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ ഇവിയിലേക്ക് പതിയെ അടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന ക്രമേണ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആദ്യം പച്ച നമ്പര്‍പ്ലേറ്റ് വെച്ച ഇലക്ട്രിക് ടൂവീലറുകളായിരുന്നു നമ്മുടെ നിരത്തുകളില്‍ കണ്ടുവന്നിരുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പിന്നാലെ ഇലക്ട്രിക് കാറുകളും നമ്മുടെ നിരത്തുകളിലെ സജീവ കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു.

tata nexon ev

അതിന് പ്രധാന കാരണക്കാരില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ്. രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഇവികള്‍ നിര്‍മിച്ച് ടാറ്റ വില്‍പ്പനക്കെത്തിച്ചതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്ന ബ്രാന്‍ഡാണ് ടാറ്റ. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തം 19,000 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ 20 നഗരങ്ങളില്‍ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. ഇതിനൊപ്പം ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കും ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനാണ് ടാറ്റ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഏറ്റവും അവസാനം പുറത്തിറക്കിയ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കിന് ഇവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന വമ്പന്‍ ഡിമാന്‍ഡാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. കുറച്ച് കൂടി ചെറിയ പട്ടണങ്ങളില്‍ ഷോറൂമുകള്‍ തുറക്കുന്നത് വില്‍പ്പന വന്‍തോതില്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

tata tiago ev

'ടാറ്റയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ ടിയാഗോ ഇവിയാണ്. ഇതുവരെ മൊത്തം ഇവി വില്‍പ്പനയുടെ 49% ടോപ് 20 നഗരങ്ങളിലാണ്. അതിനാല്‍ ഈ വില്‍പ്പന മൈക്രോ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കായി പ്രത്യേക ഷോറൂമും ഇവികള്‍ക്കായി പ്രത്യേക ഷോറൂമും സര്‍വീസ് സെന്ററും സ്ഥാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' ടാറ്റ പാസഞ്ചര്‍ വെഹിക്കിള്‍ ഡിവിഷന്‍ എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.

'ഒരു പരിധി കഴിയുമ്പോള്‍ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഐസിഇ വാഹനങ്ങള്‍ക്കും ഇവികള്‍ക്കും പ്രത്യേക ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുറക്കാനുള്ള അവസരങ്ങള്‍ ഞങ്ങള്‍ പരിഗണിക്കുകയും അതിന് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും. ഇത് ഉപഭോക്താക്കളുടെ കാര്യങ്ങള്‍ എളുപ്പമാക്കുകയും സര്‍വീസ് വേഗത്തിലാകുകയും ചെയ്യും' ശൈലേഷ് ചന്ദ്ര പറഞ്ഞു.

ഇങ്ങനെ വരുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ടാറ്റ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി എ
എക്‌സ്‌ക്ലൂസീവ് ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുറക്കുമെന്ന് പ്രതീക്ഷിക്കാം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായേക്കും. ഏതായാലും രാജ്യത്തെ ഇവി ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണിതെന്ന് നിസ്സംശയം പറയാം. ടാറ്റ ഇതുപോലെ ഒരു സമര്‍പ്പിത ഇവി ചാനല്‍ ആരംഭിച്ചാല്‍ അത് അവരുടെ വില്‍പ്പന പലമടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ ഇത്തരത്തില്‍ ഇവികള്‍ക്ക് മാത്രമായി ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുടങ്ങിയാല്‍ മറ്റ് ബ്രാന്‍ഡുകളും ഇതേ പാത പിന്തുടരും. അത് ഇവി വിപ്ലവത്തിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിന് വേഗത വര്‍ധിപ്പിക്കും. ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ രംഗത്തെ ഒന്നാം സ്ഥാനക്കാരായ ഓലയുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ആദ്യം ഓണ്‍ലൈനിലൂടെ മാത്രമായിരുന്നു ഓലയുടെ വില്‍പ്പന.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുടങ്ങിയതോടെ വില്‍പ്പന കുതിച്ചുയര്‍ന്നിരുന്നു. നിലവില്‍ മറ്റൊരു പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്ന് ടാറ്റക്ക് വെല്ലുവിളി നേരിടുന്നുണ്ട്. XUV400 ഇലക്ട്രിക് എസ്‌യുവിയുമായി വരവറിയിച്ച മഹീന്ദ്ര സമീപഭാവിയില്‍ തന്നെ കൂടുതല്‍ മോഡലുകള്‍ കൊണ്ടുവരും.

ഇതിനൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയെയും വിസ്മരിക്കാന്‍ പറ്റില്ല. 2025-ഓടെ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറങ്ങുമെന്നാണ് സൂചന. 2030 ആകുമ്പോള്‍ മാരുതിയുടെ 6 ഇലക്ട്രിക് കാറുകള്‍ വിപണിയിലുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട അവരുടെ ബിസിനസ് പ്ലാനില്‍ വിശദീകരിക്കുന്നത്. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി ശോഭനമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Article Published On: Tuesday, August 8, 2023, 18:13 [IST]
English summary
Tata motors planning to establish distinct sales and service centre for electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X