ജനപ്രിയ ഹാച്ച്ബാക്കിന് കരുത്തുറ്റ പതിപ്പുമായി Tata; സ്‌പോര്‍ട്ടിയര്‍ ലുക്കുമായി Altroz Racer
ഗ്രേറ്റര്‍ നോയിഡയില്‍ നടന്നു കൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ നിരവധി സര്‍പ്രൈസുകളാണ് ടാറ്റ മോട്ടോര്‍സ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ടാറ്റ ഹാരിയര്‍ ഇവി, ടാറ്റ സിയറ ഇലക്ട്രിക് എസ്‌യുവി പ്രീ പ്രൊഡക്ഷന്‍ കണ്‍സപ്റ്റ്, കര്‍വ് മിഡ്‌സൈസ് എസ്‌യുവി എന്നിവ ടാറ്റ അവതരിപ്പിച്ചിരുന്നു.
ഇതിനൊപ്പം എക്കാലത്തെയും പവര്‍ഫുളായ ആള്‍ട്രോസ് വകഭേദം അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ ഇപ്പോള്‍. സ്‌പോര്‍ട്ടിയര്‍ ഹ്യുണ്ടായി i20 N ലൈനിന് ടാറ്റയില്‍ നിന്നുള്ള എതിരാളിയാകും ആള്‍ട്രോസ് റേസര്‍. തന്റെ മുന്‍ഗാമികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ പ്രത്യേക മോഡലിന് ധാരാളം കോസ്‌മെറ്റിക് ട്വീക്കുകളും ലഭിക്കുന്നു. ഏറ്റവും പവര്‍ഫുള്‍ ആള്‍ട്രോസ് എന്ന് പറയുന്നതിനാല്‍ ഡിസൈന്‍, മറ്റ് സവിശേഷതകള്‍ എന്നിവയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് നമുക്ക് ഈ കാറിന്റെ എഞ്ചിനെ കുറിച്ച് നോക്കാം.

120 bhp പവറും 170 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന നെക്‌സോണിന്റെ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് അള്‍ട്രോസ് റേസറിന് കരുത്തേകുന്നത്. നേരെമറിച്ച് അള്‍ട്രോസ് i-ടര്‍ബോ 110 bhp പവറും 140 Nm ടോര്‍ക്കുമാണ് നല്‍കുക. ഇത് സ്‌പോര്‍ട്ടിയര്‍ മോഡലിനേക്കാള്‍ 10 bhp, 30 Nm എന്നിവ കുറവാണ്. i-ടര്‍ബോയുടെ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പകരം TA78 സിക്‌സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഇതിന് ലഭിക്കുന്നു.
കൂടുതല്‍ ശക്തിയോടെ കൊണ്ടുവരുന്ന കാറിന്റെ പ്ലാറ്റ്‌ഫോമിലും മാറ്റം വരുത്തിയിട്ടുണ്ടാകാമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ തെറ്റുപറയാനാകില്ല. എന്നാല്‍ ടാറ്റ ഈ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്‌ഫോമില്‍ മാറ്റം വരുത്തിയിട്ടില്ല. സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നായതിനാല്‍ തന്നെ ടാറ്റയുടെ ഈ നീക്കത്തെ മോശമെന്ന് പറയാന്‍ സാധിക്കില്ല. ഇനി നമുക്ക് ഈ കാറിന്റെ ഡിസൈന്‍ വശങ്ങള്‍ പരിശോധിക്കാം. ആള്‍ട്രോസ് റേസര്‍ കാഴ്ചയില്‍ ഒരു സാധാരണ ഹാച്ച്ബാക്ക് പോലെ തന്നെയാണ്.

എന്നിരുന്നാലും, കറുത്ത നിറത്തിലുള്ള റൂഫും അലോയ് റിമ്മുകളും ഹാച്ചിന് ഒരു സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. ഹാച്ച്ബാക്കിന്റെ അകത്ത് സീറ്റുകളിലും ഡാഷ്ബോര്‍ഡിലും കറുത്ത നിറത്തിലാണ്. ഇതില്‍ കോണ്‍ട്രാസ്റ്റിനായി ചുവപ്പ് നിറങ്ങള്‍ നല്‍കിയിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ലഭ്യമല്ലാത്ത സണ്‍റൂഫും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ടാറ്റ ഇതില്‍ ഓഫര്‍ ചെയ്യുന്നു. ഈ വിഭാഗത്തില്‍ അധികം മോഡലുകള്‍ ഇല്ലാത്തതിനാല്‍ ടാറ്റ ആള്‍ട്രോസ് റേസറിനെ വിപണിയില്‍ എത്തിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ ശക്തമായ വേരിയന്റായതിനാല്‍ തന്നെ വിലയിലും അതിന്റെ മാറ്റം പ്രകടമാകും. 8.35 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയുള്ള i-ടര്‍ബോ വേരിയന്റുകളെക്കാള്‍ കുറച്ച് കൂടി പണം അധികം ചെലവിടേണ്ടി വരും. സ്‌പോര്‍ട്ടിയര്‍ ഹ്യുണ്ടായി i20 N ലൈനായിട്ടായിരിക്കും കൊമ്പ്‌കോര്‍ക്കുക. ഇതോടൊപ്പം ഓട്ടോ എക്സ്പോ 2023-ല്‍ ആള്‍ട്രോസ് CNG പതിപ്പും ടാറ്റ പ്രദര്‍ശിപ്പിച്ചു. ഡിസ്പ്ലേ മോഡലിന് ഒപ്പുലന്റ് റെഡ് നിറമാണ് ലഭിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ മികച്ച സ്‌റ്റൈലിംഗ് ഘടകങ്ങളും CNG വേരിയന്റില്‍ നിലനിര്‍ത്തിയിട്ടുണ്ട് ടാറ്റ. മോഡലില്‍ ഒരു CNG കിറ്റ് ഉള്‍പ്പെടുത്തിയതല്ലാതെ അത്ര എടുത്ത് പറയത്തക്ക മാറ്റങ്ങള്‍ ഒന്നും ഇല്ല. ആള്‍ട്രോസ് CNG-യും ആല്‍ഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും നിര്‍മിക്കുക. പ്രീമിയം ഹാച്ച്ബാക്കിന് പരിചിതമായ സ്‌റ്റൈലിംഗ് ഘടകങ്ങളായ ഫ്രണ്ട് വീല്‍ ആര്‍ച്ചുകള്‍, വാഹനത്തിന്റെ നീളത്തിലുള്ള ഷാര്‍പ്പ് ഷോള്‍ഡര്‍ ക്രീസുകള്‍ എന്നിവ ലഭിക്കുന്നു. മാത്രമല്ല, വിന്‍ഡോകള്‍ക്ക് താഴെയുള്ള ബ്ലാക്ക് ഫിനിഷ്ഡ് സില്‍സ് പുതിയ മോഡലിലും തുടരും.
അവയെ 'ഷൂട്ടിംഗ് സ്റ്റാര്‍ ബെല്‍റ്റ്‌ലൈന്‍' എന്ന് വിളിക്കുന്നു. ഗ്രില്ലിന് മുകളിലുള്ള ഇരുണ്ട ക്രോം സ്ലേറ്റാണ് ഫാസിയയെ ഹൈലൈറ്റ് ചെയ്യുന്നത്. അത് സ്വീപ്റ്റ് ബാക്ക് ഹെഡ്ലാമ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. ആള്‍ട്രോസ് CNG-യുടെ മെക്കാനിക്കല്‍ വിശദാംശങ്ങള്‍ ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ആള്‍ട്രോസ് CNG പതിപ്പിന് 1.2 ലിറ്റര്‍ റെവോട്രോണ്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ കരുത്ത് പകരാനാണ് സാധ്യത. ഇത് 6,000 rpm-ല്‍ 85 bhp പവറും 3,300 rpm-ല്‍ 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എന്നാല്‍ ഈ എഞ്ചിന്‍ CNG മോഡില്‍ പവര്‍ ഔട്ട്പുട്ട് കണക്കുകള്‍ വ്യത്യാസപ്പെടാം. ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റയുടെ നിരവധി മോഡലുകള്‍ ഇനിയും കാണാനാകും.


Click it and Unblock the Notifications








