പെട്രോള്‍ കാറുകളുടെ വിലയില്‍ ഇവി കിട്ടും! ഒന്നരക്കൊല്ലം കാത്തിരുന്നാല്‍ മതിയെന്ന് ടാറ്റ
ഇന്ത്യന്‍ നിരത്തുകളില്‍ പച്ച നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഇലക്ട്രിക് കാറുകള്‍ ഇന്ന് അത്ര അപൂര്‍വ കാഴ്ചയല്ല. ഇവി വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ടാറ്റ മോട്ടോര്‍സും എംജിയടക്കമുള്ള കമ്പനികളും താങ്ങാവുന്ന വിലയില്‍ ഇവികള്‍ വിപണിയില്‍ എത്തിക്കാന്‍ തുടങ്ങിയതോടെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവി വില്‍പ്പന ഇന്നും നാമമാത്രമാണ്.
എന്നാല്‍ ഈ സ്ഥിതിക്ക് മാറ്റം വരാന്‍ പോകുകയാണെന്നാണ് ടാറ്റ മോട്ടോര്‍സ് പറയുന്നത്. തുടക്കത്തിലേ ഇവികളെ പുല്‍കാന്‍ തയാറാകുന്ന ആളുകള്‍ പെട്രോള്‍, ഡീസല്‍ കാറുകളേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ വില അധികം മുടക്കാന്‍ തയാറാകുന്നതായാണ് കണക്കുകള്‍. എന്നാല്‍ സാധാരണ ഉപഭോക്താക്കള്‍ ഇന്‍േറണല്‍ കംബസ്ഷന്‍ എഞ്ചിന്‍ (ഐസിഇ) കാറുകളുടെ അതേ വിലയില്‍ ഇവികളും കിട്ടിയാല്‍ കൊള്ളാമെന്ന മൈന്‍ഡ് ഉള്ളവരാണ്.

ബാറ്ററികളുടെ വില കുറയുന്നത് ഇന്ത്യന്‍ വിപണിയില്‍ 250 കിലോമീറ്റര്‍ റേഞ്ചുള്ള ഐസിഇ വാഹനങ്ങള്‍ക്ക് സമാനമായ വിലയുള്ള മാസ്-മാര്‍ക്കറ്റ് ഇലക്ട്രിക് കാറുകളുടെ വരവിന് കാരണമാകുമെന്നാണ് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ എംഡി ശൈലേഷ് ചന്ദ്ര അടുത്തിടെ പ്രഖ്യാപിച്ചത്. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ അതായത് 18 മാസത്തിനുള്ളില്‍ ഇത് സാധ്യമകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
ഐസി എഞ്ചിനുകളുടെ പണപ്പെരുപ്പ സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തമായി ഇലക്ട്രിക് വാഹനങ്ങളുടെ പണപ്പെരുപ്പ പ്രവണതയ്ക്കാണ് ചന്ദ്ര ഊന്നല്‍ നല്‍കിയത്. ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററി പായ്ക്കുകളുടെ വില കുറയുന്നതും ഇത്തരമൊരു വിലയിരുത്തലിന് കാരണമാണ്. ഘടകങ്ങളുടെ ഇറക്കുമതിയും ബാറ്ററിയുടെ ചെലവുമാണ് നിലവില്‍ ഐസിഇ വാഹങ്ങളും ഇലക്ട്രിക് വാഹനങ്ങളും തമ്മില്‍ വിലയില്‍ ഇത്രയും അന്തരം വരാന്‍ കാരണം. നിലവിലെ 25 മുതല്‍ 35 ശതമാനം വരെയാണ് ഇവ തമ്മിലെ ചെലവിലുള്ള മാറ്റം.

ബാറ്ററി വില ഇപ്പോള്‍ ഒരു kWh-ന് ഏകദേശം 130 ഡോളറിലേക്ക് താഴ്ന്നിരിക്കുന്നത് ശുഭസൂചകമായാണ് ശൈലേഷ് ചന്ദ്ര ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ പെട്രോള്‍, ഡീസല്‍ കാറുകളും ഇവികളും തമ്മിലെ വിലയിലുള്ള ഈ വിടവ് നികത്താനാകുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ബാറ്ററി ചെലവ് കുറയുന്നതിനൊപ്പം 5 ശതമാന ജിഎസ്ടി നിരക്ക്, സര്‍ക്കാറിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിയില്‍ നിന്നുള്ള പിന്തുണ എന്നിവ ഉപയോഗിച്ച് ഇവികള്‍ക്ക് മത്സരാധിഷ്ഠിത വില നിശ്ചയിക്കാന്‍ ടാറ്റക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയുടെ 80 ശതമാനം കൈയ്യാളുന്നത് ടാറ്റ മോട്ടോര്‍സാണ്. നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ ഇവി എന്നിവയാണ് ടാറ്റയുടെ പോര്‍ട്‌ഫോളിയേയിലുള്ള മോഡലുകള്‍. തങ്ങളുടെ ഇലക്ട്രിക് വാഹന വിഭാഗത്തിന്റെ വളര്‍ച്ചക്കായി ഏകദേശം 16,600 കോടി രൂപയാണ് ടാറ്റ നിക്ഷേപിച്ചിട്ടുള്ളത്. 2025-ഓടെ 10 ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ ദശാബ്ദത്തിന്റെ അന്ത്യത്തോടെ തങ്ങളുടെ മൊത്തം വില്‍പ്പനയുടെ 30 ശതമാനം ഇവിയാക്കാനും പദ്ധതിയിടുന്നു. ഇന്ത്യയില്‍ ഇതിനകം ഒരു ലക്ഷത്തിലേറെ ഇവികള്‍ ടാറ്റ വിറ്റിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു ഇന്റേണല്‍ ഇവന്റില്‍ ടാറ്റ മോട്ടോര്‍സ് ഇവി ഉടമകളെ കുറിച്ചും അവരുടെ ഉപയോഗ രീതികളെയും കുറിച്ചുള്ള ചില വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. രാജ്യത്തെ വലിയ നഗരങ്ങളില്‍ ഇവികള്‍ക്ക് വലിയ പ്രചാരമുണ്ട്.
എന്നാല്‍ ടാറ്റയുടെ ഇവി വില്‍പ്പനയുടെ പകുതിയും ചെറുപട്ടണങ്ങളില്‍ നിന്നും ഗ്രാമീണ മേഖലയില്‍ നിന്നുമാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ടാറ്റ മോട്ടോര്‍സിന്റെ ഇവി വില്‍പ്പനയുടെ 50 ശതമാനവും ടോപ് 20 നഗരങ്ങള്‍ക്ക് പുറത്ത് നിന്നാണ് വരുന്നത്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവ്, വോള്‍ട്ടേജ് കുറവ്, പവര്‍ കട്ടുകള്‍ എന്നിങ്ങനെയുള്ള പ്രതിസന്ധികളെ രാത്രിസമയത്ത് കാര്‍ വീട്ടില്‍ തന്നെ ചാര്‍ജിംഗിലിട്ടാണ് ഗ്രാമീണ മേഖലയിലുളള ഇവി ഉടമകള്‍ മറികടക്കുന്നത്.
ടാറ്റ ഇവി ഉടമകളില്‍ 23 ശതമാനം പേരും ആദ്യമായി കാര്‍ വാങ്ങുന്നവരാണെന്നാണ് കണക്ക്. രസകരമെന്നു പറയട്ടെ ഇവി ഉടമകളില്‍ 75 ശതമാനവും തങ്ങളുടെ പ്രാഥമിക കാറായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും ടാറ്റ കണ്ടെത്തി. ടാറ്റ മോട്ടോര്‍സ് വിറ്റ ഇവികളില്‍ 24 ശതമാനം വാങ്ങിക്കൂട്ടിയത് സ്ത്രീകളാണെന്നും ടാറ്റയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍ഡസ്ട്രി ആവറേജിന്റെ ഇരട്ടിയോളം വരും ഈ കണക്കെന്നാണ് ടാറ്റ പറയുന്നത്. പെട്രോള്‍ കാറുകളുടെ അതേ വിലയില്‍ ഇവികള്‍ ലഭ്യമായാല്‍ ടാറ്റയുടെ വില്‍പ്പന ഇനിയും കൂടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒന്നര വര്‍ഷത്തിനുള്ളില്‍ അത് സംഭവിച്ചാല്‍ നിങ്ങള്‍ ഇവിയിലേക്ക് മാറുമോ?. അഭിപ്രായം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അത് കമന്റ്‌ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications