ഇവി ലോംഗ് ട്രിപ്പിന് പറ്റില്ലെന്ന് പറയരുത്! 95 മണിക്കൂറില്‍ കശ്മീരിൽ നിന്ന് കന്യാകുമാരിയെത്തി നെക്‌സോൺ
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ഇപ്പോള്‍ തകൃതിയായി മുന്നേറി കൊണ്ടിരിക്കുകയാണ്. പലമുന്‍നിര കാര്‍ നിര്‍മാതാക്കളും തങ്ങളുടെ ഇവികള്‍ ഇന്ത്യക്കായി പരിചയപ്പെടുത്തുന്ന തിരക്കിലാണ് ഇപ്പോള്‍. ഇന്ത്യയില്‍ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരാണ് ടാറ്റ മോട്ടോര്‍സ്.
ടാറ്റ വിപണിയില്‍ എത്തിച്ച മൂന്ന് ഇലക്ട്രിക് കാറുകളും വിജയമായിരുന്നു. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ആളുകള്‍ മടിച്ച് നില്‍ക്കാനുള്ള ഒരേയൊരു മടി ഇവ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണോ എന്ന സംശയമാണ്. ഒരു ഇലക്ട്രിക് വാഹനത്തിലെ ബാറ്ററി റീചാര്‍ജ് ചെയ്യുന്നതിന് ഒരു നിശ്ചിത റേഞ്ചും സമയവുമുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അതിനാല്‍ തന്നെ റേഞ്ച് പരിധിയില്‍ കൂടുതലുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് ഇവികള്‍ അനുയോജ്യമല്ലെന്ന ധാരണയിലാണ് ഇങ്ങനെ സംസാരിക്കുന്നത്.

ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗത്തും പെട്രോള്‍ പമ്പുകള്‍ ഉള്ള പോലെ ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഇല്ലെന്നതാണ് ഇതിന് ഒരു കാരണമായി പറയുന്നത്. ദീര്‍ഘദൂരയാത്രയില്‍ നമ്മള്‍ വിചാരിക്കുന്ന സ്ഥലത്ത് അല്ലെങ്കില്‍ ചാര്‍ജ് തീരുമ്പോള്‍ റീചാര്‍ജ് ചെയ്യാന്‍ വിചാരിച്ചാല്‍ നടക്കില്ലെന്ന് സാരം.
ഇന്ത്യന്‍ പാസഞ്ചര്‍ ഇവി വിപണിയിലെ ഒന്നാം സ്ഥാനക്കാരെന്ന നിലയില്‍ ഈ ഒരു ധാരണ മാറ്റിക്കുറിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവിലേക്ക് ടാറ്റ എത്തിയത്.
അതിന്റെ ഫലമായി ടാറ്റ കമ്പനി തങ്ങളുടെ നെക്സോണ്‍ ഇവി കാര്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഓടിക്കാന്‍ തീരുമാനിച്ചു. ഈ ഒരു ഇവി ഉപയോഗിച്ച് മൊത്തം 4003 കിലോമീറ്റര്‍ ദൂരം താണ്ടാനായിരുന്നു പദ്ധതി. ദേശീയ പാതകളിലെ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഇടയ്ക്കിടെ കാര്‍ ചാര്‍ജ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. ഇപ്പോള്‍ തങ്ങളുടെ ഉദ്യമത്തില്‍ വിജയിച്ച ടാറ്റ നെക്‌സോണ്‍ ഇവി റെക്കോഡിട്ടിരിക്കുകയാണ്.

എസ്‌യുവിയുടെ ലോംഗ് റേഞ്ച് വേരിയന്റായ നെക്സോണ്‍ ഇവി മാക്സിലായിരുന്നു ഐതിഹാസിക യാത്ര. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ എന്ന ശൈലി വിട്ട് ഈ ഡ്രൈവ് കശ്മീരിലെ മനോഹരമായ മലനിരകളില്‍ നിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര തിരിച്ചത്. ഒരു ഇലക്ട്രിക് കാറിന്റെ ഏറ്റവും വേഗയേറിയ ഡ്രൈവിന്റെ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കാനും നെക്‌സോണ്‍ ഇവി മാക്സിനായി. 95 മണിക്കൂറും 46 മിനിറ്റും കൊണ്ട് യാത്ര പൂര്‍ത്തിയാക്കിയാണ് ടാറ്റ നെക്‌സോണ്‍ ഇവി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചത്.
അതായത് കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ ഇവി വെറും 4 ദിവസം മാത്രമാണ് എടുത്തത്. പ്രധാനമായും ഈ കാര്‍ ഉംലിംഗ് ലാ പാസിലൂടെയാണ് സഞ്ചരിച്ചത്. ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 19,024 അടി ഉയരത്തിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനപാതയായ ഉംലിഗ് ലാ പാസ് മുറിച്ചു കടക്കുന്ന ആദ്യ ഇലക്ട്രിക് വാഹനമെന്ന റെക്കോഡ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ടാറ്റ നെക്‌സോണ്‍ സ്വന്തമാക്കിയിരുന്നു.
ദേശീയ പാതയോരങ്ങളില്‍ പബ്ലിക് ചാര്‍ജിംഗ് സെന്ററുകള്‍ ഉള്ളതിനാല്‍ മാത്രമാണ് ഇത് സാധ്യമായതെന്ന് ടാറ്റ പറഞ്ഞു.ഈ യാത്രയില്‍ ടാറ്റ നെക്‌സോണ്‍ ഇവി മൊത്തം 21 സ്ഥലങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വഴി ചാര്‍ജ് ചെയ്തിട്ടുണ്ട്. മറ്റ് കാറുകളെപ്പോലെയല്ല പരുക്കന്‍ സമതലങ്ങള്‍ മുറിച്ച് കടക്കുമ്പോഴും മോശം കാലാവസ്ഥയില്‍ പോലും ഈ കാര്‍ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ശരാശരി 300 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
ജനങ്ങളില്‍ ഇവിയില്‍ ലോംഗ് ട്രിപ്പുകള്‍ പോകാനുള്ള ആത്മവിശ്വാസം വളര്‍ത്താനും പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളുടെ പ്രതിച്ഛായ ഉയര്‍ത്താനുമാണ് ടാറ്റ ഇത്തരമൊരു യാത്ര പ്ലാന്‍ ചെയ്ത് നടപ്പാക്കിയത്. ഇലക്ട്രിക് വാഹനങ്ങളിലുള്ള ദീര്‍ഘദൂര യാത്രകള്‍ ഒരു കടമ്പയല്ലെന്ന് കൂടിയാണ് ഈ യാത്ര വഴി ടാറ്റ തെളിയിക്കുന്നത്. ടാറ്റ നെക്‌സോണ്‍ ഇവി മാക്സ് വേരിയന്റിന് 40.5kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് 143 bhp കരുത്തില്‍ പരമാവധി 250 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

3.3kW, 7.2kW എന്നിങ്ങനെ രണ്ട് ചാര്‍ജിംഗ് ഓപ്ഷനുകളെയാണ് പിന്തുണയ്ക്കുന്നത്. ഇവ യഥാക്രമം 15 മണിക്കൂര്‍, ആറ് മണിക്കൂര്‍ സമയം കൊണ്ട് വാഹനത്തിലെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യും. ഇതിനു പുറമെ 50kW DC ഫാസ്റ്റ് ചാര്‍ജര്‍ വഴിയും നെക്‌സോണ്‍ ഇവി ചാര്‍ജ് ചെയ്യാനാവും. ഒറ്റ ചാര്‍ജില്‍ ഇവി ഏകദേശം 453 കി.മീ. റേഞ്ച് നല്‍കുന്നു. 14.49 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ ഇവിയുടെ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








