ഇങ്ങനെ പോയാല്‍ വെബ്‌സൈറ്റ് വരെ തകരാറിലാകുമല്ലോ! നെക്‌സോണ്‍ ഇവിക്കായി കാത്തിരുന്ന് കുഴങ്ങും
2017-ല്‍ ആദ്യമായി വിപണിയിലെത്തിയെങ്കിലും ടാറ്റ നെക്സോണ്‍ എസ്‌യുവിയുടെ തലവര തെളിഞ്ഞത് അതിന്റെ ഫെയ്‌സ്‌ലിഫ്റ്റ് വന്ന ശേഷമാണ്. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ മികച്ച വില്‍പ്പനയുമായി കുതിക്കുന്ന എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും ചുടപ്പം പോലെയാണ് വിറ്റുതീരുന്നത്. 2020-ന്റെ തുടക്കത്തില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ ഇലക്ട്രിക് വാഹനമാണ്.
ഈ സെപ്റ്റംബര്‍ 14-ന് കമ്പനി ഇലക്ട്രിക് എസ്‌യുവിയെ വീണ്ടും വമ്പന്‍ അപ്ഡേറ്റിന് വിധേയമാക്കി പുറത്തിറക്കിയിരിക്കുകയാണ്. പരിഷ്‌കരിച്ച ഡിസൈന്‍, നൂതന ഫീച്ചറകളുടെ ശ്രേണി എന്നിവക്കൊപ്പം പെര്‍ഫോമന്‍സ് കൂടി മെച്ചപ്പെടുത്തിയാണ് വരവ്. ഉടച്ചുവാര്‍ത്ത പുത്തന്‍ രൂപത്തില്‍ എത്തുന്ന ടാറ്റ നെക്സോണ്‍ ഇവി 14.74 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ടോപ് സ്പെക് വേരിയന്റിന് 19.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

21000 രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഡീലര്‍ഷിപ്പ് വഴിയോ ഇവി ബുക്ക് ചെയ്യാവുന്നതാണ്. മുഖംമിനുക്കി എത്തിയ എസ്‌യുവിക്കായി ജനങ്ങള്‍ ഇരച്ചെത്തിയതോടെ ഇതിന്റെ കാത്തിരിപ്പ് കാലയളവും കുത്തനെ കൂടുകയാണ്. ഇന്ത്യയിലെ വാഹന പ്രേമികളില്‍ നിന്ന് വമ്പന്‍ ഡിമാന്‍ഡ് അനുഭവപ്പെട്ടതോടെ 2023 നെക്സോണ്‍ ഇവിയിപ്പോള്‍ വീട്ടിലെത്തിക്കാന്‍ ബുക്കിംഗ് ദിവസം മുതല്‍ എട്ടാഴ്ച വരെ (2 മാസം) കാത്തിരിക്കണമെന്നാണ് ഡല്‍ഹിയിലെ ഡീലര്‍ഷിപ്പ് സ്രോതസ്സുകള്‍ നല്‍കുന്ന വിവരം.
ഡീലര്‍ഷിപ്പ്, വേരിയന്റ്, നിറം, ബാറ്ററി പാക്ക്, മറ്റ് ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം. പുതിയ നെക്‌സോണിലെ പ്രധാന മാറ്റങ്ങളിലൊന്നാണ് നെക്‌സോണ്‍ പ്രൈം, നെക്‌സോണ്‍ മാക്‌സ് എന്നീ ട്രിമ്മുകളുടെ പുനര്‍നാമകരണം. ഇവ ഇപ്പോള്‍ മിഡ് റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) ട്രിമ്മുകള്‍ എന്ന് വിളിക്കുന്നു. ക്രിയേറ്റീവ്+, ഫിയര്‍ലെസ്, ഫിയര്‍ലെസ്+, ഫിയര്‍ലെസ്+ എസ്, എംപവേര്‍ഡ്, എംപവേര്‍ഡ്+ എന്നീ വേരിയന്റുകളില്‍ ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോണ്‍ ഇവി വാങ്ങാം.

2023 ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് ഏഴ് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പ്രിസ്റ്റൈന്‍ വൈറ്റ്, ഡേടോണ ഗ്രേ, ഫ്ലേം റെഡ്, ഫിയര്‍ലെസ് പര്‍പ്പിള്‍, ക്രിയേറ്റീവ് ഓഷ്യന്‍, എംപവേര്‍ഡ് ഓക്‌സൈഡ്, ഇന്റന്‍സി-ടീല്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. 2023 ഓട്ടോ എക്‌സ്‌പോയില്‍ ബ്രാന്‍ഡ് അവതരിപ്പിച്ച കര്‍വ്വ് കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ മനോഹരമായ രൂപകല്‍പ്പനയാണ് നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിന് നല്‍കിയിരിക്കുന്നത്.
നെക്‌സോണ്‍ ഇവിയുടെ MR ട്രിമ്മിന് 30.2 kWh ബാറ്ററി ലഭിക്കുമ്പോള്‍ LR ട്രിമ്മിന് 40.5 kWh ബാറ്ററി പായ്ക്ക് ഉണ്ട്. ഫുള്‍ ചാര്‍ജില്‍ നെക്‌സോണ്‍ ഇവി MR 325 കിലോമീറ്റര്‍ വരെ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ലോംഗ്-റേഞ്ച് പതിപ്പിന് പരമാവധി 465 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് പറയുന്നു.

ടോര്‍ക്ക് 250 Nm-ല്‍ നിന്ന് 215 Nm ആയി കുറഞ്ഞിട്ടുണ്ടെങ്കിലും ഉയര്‍ന്ന വേഗത 130 കിലോമീറ്ററില്‍ നിന്ന് 150 കിലോമീറ്ററിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എസ്‌യുവി ഇപ്പോള്‍ വെറും 8.9 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുന്നു.വയര്‍ലെസ് മൊബൈല്‍ കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുമായാണ് പുതിയ നെക്‌സോണ്‍ ഇവി എത്തുന്നത്. കസ്റ്റമൈസ് ചെയ്യാവുന്ന 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും OTA അപ്‌ഡേറ്റുകളും ഇതിന് ലഭിക്കുന്നു.
സിംഗിള്‍ പേന്‍ സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് ക്യാബിനില്‍ സജ്ജീകരിച്ചിരിക്കുന്ന മറ്റ് പ്രധാന ഫീച്ചറുകള്‍. കൂടാതെ പുതിയ നെക്‌സോണ്‍ ഇവി ഇപ്പോള്‍ വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V), വെഹിക്കിള്‍-ടു-ലോഡ് (V2L) ഫീച്ചറുകളും ഓഫര്‍ ചെയ്യുന്നു. അപ്‌ഡേഷന്‍ മഹീന്ദ്ര XUV400, എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി തുടങ്ങിയ എതിരാളികളുമായി കൂടുതല്‍ ഊര്‍ജ്ജസ്വലമായത മത്സരം കാഴ്ചവെക്കാന്‍ നെക്‌സോണ്‍ ഇവിയെ പ്രാപ്തമാക്കുന്നു.


Click it and Unblock the Notifications








