മഹീന്ദ്രയും മാരുതിയും റെഡിയല്ലോ; ഇലക്ട്രിക് കാറുകളിലെ ടാറ്റയുടെ 'തുറുപ്പുഗുലാന്‍' നാളെയെത്തും
ടാറ്റ മോട്ടോര്‍സിന് മാത്രമല്ല ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ ചരിത്രത്തിന് വരെ വളരെ വേണ്ടപ്പെട്ട പേരാണ് നെക്‌സോണ്‍ ഇവി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവി മുഖംമിനുക്കലിന് വിധേയമാകുകയാണ്. ഏകദേശം മൂന്ന് വര്‍ഷത്തോളമായി ഇവി സ്‌പെയ്‌സില്‍ ആധിപത്യം സ്ഥാപിച്ചതിന് ശേഷമാണ് നെക്‌സോണ്‍ ഇവി ആദ്യ അപ്ഡേറ്റിന് പാത്രമാകുന്നത്.
നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിനെ നാളെ ടാറ്റ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. നെക്‌സോണ്‍ ഡോട്ട് ഇവി (Nexon.EV) എന്നായിരിക്കും കമ്പനി പുത്തന്‍ ആവര്‍ത്തനത്തെ വിശേഷിപ്പിക്കുക. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതിന്റെ ഐസിഇ ഇരട്ടയുടെ അവതരണം കഴിഞ്ഞിരുന്നു. സെപ്റ്റംബര്‍ 14-ന് രണ്ട് മോഡലുകളുടെയും വില പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവതരണത്തിന് മുന്നോടിയയി ഇവിയുടെ ചെറിയ ടീസര്‍ വീഡിയോ ടാറ്റ പുറത്തുവിട്ടിരുന്നു.

മാത്രമല്ല ടാറ്റ നെക്‌സോണ്‍ ഇവിയുടെ ചില സ്‌പൈ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന നെക്സോണിന്റെ 2023 പതിപ്പ് ഇതിനോടകം അവതരിപ്പിക്കപ്പെട്ടതിനാല്‍ അതിന്റെ ഇലക്ട്രിക് ആവര്‍ത്തനത്തില്‍ വരുത്തിയിരിക്കുന്ന ഡിസൈന്‍ മാറ്റങ്ങള്‍ മനസ്സിലാക്കുന്നത് എളുപ്പമായി. കര്‍വ് കണ്‍സെപ്റ്റില്‍ നിന്നാണ് ഇലക്ട്രിക് എസ്‌യുവിയുടെയും ഡിസൈന്‍ കടമെടുത്തത്. പുത്തന്‍ രൂപകല്‍പ്പന ശരിക്കും ഒരു ലക്ഷ്വറി കാര്‍ ഫീലാവും തരിക. ഒരു പുതിയ എല്‍ഇഡി ഡിആര്‍എല്‍ പാറ്റേണിന്റെ രൂപത്തിലാണ് ഒരുമാറ്റം വരുന്നത്.
നെക്സോണ്‍ ഫെയ്സ്ലിഫ്റ്റില്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്ക് ഒരു സ്പ്ലിറ്റ് സമീപനമുണ്ട്. എന്നാല്‍ ഇവിയുടെ മുന്‍വശത്ത് കണക്റ്റഡ് ഡിസൈനാവും കമ്പനി മുന്നോട്ടുകൊണ്ടുപോവുക. കാഴ്ചയില്‍ പെട്രോള്‍, ഇവി മോഡലുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം ഇതായിരിക്കും. മധ്യത്തില്‍ നിന്ന് ഉയര്‍ന്ന് അറ്റങ്ങളിലേക്ക് ഒഴുകുന്ന ഇവ ശരിക്കും പ്രീമിയം ടച്ചും എസ്‌യുവിക്ക് സമ്മാനിക്കുന്നുണ്ട്. ടീസറില്‍ കാണുന്നത് പോലെ എല്‍ഇഡി ടെയില്‍ ലൈറ്റുകളിലും സമാനമായ ഒരു ഡൈനാമിക് ഫംഗ്ഷന്‍ ഉണ്ട്.

ഇതൊരു വിഷ്വല്‍ ട്രിക്ക് മാത്രമായിരിക്കുമെങ്കിലും പ്രീമിയം ഫീലാണ് നല്‍കാനാവുന്നത് എന്നതില്‍ തര്‍ക്കമൊന്നുമില്ല. ഇവി ഫെയ്സ്ലിഫ്റ്റിനും വിഷ്വല്‍ പരിഷ്‌ക്കാരങ്ങള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. വശങ്ങളിലും പിന്‍ഭാഗത്തും ഐസിഇ പതിപ്പിന് സമാനമായിരിക്കും ഡിസൈന്‍. X-ആകൃതിയിലുള്ള മോട്ടിഫ് അനുകരിച്ചുകൊണ്ട്, അതേ കണക്റ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റ് സെറ്റപ്പിനൊപ്പമായിരിക്കും പിന്‍ഭാഗം പൂര്‍ത്തിയാക്കുക. എന്നിരുന്നാലും, നെക്‌സോണ്‍ ഡോട്ട് ഇവിയിടെ '.ev' ന് സാധാരണ ക്രോം ഹ്യൂവിന് പകരം നീലയിലായിരിക്കും.
ഔട്ട്ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച് ഷാര്‍പ്പ്, മോഡേണ്‍ ലുക്കിലുള്ള ഒരു ഇലക്ട്രിക് കാറാണ് ലഭിക്കുക. നെക്സോണ്‍ ഐസിഇ പതിപ്പിനോട് ഏറെക്കുറെ സാമ്യതയുള്ള ക്യാബിനാകും നെക്‌സോണ്‍ ഇവിയിലും ടാറ്റ ഒരുക്കുക. ഇവി നിര്‍ദ്ദിഷ്ട ഘടകങ്ങള്‍ ആയിരിക്കും പ്രധാന വ്യത്യാസം. നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പര്‍പ്പിള്‍/ബ്ലാക്ക് തീമില്‍ നിന്ന് വ്യത്യസ്തമായി ക്യാബിനിന് ഒരു പുതിയ തീമും സീറ്റുകള്‍ക്ക് ഭാരം കുറഞ്ഞ അപ്ഹോള്‍സ്റ്ററിയും ടാറ്റ വാഗ്ദാനം ചെയ്യും.

പുതിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീനും HVAC കണ്‍ട്രോളുകള്‍ക്കായി സെന്‍ട്രല്‍ കണ്‍സോളില്‍ ടച്ച് സെന്‍സിറ്റീവ് ബട്ടണുകളും ഇതിലുണ്ടാകും. നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലെ പോലെ ടൂ സ്‌പോക് സ്റ്റിയറിംഗ് വീല്‍ നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിലെയും പ്രധാന കൂട്ടിച്ചേര്‍ക്കലായിരിക്കും. രണ്ടു മോഡലുകളുടെയും ഫീച്ചര്‍ ലിസ്റ്റ് ഏകദേശം സമാനമായിരിക്കും.
10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹര്‍മന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 360 ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, ആറ് എയര്‍ബാഗുകള്‍ എന്നിവ നെക്‌സോണ്‍ ഡോട്ട് ഇവിക്കും ലഭിക്കും. ടാറ്റ നെകോസോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ പവര്‍ട്രെയിന്‍ വശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമല്ല.
എന്നിരുന്നാലും നിലവിലുള്ള ബാറ്ററി ഓപ്ഷന്‍സ് വെച്ച് തന്നെ റേഞ്ച് വര്‍ധിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്്. നിലവില്‍ 30.2kWh ബാറ്ററിയും (പ്രൈം) 40.5kWh ബാറ്ററി പായ്ക്കുമാണുള്ളത് (മാക്‌സ്). നെക്‌സോണ്‍ ഇവി മാക്‌സ് ഒറ്റ ചാര്‍ജില്‍ 453 കിലോമീറ്ററും പ്രൈം 312 കിലോമീറ്ററുമാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്.
പുത്തന്‍ മോഡലില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ പരിഗണിക്കുമ്പോള്‍ നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിന് കുറച്ച് പണം അധികം മുടക്കേണ്ടതായി വരും. 14.49 ലക്ഷം മുതല്‍ 19.54 ലക്ഷം രൂപ വരെയാണ് നിലവില്‍ ടാറ്റ നെക്‌സോണ്‍ ഇവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയുമായിട്ടാണ് നെക്‌സോണ്‍ ഇവിയുടെ പ്രധാന മത്സരം.


Click it and Unblock the Notifications








