Tata Nexon EV Max ഇനി ഡാര്‍ക്കാണ് മച്ചാനെ; കറുപ്പില്‍ കുളിച്ച് നെക്‌സോണ്‍ ഇവി മാക്സ്
സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആക്കിയവരാണ് ടാറ്റ മോട്ടോര്‍സ്. ടാറ്റയുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് മാരുതി സുസുക്കി പോലും അടുത്തകാലത്തായി ചില സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ തങ്ങളുടെ ജനപ്രിയമായ ഡാര്‍ക്ക് എഡിഷനിലേക്ക് പുത്തന്‍ അംഗത്തെ ചേര്‍ത്തിരിക്കുകയാണ് ടാറ്റ. നെക്സോണ്‍ ഇവി മാക്സിന്റെ ഡാര്‍ക്ക് എഡിഷനാണ് ടാറ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
XZ+ ലക്‌സ് ട്രിമ്മില്‍ മാത്രമേ ഇത് ഓഫര്‍ ചെയ്യുന്നുള്ളൂ. 19.04 ലക്ഷം രൂപയാണ് ടാറ്റ നെക്സോണ്‍ ഇവി മാക്സ് ഡാര്‍ക്ക് എഡിഷന്റെ എക്‌സ്‌ഷോറൂം വില. 7.2 കിലോവാട്ട് എസി വാള്‍ ബോക്സ് ചാര്‍ജറിനൊപ്പം ഇവി സ്വന്തമാക്കാന്‍ 19.54 ലക്ഷം രൂപ മുടക്കേണ്ടി വരും (എക്‌സ്‌ഷോറൂം). മറ്റ് ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ക്ക് ലഭിക്കുന്ന എല്ലാ പതിവ് അപ്ഡേറ്റുകളും നെക്‌സോണ്‍ ഇവി മാക്‌സിനും ലഭിക്കുന്നു.

ഇത് മിഡ്‌നൈറ്റ് ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇവി ഗ്രില്ലിന് താഴെയും വിന്‍ഡോ ലൈനിലും ഒരു സാറ്റിന്‍ ബ്ലാക്ക് സ്ട്രിപ്പ്, ചാര്‍ക്കോള്‍ ഗ്രേ അലോയ്കള്‍, ഫെന്‍ഡറുകളില്‍ ' ഡാര്‍ക്ക്' ബാഡ്ജുകള്‍ എന്നിവ ഫീച്ചര്‍ ചെയ്യുന്നു. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന നെക്‌സോണില്‍ നിന്ന് ഇവിയെ വേര്‍തിരിക്കാന്‍ സഹായിക്കുന്ന ബ്ലു ആക്സന്റുകള്‍ ബ്ലാക്ക് എഡിഷനിലും ഉണ്ട്.
ഡാര്‍ക്ക് തീമിലാണ് ഇന്റീരിയര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പിയാനോ ബ്ലാക്ക് ഡാഷ്ബോര്‍ഡും ട്രൈ-ആരോ ഘടകങ്ങളും അകത്തളത്തിന് മാറ്റ്കൂട്ടുന്നു. ഇത് സാധാരണ പതിപ്പിന്റെ കറുപ്പും ബീജ് തീമും മാറ്റിസ്ഥാപിക്കുന്നു. ഡാര്‍ക് തീമില്‍ ലെതര്‍ അപഹോള്‍സ്ട്രി തിളങ്ങുന്നു. സീറ്റുകള്‍ക്ക് ബ്ലൂ സ്റ്റിച്ചിംഗുകള്‍ ലഭിക്കുന്നു. മാത്രമല്ല, സ്റ്റിയറിംഗ് വീല്‍ ബ്ലൂ സ്റ്റിച്ചിംഗുകളോട് കൂടിയ ലെതറില്‍ പൊതിഞ്ഞിരിക്കുന്നു. കണ്‍ട്രോള്‍ നോബിന് ജ്വല്‍ഡ് ഫിനിഷുണ്ടാകും.

ടാറ്റ നെക്സോണ്‍ ഇവി മാക്‌സ് ഡാര്‍ക് എഡിഷന്റെ ഫീച്ചര്‍ പട്ടിക പരിശോധിച്ചാല്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയെയും ആപ്പിള്‍ കാര്‍പ്ലേയെയും പിന്തുണയ്ക്കുന്ന വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരു പുതിയ ഇവി തീമില്‍ പ്രവര്‍ത്തിക്കും. റിയര്‍ പാര്‍ക്കിംഗ് ക്യാമറ, 6 പ്രാദേശിക ഭാഷകളിലായി 180-ലധികം വോയിസ് കമാന്‍ഡുകള്‍, വോയ്സ് അസിസ്റ്റന്റ് എന്നിവയുമുണ്ട്.
ഓട്ടോ-ഹോള്‍ഡോട് കൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വെന്റിലേറ്റഡ് സീറ്റ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, AQI ഡിസ്‌പ്ലേയുള്ള എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് ടാറ്റ നെക്സോണ്‍ ഇവി മാക്‌സ് ഡാര്‍ക് എഡിഷനിലെ മറ്റ് സുപ്രധാന ഫീച്ചറുകള്‍. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ 7 ഇഞ്ച് ഡിസ്പ്ലേയും റിമോട്ട് ഫംഗ്ഷനുകളുള്ള കണക്റ്റുചെയ്ത കാര്‍ ഫീച്ചറുകളും ഇതിലുണ്ട്.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് സുരക്ഷ സവിശേഷതകള്‍. ഇവിയുടെ സ്‌പെഷ്യല്‍ എഡിഷനില്‍ ടാറ്റ കാര്യമായ മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ടാറ്റ നെക്സോണ്‍ ഇവി മാക്സ് ഡാര്‍ക്ക് എഡിഷനില്‍ 40.5 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവി ഒറ്റ ചാര്‍ജില്‍ 453 കിലോമീറ്റര്‍ (ARAI) സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇതിന്റെ ഇലക്ട്രിക് മോട്ടോര്‍ 143 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്നു. വെറും ഒമ്പത് സെക്കന്‍ഡിനുള്ളില്‍ ഇവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. നെക്‌സോണ്‍ ഇവി മാക്സിന് 4 ലെവല്‍ റീജനറേറ്റീവ് ബ്രേക്കിംഗും മൂന്ന് ഡ്രൈവ് മോഡുകളും തിരഞ്ഞെടുക്കാം. ഇക്കോ, സിറ്റി, സ്പോര്‍ട്സ് എന്നിവയാണ് ഡ്രൈവ് മോഡുകള്‍.
3.3 kW ഹോം AC വാള്‍ ബോക്‌സ് ചാര്‍ജര്‍, 7.2 kW ഹോം AC ഫാസ്റ്റ് വാള്‍ ബോക്‌സ് ചാര്‍ജര്‍, 15 A പ്ലഗ് പോയിന്റ്, DC ഫാസ്റ്റ് ചാര്‍ജര്‍ എന്നിവ ഉപയോഗിച്ച് ഇത് ചാര്‍ജ് ചെയ്യാം. 7.2kW എസി ചാര്‍ജര്‍ ഉപയോഗിച്ച് (സ്റ്റാന്‍ഡേര്‍ഡ് അല്ല), ഇത് ഏകദേശം 6.5 മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.
50kW DC ഫാസ്റ്റ് ചാര്‍ജറിനൊപ്പം, 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 56 മിനിറ്റ് എടുക്കും.15.99 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള മഹീന്ദ്ര XUV400 ആണ് നെക്‌സോണ്‍ ഇവി മാക്‌സിന്റെ ഏക എതിരാളി. ഈ ഇവിസമാനമായ പെര്‍ഫാമന്‍സും റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി് കോന ഇലക്ട്രിക്, എംജി ZS ഇവി എന്നിവയെ അപേക്ഷിച്ച് താങ്ങാനാകുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാറുകളാണ് രണ്ടും.


Click it and Unblock the Notifications








