അഡാര്‍ മേക്കോവറില്‍ നെക്‌സോണും ബ്രോയും നാളെ ഇങ്ങെത്തും; വിലയിൽ ഞെട്ടിക്കുമോ ടാറ്റ?
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളില്‍ ഒന്നായ ടാറ്റ നെക്‌സോണിന്റെ മുഖം മിനുക്കിയ പതിപ്പിന്റെ വിലയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഐസിഇ പതിപ്പിനൊപ്പം നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റും കമ്പനി നാളെ പുറത്തിറക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സബ് 4 മീറ്റര്‍ എസ്‌യുവിയെ വാഹന ലോകത്തിന് മുമ്പാകെ ടാറ്റ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ വില മാത്രം അവര്‍ വെളിപ്പെടുത്തിയില്ല.
എസ്‌യുവിയുടെ വില ഇന്റര്‍നെറ്റില്‍ ചോര്‍ന്നെങ്കിലും അവ തള്ളി കമ്പനി തന്നെ രംഗത്തെത്തുകയായിരുന്നു. ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും മികച്ച വില്‍പ്പനയുള്ള കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗുകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇതിനകം ഷോറൂമുകളിലെത്തിയ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്ക് നേരിട്ടെത്തി പരിശോധിക്കുകയും ചെയ്യാം.

നെക്സോണിന്റെയും അതിന്റെ ഇലക്ട്രിക് പതിപ്പിന്റെയും ഹൈലൈറ്റുകളും പ്രതീക്ഷിക്കുന്ന വിലയും നമുക്ക് നോക്കാം. കണ്‍ഫ്യൂഷനാക്കുന്ന വേരിയന്റ് നാമങ്ങള്‍ വെട്ടിമാറ്റിയാണ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്. നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വേരിയന്റുകള്‍ ഇനി സ്മാര്‍ട്, സ്മാര്‍ട് പ്ലസ്, പ്യുവര്‍ പ്ലസ്, ക്രിയേറ്റീവ് പ്ലസ്, ഫിയര്‍ലെസ്, ഫിയര്‍ലെസ് പ്ലസ് എന്നീ വേരിയന്റുകളില്‍ വില്‍ക്കും. പ്യുവര്‍, ക്രിയേറ്റീവ് എന്നിവ പഞ്ചില്‍ നിന്നെടുത്തപ്പോള്‍ സ്മാര്‍ട്ട്, ഫിയര്‍ലെസ് എന്നീ ട്രിം നാമങ്ങള്‍ പുതുതായി കൊണ്ടുവന്നു.
നെക്സോണ്‍ ഇവിയുടെയും നെക്സോണിന്റെയും അകവും പുറവും കാര്യമായ നവീകരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കര്‍വ് കണ്‍സെപ്റ്റില്‍ നിന്നാണ് എസ്‌യുവികള്‍ ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളത്. കോംപാക്റ്റ് എസ്‌യുവികള്‍ക്ക് ഇപ്പോള്‍ ടേണ്‍ ഇന്‍ഡിക്കേറ്ററും ലൈറ്റ് ബാറും മുകളിലും മെയിന്‍ ഹെഡ്‌ലാമ്പ് യൂണിറ്റ് ബമ്പറിന് താഴെയുമിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണമാണ് ലഭിക്കുന്നത്. നെക്സോണ്‍ ഇവിയുടെ മുന്‍വശത്തും പിന്നിലും ഒരു ലൈറ്റ്ബാര്‍ ഉണ്ട്. കൂടാതെ .ev ബാഡ്ജിംഗും അങ്ങിങ്ങായി കാണാം.

ലെയേര്‍ഡ് ഡാഷ്, വെന്റിലേറ്റഡ് സീറ്റുകള്‍, ഇന്‍സ്ട്രുമെന്റേഷനും ഇന്‍ഫോടെയ്ന്‍മെന്റിനുമായി ഡ്യുവല്‍ ഡിസ്‌പ്ലേകള്‍ എന്നിവയുള്ള ക്യാബിനും നെക്‌സോണിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകളില്‍ സമാനമാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ നെക്‌സോണ്‍ ഇവിയിലേക്ക് വരുമ്പോള്‍ 10.25 ഇഞ്ചില്‍ നിന്ന് 12.3 ഇഞ്ചായി കൂടിയതാണ് എടുത്ത് പറയേണ്ട മാറ്റങ്ങളില്‍ ഒന്ന്.
കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ടച്ച് ബേസ്ഡ് HVAC കണ്‍ട്രോളുകള്‍, സണ്‍റൂഫ്, ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളും രണ്ടിലും പായ്ക്ക് ചെയ്തിരിക്കുന്നു. 6 എയര്‍ബാഗുകള്‍, ESC, ABS, EBD, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറിംഗ് പോയിന്റുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, എമര്‍ജന്‍സി- ബ്രേക്ക്ഡൌണ്‍ കോള്‍ അസിസ്റ്റന്‍സ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയടക്കം സേഫ്റ്റി വശവും ഡബിള്‍ സ്‌ട്രോംഗാണ്.

ജനപ്രിയ എസ്‌യുവി 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുക. പെട്രോള്‍ എഞ്ചിന്‍ പരമാവധി 118 bhp പവറും 170 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പുതിയ 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ജോടിയാക്കുന്നു.
113 bhp കരുത്തും 260 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനിലാണ് വരുന്നത്. നെക്സോണ്‍ ഇവിയിലേക്ക് വന്നാല്‍ 20 കിലോ ഭാരം കുറഞ്ഞ ചെറിയ രണ്ടാം തലമുറ ഇലക്ട്രിക് മോട്ടോറാണ് ടാറ്റ കൊണ്ടുവന്നിട്ടുള്ളത്. പരമാവധി rpm 12,000-ല്‍ നിന്ന് 16,000 ആയിട്ടുണ്ട്. ബിഎംഎസ് അല്‍ഗോരിതത്തിലും ലിക്വിഡ് കൂളിംഗ് സിസ്റ്റത്തിലും നവീകരണങ്ങളുണ്ട്.
പ്രൈം, മാക്‌സ് എന്നിവക്ക് പകരം നെക്‌സോണ്‍ ഇവിയുടെ വേരിയന്റുകളുടെ പേര് മീഡിയം റേഞ്ച് (ML), ലോംഗ് റേഞ്ച് (LR) എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. MR പതിപ്പ് 127 bhp-യും LR പതിപ്പ് 143 bhp-യുമാണ് പവര്‍ നല്‍കുക. എന്നിരുന്നാലും ടോര്‍ക്ക് ഔട്ട്പുട്ട് 215 Nm ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം ഇലക്ട്രിക് എസ്‌യുവിയുടെ പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് 150 കിലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്.
ലോംഗ് റേഞ്ച് പതിപ്പ് ഒറ്റ ചാര്‍ജില്‍ 465 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മീഡിയം റേഞ്ച് 325 കിലോമീറ്റര്‍ റേഞ്ചും പറയുന്നു. ഏകദേശം 7.50 ലക്ഷം 15 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. അതേസമയം നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിന് ഏകദേശം 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ എക്‌സ്‌ഷോറൂം വില വന്നേക്കാം.


Click it and Unblock the Notifications








