ബ്രെസയും വെന്യുവും കുറിച്ചുവെച്ചോ; സ്റ്റൈലിലും ഫീച്ചറിലും മാസ് മാറ്റങ്ങളോടെ നെക്സോണിന്റെ എൻട്രി ഉടൻ
ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ തുറുപ്പു ചീട്ടുകളിൽ ഒന്നാണ് നെക്സോൺ. വിപണിയിൽ എത്തിയതു മുതൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന വാഹനത്തിന് അടിമുടി മാറ്റം വരുത്തി ഒന്ന് അപ്പ്ഡേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്. ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ, നിരവധി സ്പൈ ചിത്രങ്ങളിലൂടെയും ലീക്കായ രേഖകളിലൂടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എങ്ങനെ കാണപ്പെടുമെന്ന് നാം കണ്ടിരുന്നു.
വരാനിരിക്കുന്ന കാർ യാതൊരു മറവിലുമില്ലാതെ കാണിക്കുന്ന ഒരു വീഡിയോ കൂടി ഇപ്പോൾ വെബ്ബിൽ ലീക്കായിരിക്കുകയാണ്. ലഡാക്കിൽ ഹൈ ആൾറ്റിറ്റ്യൂഡ് ടെസ്റ്റിംഗിനിടയിലാണ് വാഹനം ക്യാമറയിൽ കുടുങ്ങിയത്. വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം ടാറ്റ മോട്ടോർസ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഒരു പർപ്പിൾ കളർ ഷെയ്ഡാണ് ഈ കാറിൽ നമുക്ക് കാണാൻ കഴിയുന്നത്.

ഇത് ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണെങ്കിലും, കാറിൽ നമുക്ക് ഒട്ടനവധി മാറ്റങ്ങളും കാര്യമായ ഡിസൈൻ & ഫീച്ചർ അപ്പ്ഡേറ്റഉകളും നമുക്ക് കാണാൻ കഴിയും. ആദ്യമായി തന്നെ, മുൻവശത്ത് വമ്പിച്ച മാറ്റങ്ങളും പരിവർത്തനങ്ങളും ഉണ്ടാകും, ആകെ മൊത്തത്തിൽ ഇത് ഒരു പുതിയ മോഡൽ പോലെ കാണപ്പെടുന്നു.
വാഹനത്തിന്റെ വ്യത്യസ്‌തമായ ക്രോസ്ഓവർ ടൈപ്പ് സിലൗട്ട് നിലനിർത്തിക്കൊണ്ട് ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് അതിന്റെ ഫ്രണ്ട്, റിയർ പ്രൊഫൈലുകളിൽ സമഗ്രമായ അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് പ്രദർശിപ്പിച്ച കർവ്വ് കൺസെപ്‌റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫ്രണ്ട് പ്രൊഫൈൽ കാര്യമായി പരിഷ്‌ക്കരിച്ചിരിക്കുന്നു.

സ്‌പ്ലിറ്റ് ഹെഡ്‌ലാമ്പ് അസംബ്ലിയാണ് ഈ പതിപ്പിന്റെ ഒരു സവിശേഷത. ബമ്പറിൽ സജ്ജീകരിച്ചിരിക്കുന്ന പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുടെ ട്രയാംഗുലർ വെർട്ടിക്കൽ ഹൗസിംഗിന് മുകളിലായി സ്‌ലിം ഡേടൈം റണ്ണിംഗ് എൽഇഡികളും നമുക്ക് കാണാനാവും. നെക്‌സോണിന്റെ ഫ്രണ്ട് ഫാസിയ പുതുക്കിയ ഗ്രില്ലും, DRL -കൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന സ്ലിം അപ്പർ ഗ്രില്ലും ഫ്രണ്ട് ബമ്പറിന്റെ മധ്യഭാഗത്തായി ഒരു വലിയ എയർ ഡാമും പ്രദർശിപ്പിക്കുന്നു.
ഫോഗ് ലാമ്പുകളും അവയുടെ എൻക്ലോഷ്യറുകളും ഒരു പുതിയ രൂപകൽപ്പനയുമായി വരുന്നു. അതു പോലെ തന്നെ വശങ്ങളിലെ 16 ഇഞ്ച് മെഷീൻ അലോയ് വീലുകൾക്കും പുത്തൻ ഡിസൈനാണ്. ബൂട്ട് ലിഡിന്റെ വീതിയിൽ വ്യാപിച്ചുകിടക്കുന്ന എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് കണക്ട് ചെയ്തിരിക്കുന്ന പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ ഫീച്ചർ ചെയ്യുന്ന റിയർ പ്രൊഫൈൽ ആകർഷകമായ രൂപഭാവം നൽകുന്നു. റീഡിസൈൻഡ് റിയർ ബമ്പറിൽ കോണുകളിലായി റിവേഴ്സ് ലാമ്പുകളും റിയർ റിഫ്ലക്ടറുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
വരാനിരിക്കുന്ന നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിനും ക്യാമറിയൽ പെട്ടിട്ടുണ്ട്. പുതിയ ടാറ്റ നെക്‌സോണിന്റെ ഇന്റീരിയർ നിലവിലെ മോഡലിൽ നിന്ന് ഗണ്യമായി മാറിയിരിക്കുന്നതായി കാണാം, ഡ്രൈവർ കോക്ക്പിറ്റിനും സെന്റർ കൺസോളിനുമായി ഒരു പുതിയ ലേയൗട്ട് ടാറ്റ നൽകിയിരിക്കുന്നു. ഡ്രൈവർ കോക്ക്പിറ്റിൽ നിന്ന് ആരംഭിച്ചാൽ, ടു-സ്പോക്ക് മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീലിന് പിന്നിൽ ഒരു പുതിയ TFT ഇൻസ്ട്രുമെന്റ് കൺസോൾ സ്ഥാപിച്ചിരിക്കുന്നതായി കാണാം.
ഹാരിയർ, സഫാരി മോഡലുകളിൽ കാണപ്പെടുന്ന പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം അവതരിപ്പിക്കുന്ന ഡാഷ്‌ബോർഡിനും സെന്റർ കൺസോളിനും പുതുക്കിയ ഡിസൈൻ ശൈലി ലഭിക്കുന്നു. വരാനിരിക്കുന്ന നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ടാറ്റ മോട്ടോർസ് അവതരിപ്പിക്കും.
കൂടാതെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും മാറ്റം കൂടാതെ നിലനിർത്തും. നിലവിലെ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് AMT -യും പുതിയ മോഡലിലേക്കും ക്യാരി ഫോർവേഡ് ചെയ്യും എന്നാണ് ഇതിനർത്ഥം, ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ടാറ്റ അപ്‌ഡേറ്റുകളൊന്നും വരുത്തുന്നില്ല. എന്നിരുന്നാലും, ഈ രണ്ട് ഓപ്ഷനുകളിലും ഒരു അധിക ബദൽ ഓപ്ഷൻ ഉണ്ടാകും.
പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കാനും ടാറ്റ ഒരുങ്ങുന്നുണ്ട്. പുത്തൻ അപ്പ്ഡേറ്റുകളോടെ വിപണിയിൽ അനുദിനം ഉയർന്നു വരുന്ന കോംപറ്റീഷനെ നേരിടാൻ നെക്സോണിന് കഴിയും എന്ന പ്രതീക്ഷയിലാണ് പ്രാദേശിക വാഹന നിർമ്മാതാക്കൾ.
Image Courtesy: Divesh Bhatia Baaghi


Click it and Unblock the Notifications








