Tata Nexon Facelift കൂടുതല്‍ കിടുവാകും; ആകാംക്ഷയുണര്‍ത്തി ടാറ്റയുടെ ടീസര്‍
സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി) സെഗ്‌മെന്റ് കഴിഞ്ഞ കുറച്ച് നാളായി അടക്കി ഭരിക്കുകയാണ് ടാറ്റ നെക്‌സോണ്‍. 2023 സാമ്പത്തിക വര്‍ഷത്തിലും നെക്‌സോണിനെ പിന്തള്ളാന്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ എന്നീ വമ്പന്‍മാര്‍ക്ക് സാധിച്ചിട്ടില്ല. സബ് 4 മീറ്റര്‍ സെഗ്‌മെന്റില്‍ ബ്രെസയുമായി നേരിട്ടേറ്റുമുട്ടുമ്പോള്‍ മിഡ്‌സൈസ് വിഭാഗത്തിലെ അതികായന്‍മാരായ ക്രെറ്റക്കും വില്‍പ്പന കണക്കില്‍ ടാറ്റയുടെ ചുണക്കുട്ടനെ തോല്‍പ്പിക്കാനായിട്ടില്ല.
വിപണിയിലെ ഒന്നാം സ്ഥാനം നിര്‍ത്താനായി ടാറ്റ മോട്ടോര്‍സ് നെക്‌സോണിന്റെ മുഖംമിനുക്കിയ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ചാരച്ചിത്രങ്ങള്‍ക്കൊപ്പം ടാറ്റയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രത്യക്ഷപ്പെട്ട ടീസറുകള്‍ ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ടാറ്റ കര്‍വ് കാറിന്റെ നിന്നായിരിക്കും ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോണിന്റെ ഡിസൈന്‍ പ്രചോദനം എന്നാണ് അടുത്ത കാലത്തായി പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. സബ് 4 മീറ്റര്‍ എസ്‌യുവി ഡിസൈനിലേക്ക് ഈ ചിത്രങ്ങള്‍ വെളിച്ചം വീശുന്നു.

വിശദീകരിക്കുമ്പോള്‍ ഇതിന്റെ മുന്‍വശത്ത് വിശാലമായ എല്‍ഇഡി ലൈറ്റ് ബാറുകള്‍ ലഭിക്കുന്ന തരത്തില്‍ ഫ്യൂച്ചറിസ്റ്റിക്കായിട്ടായിരിക്കും ഡിസൈന്‍. മുന്‍വശത്ത് രണ്ട് ഭാഗങ്ങളുള്ള ഗ്രില്ലില്‍ താഴത്തെ ഗ്രില്ലിന് കാസ്‌കേഡിംഗ് ഇഫക്റ്റ് ഉണ്ട്. അതിലായിരിക്കും ടാറ്റയുടെ ട്രൈ-ആരോ ഘടകങ്ങള്‍ ഘടിപ്പിച്ചേക്കുക. ഇന്നത്തെ കാലത്തെ ട്രെന്‍ഡിംഗ് ഫീച്ചറായ ADAS ഉള്‍ക്കൊള്ളിച്ചായിരിക്കുമോ എസ്‌യുവി എത്തുകയെന്ന കാര്യം തീര്‍ച്ചയില്ല. കാരണം ചാരച്ചിത്രങ്ങളില്‍ ADAS ഉപയോഗം ശ്രദ്ധയില്‍ പെട്ടിട്ടില്ല.
ലാന്‍ഡ് റോവര്‍, പുതിയ ഹ്യുണ്ടായി ട്യൂസണില്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ടാറ്റ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിന് റിയര്‍ വൈപ്പര്‍ ലഭിക്കുന്നു. കാറിന്റെ വശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ സമാനമായിരിക്കും. എങ്കിലും കാറിനെ കുറച്ച് സ്‌പോര്‍ട്ടി ലുക്ക് ലഭിക്കാന്‍ അലോയ് വീലിലും ബോഡി ക്ലാഡിംഗിലും മാറ്റങ്ങള്‍ ഉണ്ടായേക്കും. പിന്‍ഭാഗത്തേക്ക് നീങ്ങിയാല്‍ സഫാരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന വീതിയുള്ള എല്‍ഇഡി സിഗ്‌നേച്ചര്‍ ടെയില്‍ ലൈറ്റുകള്‍ ലഭിക്കും.

നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പിലും ഈ മാറ്റങ്ങളെല്ലാം കാണാനാകും. കാറിന്റെ അകത്തേക്ക് കടന്നാല്‍ സീറ്റുകളിലാണ് ആദ്യം മാറ്റം പ്രകടമാകുക. പര്‍പ്പിള്‍ നിറത്തിലായിരിക്കും നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ സീറ്റുകള്‍ പൂര്‍ത്തിയാക്കുകയെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഡാഷ്ബോര്‍ഡും സെന്റര്‍ കണ്‍സോളും കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ ടു സ്പോക്ക് സ്റ്റിയറിംഗ് വീലും നമുക്ക് കാണാന്‍ കഴിയും.
വലിയ 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ബില്‍റ്റ്-ഇന്‍ എയര്‍ പ്യൂരിഫയര്‍, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ടാറ്റ നെക്‌സോണ്‍ ഫെയ്‌സലിഫ്റ്റില്‍ നമുക്ക് പ്രതീക്ഷിക്കാം. അതേ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ആയിരിക്കും നെക്‌സോണ്‍ ഫെയ്‌സലിഫ്റ്റിന് തുടിപ്പേകുക.
125 bhp കരുത്തും 225 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ പെട്രോള്‍ മില്‍ ട്യൂണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഡീസല്‍ എഞ്ചിനില്‍ കൈവെച്ചേക്കില്ല. ഡീസല്‍ പവര്‍ട്രെയിന്‍ 113 bhp പവറും 260 Nm ടോര്‍ക്കും നല്‍കുന്നു. മുഖംമിനുക്കിയെത്തുന്ന നെക്‌സോണില്‍ AMT-ക്ക് പകരക്കാരനായി DCT ഗിയര്‍ബോക്‌സ് ഇടംപിടിച്ചേക്കുമെന്നും സംസാരമുണ്ട്. എന്നാല്‍ ഇത് 6-സ്പീഡ് യൂണിറ്റാണോ അതോ 7-സ്പീഡ് യൂണിറ്റാകുമോ എന്ന കാര്യവും വ്യക്തമല്ല. ആള്‍ട്രോസില്‍ 6 സ്പീഡ് യൂണിറ്റാണ് വരുന്നത്.
ഉയര്‍ന്ന സേഫ്റ്റി റേറ്റിംഗ്, വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍, ധാരാളം വേരിയന്റുകള്‍, ടാറ്റയുടെ ബ്രാന്‍ഡ് വാല്യു എന്നിവയെല്ലാം നെക്‌സോണിലേക്ക് ജനങ്ങളെ അടുപ്പിക്കുന്ന ഘടകങ്ങളായി വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സെമി കണ്ടക്ടര്‍ ക്ഷാമം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചതിനാല്‍ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നെക്‌സോണിന്റെ കാത്തിരിപ്പ് കാലയളവ് കുറഞ്ഞു. ഇതും ഒരുപാട് കസ്റ്റമേഴ്‌സ് നെക്‌സോണിലേക്ക് മാറാന്‍ ഇടയാക്കി. ഈ വിജയങ്ങള്‍ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലൂടെയും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടാറ്റ.
കാര്‍ ബ്രാന്‍ഡുകളുടെ ചാകരക്കാലമായ ഉത്സവ സീസണിന് മുമ്പ് ഈ വര്‍ഷം മധ്യത്തോടെ ലോഞ്ച് ഉണ്ടായേക്കും. ഈ വര്‍ഷ ജൂണിലായിരിക്കും ഫെയ്സ്ലിഫ്റ്റഡ് നെക്സോണ്‍ നിര്‍മാണത്തിന് കയറുക. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നീ മോഡലുകളുമായിട്ടായിരിക്കും മത്സരം. 7.80 ലക്ഷം രൂപ മുതല്‍ 14.35 ലക്ഷം രൂപ വരെയാണ് നിലവില്‍ നെക്സോണിന്റെ എക്സ്ഷോറൂം വില. ഏകദേശം ഇതേ വിലയില്‍ തന്നെയാകും ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ബെസ്റ്റ് സെല്ലര്‍ വിപണിയില്‍ ഇറക്കുന്നത്.


Click it and Unblock the Notifications








