ലുക്കിന് ലുക്ക്, ഒപ്പം വിലയും കുറവ്; നെക്‌സോണിനെ നേരിടാന്‍ എതിരാളികള്‍ പുതിയ അടവുകള്‍ പയറ്റേണ്ടി വരും
ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ബെസ്റ്റ് സെല്ലര്‍ എസ്‌യുവിയായ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വില പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മുമ്പുള്ളതിനേക്കാല്‍ പ്രീമിയം ലുക്കിലാണിപ്പോള്‍ ജനപ്രിയന്‍ വരുന്നത്. നേരത്തെ തന്നെ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ബുക്കിംഗും ടാറ്റ ആരംഭിച്ചിരുന്നു. നിങ്ങള്‍ ഏറ്റവും പുതിയ ടാറ്റ നെക്‌സോണ്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ സെഗ്‌മെന്റിലെ മറ്റ് കാറുകളായ ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, കിയ സോനെറ്റ് എന്നിവയുമായുള്ള ഈ താരതമ്യം ഒന്ന് വായിച്ചിട്ട് പോകൂ.
വലിപ്പം: നെക്‌സോണ്‍ അടക്കം നാല് എസ്‌യുവികള്‍ക്കും 3995 mm നീളമാണുള്ളത്. ഉയരം നോക്കുമ്പോള്‍ ടാറ്റ നെക്‌സോണ്‍ 1620 mm ആണ് അളക്കുന്നത്. ഹ്യുണ്ടായി വെന്യുവിനും (1617 mm) കിയ സോനെറ്റിനും (1610 mm) നെക്‌സോണിനേക്കാള്‍ ഉയരം കുറവാണ്. അതേസമയം XUV300-ക്ക് നെക്‌സോണിനേക്കാള്‍ 7 mm ഉയരം കൂടുതലാണ്. മഹീന്ദ്ര XUV300 (1821) സെഗ്മെന്റിലെ ഏറ്റവും വീതിയുള്ള മോഡലായി തുടരുന്നു.

നെക്സോണ്‍ (1804), സോനെറ്റ് (1790), വെന്യു (1770) എന്നിവ പിന്നിലാണ്. വെന്യു, XUV300, കിയ സോനെറ്റ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2498 mm നീളമുള്ള വീല്‍ബേസിലാണ് പുതിയ ടാറ്റ നെക്‌സോണ്‍ ഇരിക്കുന്നത്. അല്‍പ്പം കൂടുതല്‍ ബൂട്ട് സ്പെയ്സുള്ള അല്‍പ്പം വിശാലമായ ക്യാബിന്‍ ഉള്‍ക്കൊള്ളാന്‍ ഇത് സഹായിക്കും. അതിനാല്‍ നെക്‌സോണ്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ പ്രായോഗികമായെന്ന് പറയാം.
ഫീച്ചര്‍: പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, വലിയ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുള്‍പ്പെടെ പുത്തന്‍ ഡാഷ്‌ബോര്‍ഡ് അലഡ്ങ്കരിച്ചാണ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്. റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന സീറ്റുകള്‍, ജെബിഎല്‍ സ്പീക്കര്‍ സിസ്റ്റം, 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് പാഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ മുതലായവ ഫീച്ചറുകളം ഇതില്‍ വരുന്നു.
ഹ്യുണ്ടായി വെന്യുവിന് 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ലഭിക്കുന്നുണ്ടെങ്കിലും നെക്സോണിനെ പോലെ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കില്ല. ഇത് കൂടാതെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ-ക്ലൈമേറ്റ് കണ്‍ട്രോള്‍, 4-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, സിംഗിള്‍-പേന്‍ സണ്‍റൂഫ്, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ് എന്നിവയും വെന്യവിന്റെ ഫീച്ചര്‍ ലിസ്റ്റിലുണ്ട്. സോനെറ്റിലേക്ക് വന്നാല്‍ ഇതില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് ലഭിക്കുന്നു.
ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും എയര്‍ പ്യൂരിഫയറും ലഭിക്കും. ഇക്കൂട്ടത്തില്‍ ഏറ്റവും ചെറിയ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ് ലഭിക്കുന്നത് മഹീന്ദ്ര മോഡലിനാണ്. 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റാണ് മഹീന്ദ്ര XUV300-ലുള്ളത്. എങ്കിലും ഇത് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണ നല്‍കുന്നു. ഒരു സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതില്‍ ഓഫര്‍ ചെയ്യുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ്് കാര്‍ ടെക്, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
സേഫ്റ്റി ഫീച്ചറുകള്‍: പുതിയ ടാറ്റ നെക്സോണില്‍ ഇപ്പോള്‍ എബിഎസ്, ഇബിഡി എന്നിവയ്ക്കൊപ്പം ആറ് എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ എന്നിവയും സേഫ്റ്റി കിറ്റില്‍ ലഭ്യമാണ്. എബിഎസ്, ഇബിഡി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍വ്യൂ ക്യാമറ, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് എന്നിവയ്ക്കൊപ്പം ആറ് എയര്‍ബാഗുകള്‍ എന്നിവ ഹ്യുണ്ടായി വെന്യുവിന് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.
എബിഎസ്, ഇബിഡി, കോര്‍ണറിംഗ് ബ്രേക്കിംഗ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍ എന്നിവയാണ് മഹീന്ദ്ര XUV300 എസ്‌യുവിയുടെ സുരക്ഷ സവിശേഷതകള്‍. സോനെറ്റിന് സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, ഇബിഡി, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും സേഫ്റ്റി ഫീച്ചറുകളായി ലഭിക്കുന്നു.
പവര്‍ട്രെയിന്‍: ടാറ്റ മുമ്പത്തെ അതേ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ തുടര്‍ന്നും വാഗ്ദാനം ചെയ്യും. മഹീന്ദ്ര 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമായാണ് വരുന്നത്. നെക്‌സോണിനെയും XUV300-യെയും അപേക്ഷിച്ച് വൈവിധ്യമായ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായാണ് വെന്യുവും സോനെറ്റും വരുന്നത്. വെന്യുവും സോനെറ്റും മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും നാല് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും വാങ്ങാന്‍ സാധിക്കും. പുതിയ നെക്സോണ്‍ നാല് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടെയാണ് വരുന്നത്.
വില: ആകര്‍ഷകമായ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചതോടെ നിലവില്‍ സെഗ്‌മെന്റിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള എസ്‌യുവിയായി നെക്‌സോണ്‍ മാറി. 8.10 ലക്ഷം രൂപ മുതല്‍ 13 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പോകുന്നത്. സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, ഫിയര്‍ലെസ് എന്നിങ്ങനെ നാല് ട്രിമ്മുകളിലായാണ് നെക്‌സോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
നാല് മോഡലുകളില്‍ ഏറ്റവും ഉയര്‍ന്ന് പ്രാരംഭ വിലയുള്ളത് വെന്യുവിനാണ്. 10.46 ലക്ഷം മുതല്‍ 13.48 ലക്ഷം രൂപ വരെയാണ് വെന്യുവിന്റെ എക്‌സ്‌ഷോറൂം വില. കിയ സോനെറ്റ് സ്വന്തമാക്കാന്‍ 9.95 ലക്ഷം രൂപ മുതല്‍ 13.44 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. 9.90 ലക്ഷം മുതല്‍ 13.89 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV300 എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








