ക്ഷമയുണ്ടെങ്കില്‍ ഇത്തിരി കാത്തിരിക്കണേ; മുഖംമിനുക്കി എത്തുന്നുണ്ട് 6 ജനപ്രിയ എസ്‌യുവികള്‍
2023 വര്‍ഷം പകുതി പിന്നിടാന്‍ പോകുകയാണ്. അടുത്ത ഏതാനും മാസങ്ങള്‍ കൂടി കഴിയുന്നതോടെ വാഹന വിപണി കൂടുതല്‍ സജീവമാകും. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് വാഹന നിര്‍മാതാക്കള്‍ ഉല്‍പ്പന്നങ്ങള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. വരും മാസങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ചില കാറുകള്‍ മുഖംമിനുക്കി എത്താന്‍ പോകുകയാണ്.
ഹ്യുണ്ടായി ക്രെറ്റ, ടാറ്റ നെക്സോണ്‍, ഹാരിയര്‍, സഫാരി, കിയ സെല്‍റ്റോസ്, സോനെറ്റ് എന്നിവക്കാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ ലഭിക്കാന്‍ പോകുന്നത്. ഇവയില്‍ ചിലതിന് ലുക്കിലും ഫീച്ചറുകളിലും മാത്രമായി ചില പരിഷ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ ചിലതിന് മെക്കാനിക്കലായി കാതലായ മാറ്റങ്ങളും പ്രതീക്ഷിക്കുന്നു. അതിനാല്‍ ഇവയില്‍ ഏതെങ്കിലുമൊരു കാര്‍ നിങ്ങള്‍ വാങ്ങാനായി മനസ്സില്‍ കണ്ടിട്ടുണ്ടെങ്കില്‍ അല്‍പ്പസമയം കൂടി കാത്തിരിക്കണമെന്നാണ് ഞങ്ങള്‍ പറയുക. അവയെ കുറിച്ച് വിശദമായി നോക്കാം.

ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്: ഈ വര്‍ഷം ഓഗസ്‌റ്റോടെ ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയേക്കും. എസ്‌യുവി നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. ടാറ്റ കര്‍വ്വ് കണ്‍സെപ്റ്റില്‍ നിന്ന് ഡിസൈന്‍ കടംകൊണ്ടായിരിക്കും ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ രൂപകല്‍പ്പന. ഫുള്‍ എല്‍ഇഡി ലൈറ്റ്ബാറുമായി വരുന്ന ഇതിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും പുതുക്കിപ്പണിയും.
വലിയ ടച്ച്സ്‌ക്രീന്‍, പുതുക്കിയ സെന്റര്‍ കണ്‍സോള്‍, ഒരു പുതിയ ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവയായിരിക്കും ഇന്റീരിയറില്‍ കാണാവുന്ന മാറ്റങ്ങള്‍. 125 bhp പവര്‍ നല്‍കുന്ന പുതിയ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന ലഭിച്ചേക്കും. അതേസമയം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടര്‍ന്നും ലഭിക്കും. ഫെയ്‌സ്‌ലിഫ്റ്റില്‍ ലഭിക്കുന്ന പരിഷ്‌കാരങ്ങള്‍ ഇലക്ട്രിക് പതിപ്പിലും നടപ്പാക്കിയേക്കും.

ടാറ്റ ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റ്: ഈ വര്‍ഷം ഒക്ടോബറിലായിരിക്കും ടാറ്റ ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ്. നെക്‌സോണിനെ പോലെ തന്നെ കര്‍വ്വില്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങള്‍ ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റിലും കാണാന്‍ സാധിച്ചേക്കും. ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പ് 2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ഹാരിയര്‍ ഇവി കണ്‍സെപ്റ്റില്‍ നിന്നും ഡിസൈന്‍ പ്രചോദനമുണ്ടാവും.
അതിനാല്‍ തന്നെ ടാറ്റ ഹാരിയറിന്റെ മുഖം പൂര്‍ണമായി പുനര്‍രൂപകല്‍പ്പന ചെയ്യും. വെര്‍ട്ടിക്കലായുള്ള ഹെഡ്ലാമ്പുകളും ബമ്പറിലെ ടെയില്‍ ലാമ്പുകളും, ഫുള്‍ വീതിയിലുള്ള എല്‍ഇഡി ലൈറ്റ് ബാറുകളും, കൂടുതല്‍ ഷാര്‍പ്പ് ഡിസൈനുമായിരിക്കും ലഭിക്കുക. ADAS സുരക്ഷയും വലിയ ടച്ച്സ്‌ക്രീനുമെല്ലാം നല്‍കി അടുത്തിടെ ടാറ്റ ഹാരിയര്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു.
എന്നാല്‍ പുതിയ മോഡലിലേക്ക് എത്തുമ്പോള്‍ ഡാഷ്‌ബോര്‍ഡ് പൂര്‍ണമായും ഉടച്ചുവാര്‍ത്തേക്കും. 170 bhp പവര്‍ നല്‍കുന്നു 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടര്‍ന്നും വാഗ്ദാനം ചെയ്യും. എന്നാല്‍ ടാറ്റ ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ ഒരു 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പ്രതീക്ഷിക്കാം. ഈ എഞ്ചിന്‍ 170 bhp പവര്‍ നല്‍കിയേക്കും. ഉത്സവ സീസണിലായിരിക്കും അരങ്ങേറ്റം.
ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ്: ഹാരിയറിന്റെ എസ്‌യുവി ഇരട്ടയും മുന്‍നിര മോഡലുമായ സഫാരിക്കും മുഖംമിനുക്കല്‍ ടാറ്റ നല്‍കുന്നുണ്ട്. ഹാരിയര്‍ ഇവി കണ്‍സെപ്റ്റില്‍ നിന്നാണ് ഇതിന്റെയും ഡിസൈന്‍ കടമെടുക്കുക. ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചാരച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഡിസൈന്‍ ഏകദേശം സമമാണെങ്കിലും സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ റിയര്‍ പ്രൊഫൈല്‍ വ്യത്യസ്തമായിരിക്കും. പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഇരുമോഡലുകളും പങ്കുവെക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനൊപ്പം സഫാരിയിലും ടാറ്റ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ നല്‍കിയേക്കും. ഇരുമോഡലുകളും ഒരുമിച്ചായിരിക്കും അരങ്ങേറുക.
കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്: 2019-ലാണ് കിയ സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. അന്ന് മുതല്‍ കിയയുടെ ബെസ്റ്റ് സെല്ലര്‍ മോഡലാണ് സെല്‍റ്റോസ്. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രണ്ടാമനായ സെല്‍റ്റോസിന് ഇതുവരെ അപ്‌ഡേറ്റുകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ കിയ സെല്‍റ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് കഴിഞ്ഞ വര്‍ഷം മധ്യത്തോടെ ആഗോള വിപണിയില്‍ എത്തിയിരുന്നു. അതിനാല്‍ തന്നെ ഈ വര്‍ഷം ജൂണിലേ ജൂലൈയിലോ കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ ലോഞ്ചാവുമെന്നാണ് പ്രതീക്ഷ.

പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലുമായിട്ടാകും സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുക. ഗ്രില്ലിലേക്ക് നീളുന്ന പുതുക്കിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോടുകൂടിയ പുതിയ ഹെഡ്ലാമ്പ് യൂണിറ്റായിരിക്കും വെളിച്ചം പകരുക. പിന്‍വശവും പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്യും. ഇത് ലൈറ്റ് ബാറുമായി ബന്ധിപ്പിക്കും. ഇന്റീരിയറില്‍ പുതിയ കണക്റ്റഡ് ട്വിന്‍ സ്‌ക്രീന്‍ ലേഔട്ടും പുതുക്കിയ സെന്റര്‍ കണ്‍സോളും ലഭിക്കും.
ഇപ്പോഴത്തെ ട്രെന്‍ഡിംഗ് ഫീച്ചറായ ADAS സേഫ്റ്റി സ്യൂട്ട് കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റില്‍ വാഗ്ദാനം ചെയ്‌തേക്കും. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തുടര്‍ന്നും വാഗ്ദാനം ചെയ്യും. പഴയ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മാറ്റിസ്ഥാപിക്കും. ഈ എഞ്ചിന്‍ 160 bhp പവറും 253 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. പഴയ 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ 140 bhp പവറായിരുന്നു നല്‍കിയിരുന്നത്.

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്: കഴിഞ്ഞ ദിവസം കിയ സോനെറ്റിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് പുറത്തിറക്കിയിരുന്നു. അധികം വൈകാതെ ഈ ഡിസംബറില്‍ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പും പുറത്തിറങ്ങാനാണ് സാധ്യത. 2021-ല്‍ ലോഞ്ച് ആയ ശേഷം അപ്‌ഗ്രേഡുകള്‍ ലഭിക്കാത്തതിനാല്‍ സോനെറ്റ് എസ്‌യുവിക്ക് മിഡ്-ലൈഫ് സൈക്കിള്‍ അപ്ഡേറ്റ് നല്‍കാന്‍ സമയമടുത്തിരിക്കുകയാണ്. വിദേശത്തെ നിരത്തുകളില്‍ കിയ സോനെറ്റ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ നിരവധി പുറത്തുവന്നിരുന്നു.
മുന്‍വശത്തും പിന്‍വശത്തും സമൂലമായ മാറ്റങ്ങളോടെയാകും കിയ സോനെറ്റിന്റെ വരവ്. സ്‌പൈ ചിത്രങ്ങളില്‍ നിന്ന് ഇന്റീരിയറിനെ കുറിച്ച് സൂചനകള്‍ ഒന്നുമില്ലെങ്കിലും ഫീച്ചര്‍ ലിസ്റ്റും കിയ അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് പ്രതീക്ഷ. കോസ്‌മെറ്റിക്കായ മാറ്റങ്ങളില്‍ കവിഞ്ഞ് മെക്കാനിക്കലായ മാറ്റങ്ങള്‍ ഒന്നും കിയ സോനെറ്റിന് ലഭിക്കില്ലെന്നാണ് സൂചന. അതിനാല്‍ തന്നെ 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ആവും തുടര്‍ന്നും ഈ മോഡല്‍ വാങ്ങാന്‍ സാധിക്കുക.

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്: ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാതതിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് കാര്‍ ആയിരിക്കും ജനപ്രിയനായ ഹ്യുണ്ടായി ക്രെറ്റ. ചില ആഗോള വിപണികളില്‍ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇതിനോടകം വില്‍പ്പനയില്‍ ഉണ്ടെങ്കിലും അത് ഇന്ത്യയിലെത്താന്‍ 2024 ആകുമെന്നാണ് സൂചന. വരാനിരിക്കുന്ന എക്സ്റ്റര്‍, പുതിയ വെര്‍ണ എന്നിവയില്‍ നിന്ന് ഡിസൈന്‍ വായ്പയെടുത്താകും എത്തുകയെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചന നല്‍കുന്നത്.
ക്രെറ്റ എസ്‌യുവിയുടെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രകടമായിരിക്കും. 360 ഡിഗ്രി ക്യാമറ, ADAS എന്നീ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തേക്കും. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തുടര്‍ന്നും ഓഫര്‍ ചെയ്യും. എന്നാല്‍ നിലവിലെ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് പകരം 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഓഫര്‍ ചെയ്യാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications