Tata Price Hike പഞ്ചും നെക്‌സോണും ഹാരിയറും വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ ആവാം; വില വര്‍ധനവ് പ്രഖ്യാപിച്ച് ടാറ്റ
ഈ വര്‍ഷം ആരംഭം മുതല്‍ ഇന്ത്യയിലെ വാഹന ഉപഭോക്താക്കള്‍ക്ക് കഷ്ടകാലമാണ്. കാരണം ഒന്നിലേറെ തവണയാണ് 2023 തുടങ്ങി വെറും മൂന്ന് മാസങ്ങള്‍ മാത്രം പിന്നിടുന്നതിനിടെ വാഹനങ്ങള്‍ക്ക് വില കൂടിയത്. അതില്‍ കമ്പനി വ്യത്യാസങ്ങള്‍ ഒന്നുമില്ല. മിക്ക കമ്പനികളും നിര്‍മാണച്ചെലവുകള്‍ വര്‍ധിച്ചുവെന്ന കാരണം പറഞ്ഞ് പുതുവര്‍ഷത്തില്‍ വില വര്‍ധനവ് നടപ്പാക്കി.
പിന്നെ പിന്നെ നിശബ്ദമായി വില വര്‍ധിപ്പിക്കുകയാണ്. ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച്ബാക്കായ i20-ക്ക് ഒരുമാസത്തിനിടെ രണ്ട് വട്ടമാണ് വില കൂടിയത്. ഇപ്പോള്‍ ഇരുട്ടടിയായി കൊണ്ട് രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് (Tata Motors) വില വര്‍ധനവ് പ്രഖ്യാപിച്ചു. 2023 മെയ് 01 മുതല്‍ തങ്ങളുടെ പാസഞ്ചര്‍ കാര്‍ ശ്രേണിയുടെ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചു (Tata Price Hike).

ടാറ്റ കാറുകളുടെ വിലയില്‍ വേരിയന്റും മോഡലും അനുസരിച്ച് ശരാശരി 0.6 ശതമാനം വര്‍ധനവുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. നാലുമാസത്തിനിടെ ടാറ്റയുടെ മൂന്നാമത്തെ വില വര്‍ധനവാണിത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ടാറ്റ തങ്ങളുടെ കാറുകള്‍ക്ക് 1.2 ശതമാനം വരെ വില വര്‍ധിപ്പിച്ചിരുന്നു. അതിന് മുമ്പ് ജനുവരിയിലും ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ വില കൂട്ടിയിരുന്നു.
റെഗുലേറ്ററി മാറ്റങ്ങളും മൊത്തത്തിലുള്ള ഇന്‍പുട്ട് ചെലവുകളിലെ വര്‍ധനവും കാരണം വര്‍ധിച്ച ചെലവിന്റെ ഒരു പ്രധാന ഭാഗം കമ്പനി ഏറ്റെടുക്കുന്നതായി ടാറ്റ മോട്ടോര്‍സ് പറഞ്ഞു. എന്നിരുന്നാലും ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് കൈമാറാതെ നിര്‍വാഹമില്ലെന്നാണ് കമ്പനി പറയുന്നത്. പലര്‍ക്കും അറിയാവുന്ന പോലെ ബിഎസ് VI രണ്ടാം ഘട്ട എമിഷന്‍ മാനദണ്ഡങ്ങളുടെ ഫലമാണ് ഈ വിലവര്‍ധനവ്. ഏപ്രില്‍ 01 മുതലാണ് പുതിയ മലീനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കാറുകള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. ബിഎസ് VI രണ്ടാം ഘട്ട മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കാറുകളില്‍ ഒരു ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക് ചിപ്പ് ഘടിപ്പിക്കേണ്ടതുണ്ട്, അത് യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ (റിയല്‍ ഡ്രൈവിംഗ് എമിഷന്‍) കാറിന്റെ എമിഷന്‍ നിരീക്ഷിക്കും. അതുവഴി കാറിന്റെ എമിഷന്‍ ലാബ് പരിശോധനകളിലേതിന് തുല്യമാണെന്ന് ഉറപ്പാക്കുന്നു. പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കുന്ന എഞ്ചിന്‍ മലിനീകരണം കുറക്കുന്നുവെന്ന് മാത്രമല്ല എഥനോള്‍ മിശ്രിത ഇന്ധനത്തിന് (E20) അനുസൃതം കൂടിയാണ്.
കാര്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കാന്‍ ചെലവ് കൂടുന്നതാണ് വില വര്‍ധനവിന് കാരണം. അതിനാല്‍ തന്നെ വിലവര്‍ധനവ് എന്‍ട്രി ലെവല്‍ മോഡല്‍ മുതല്‍ ടോപ് ലെവല്‍ മോഡലുകളെ വരെ ബാധിക്കുന്നു. എന്‍ട്രി ലെവല്‍ ടിയാഗോ, ടിഗോര്‍ മുതല്‍ പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എസ്‌യുവികള്‍ വരെയുള്ള കമ്പനിയുടെ ശ്രേണിയിലെ എല്ലാ മോഡലുകള്‍ക്കും വിലവര്‍ധനവ് പ്രതീക്ഷിക്കുന്നു.

മെയ് ആരംഭത്തില്‍ ടാറ്റ കാറുകളുടെ പുതുക്കിയ വില അറിയാം. ടാറ്റ മാത്രമല്ല ഈ വര്‍ഷം വില വര്‍ധനവ് നടപ്പാക്കിയത്. മാരുതി സുസുക്കി (Maruti Suzuki), ഹ്യുണ്ടായി മോട്ടോര്‍സ് (Hyundai Motors) മുതല്‍ ഹോണ്ട (Honda) വരെയുള്ള ബ്രാന്‍ഡുകള്‍ മോഡല്‍ അനുസരിച്ച് 2,000 രൂപ മുതല്‍ 15,000 രൂപ വരെ വില വര്‍ധിപ്പിച്ചിരുന്നു. ഇതേ ടാറ്റ തന്നെ ഈ മാസം ആദ്യം വാണിജ്യ വാഹനങ്ങളുടെ വില അഞ്ച് ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ജനപ്രിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ മഹീന്ദ്ര ഥാറിന്റെ (Mahindra Thar) വില 1.05 ലക്ഷം രൂപ ഉയര്‍ത്തിയത്. എമിഷന്‍ മാനദണ്ഡങ്ങള്‍ തന്നെയാണ് ഇവിടെയും വില വര്‍ധനവിന്റെ കാരണം. ഇതിനിടെ 2023 ഫെബ്രുവരിയില്‍ ടാറ്റ മോട്ടോഴ്‌സ് നെക്‌സോണ്‍ ഇവി മാക്‌സിന്റെ (Tata Nexon EV Max) വില കുറച്ച കാര്യം വിസ്മരിക്കുന്നില്ല. പുതിയ ട്രിം മോഡല്‍ അവതരിപ്പിച്ചതിനൊപ്പം ഇലക്ട്രിക് കാറിന്റെ റേഞ്ചും കമ്പനി കൂട്ടി.
ഇപ്പോള്‍ നെക്‌സോണ്‍ ഇവി മാക്‌സ് ഇപ്പോള്‍ ഒറ്റചാര്‍ജില്‍ 453 കിലോമീറ്റര്‍ സഞ്ചരിക്കും. 16.49 ലക്ഷം രൂപയാണ് ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സിന്റെ വില. ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, i-VBAC, റിയര്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയടക്കം നിരവധി പ്രീമിയം ഫീച്ചറുകളുമായിട്ടാണ് ഇവി വരുന്നത്. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയുമായി (Mahindra XUV400) രംഗത്തെത്തിയ സാഹചര്യത്തിലാണ് ടാറ്റ വില കുറച്ചതെന്ന കാര്യം എടുത്ത് പറയണം.


Click it and Unblock the Notifications








