27 കി.മീ മൈലേജുള്ള ടാറ്റ കാര്‍ വാങ്ങാനായി ആളുകള്‍ വരിനില്‍ക്കുന്നു! വില ഇത്രയും കുറവോ?
ഇന്ത്യയില്‍ പുതുതായി ഉരുത്തിരിഞ്ഞ് വന്ന കാര്‍ സെഗ്‌മെന്റാണ് മൈക്രോ എസ്‌യുവി. ടാറ്റ പഞ്ച് ആണ് നിലവില്‍ ഈ സെഗ്‌മെന്റ് ഭരിക്കുന്നത്. ഹ്യുണ്ടായിയില്‍ നിന്ന് സമീപകാലത്ത് ഒരു പുത്തന്‍ എതിരാളി വന്നിട്ടും പഞ്ചിന്റെ വില്‍പ്പന മുകളിലോട്ട് തന്നെയാണ്. 2023 ഒക്‌ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു പഞ്ച്.
പഞ്ചില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്റ്റാന്‍ഡേര്‍ഡായി വരുമെന്ന വാര്‍ത്ത വന്നത് ഇക്കഴിഞ്ഞ ദിവസമാണ്. പ്യുവര്‍, അഡ്വഞ്ചര്‍, അകംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ടാറ്റ പഞ്ച് വില്‍പ്പനക്കെത്തുന്നത്. നിലവില്‍ ഇതിന്റെ പ്രാരംഭ വില 6 ലക്ഷം രൂപ മാത്രമാണ്. അതേ സമയം റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 10.10 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.

പെട്രോളിന് പുറമെ മൈക്രോ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പും ടാറ്റ വിപണിയില്‍ എത്തിക്കുന്നുണ്ട്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പഞ്ച് പെട്രോളിന് തുടിപ്പേകുന്നത്. ഐസിഇ പതിപ്പില്‍ ഈ എഞ്ചിന്‍ 84 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്നു. അതേസമയം സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്റെ പവര്‍ ഔട്ട്പുട്ട് 72 bhp, 103 Nm എന്നിങ്ങനെ ആയി മാറുന്നു.
പെട്രോള്‍ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പവര്‍ ഔട്ട്പുട്ട് അല്‍പ്പം കുറവാണെങ്കിലും സിഎന്‍ജി പതിപ്പ് ഉയര്‍ന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. പഞ്ചിന്റെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.09 കിലോമീറ്ററും ഓട്ടോമാറ്റിക് 18.8 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. പഞ്ച് കാറിന്റെ സിഎന്‍ജി പതിപ്പ് കിലോയ്ക്ക് 26.99 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ടാറ്റ മോട്ടോര്‍സ് അവകാശപ്പെടുന്നു.

പെട്രോള്‍ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മികച്ച മൈലേജാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പെട്രോളിന്റെ ഉയര്‍ന്ന വില കാരണം ഇന്ന് പലരും ബദല്‍ ഇന്ധനങ്ങളിലേക്ക് മാറുകയാണ്. സിഎന്‍ജി കാറകളുടെ ഉയര്‍ന്ന മൈലേജ് കാരണം അവക്ക് ഇപ്പോള്‍ വമ്പന്‍ ഡിമാന്‍ഡാണ്. ഇതുമൂലം ടാറ്റ പഞ്ച് കാറിന്റെ സിഎന്‍ജി പതിപ്പുകള്‍ വാങ്ങാനും ആളുകള്‍ മത്സരിക്കുന്നു. ഇത് ടാറ്റ പഞ്ച് സിഎന്‍ജി പതിപ്പുകളുടെ കാത്തിരിപ്പ് കാലയളവിലും പ്രതിഫലിക്കുന്നു.
2023 നവംബറില്‍ ടാറ്റ പഞ്ചിന്റെ സിഎന്‍ജി പതിപ്പുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് മൂന്ന് മുതല്‍ 12 ആഴ്ച വരെയാണ്. അതായത് ബുക്കിംഗ് തീയതി മുതല്‍ മൂന്ന് മുതല്‍ 12 ആഴ്ച വരെ കാത്തിരുന്നാല്‍ മാത്രമേ ടാറ്റ പഞ്ച് കാറിന്റെ സിഎന്‍ജി പതിപ്പുകളുടെ താക്കോല്‍ കൈയ്യില്‍ കിട്ടൂവെന്ന് സാരം. അതേസമയം പഞ്ചിന്റെ പെട്രോള്‍ പതിപ്പുകള്‍ക്കായല വെറും മൂന്ന് മുതല്‍ നാല് ആഴ്ച വരെ കാത്തിരുന്നാല്‍ മതി.

സിഎന്‍ജി പതിപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് ഈ കണക്കുകള്‍ നമുക്ക് വ്യക്തമായി കാണിച്ചുതരുന്നു. പെട്രോളിനും ഡീസലിനും തീവിലയുള്ള ഇക്കാലത്ത് മികച്ച മൈലേജുള്ള കാര്‍ നോക്കുന്നവര്‍ക്ക് ടാറ്റ പഞ്ചിന്റെ സിഎന്‍ജി പതിപ്പുകള്‍ തിരഞ്ഞെടുക്കാം. പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ടാറ്റയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയിലെ നാലാമത്തെ മോഡല്‍ ആയിരിക്കും പഞ്ച് ഇവി. ഇ്‌ലക്ട്രിക് കാറുകള്‍ ജനകീയമായി വരുന്നുണ്ടെങ്കിലും ഇന്നും അവയോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നവരുണ്ട്. ചിലര്‍ സിഎന്‍ജി, ഹൈബ്രിഡ് കാറുകളിലേക്ക് മാറുന്നു.
കുറഞ്ഞ റണ്ണിംഗ് കോസ്റ്റും മികച്ച സുരക്ഷാ മാനദണ്ഡങ്ങളും ഫില്ലിംഗ് സ്റ്റേഷനുകളുടെ വിശാലമായ ലഭ്യതയും ഉപഭോക്താക്കളെ സിഎന്‍ജി കാറുകളിലേക്ക് അടുപ്പിക്കുന്നുണ്ട്. 2016-17 കലഘട്ടത്തില്‍ രാജ്യത്ത് വെറും 1,233 സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷനുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ അത് 5,710 ആയി ഉയര്‍ന്നതായാണ് കണക്കുകള്‍.
2016-17 വര്‍ഷം 13 സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു സാന്നിധ്യമെങ്കില്‍ ഇന്ന് 26 സംസ്ഥാനങ്ങളിലായി ഏകദേശം 333 നഗരങ്ങളില്‍ സിഎന്‍ജി ലഭ്യമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷനുകളുടെ എണ്ണം 17,000 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂടുന്നത് ഈ ബദല്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ കൂടുതല്‍ ജനകീയമാക്കും.


Click it and Unblock the Notifications








