സണ്‍റൂഫ് വരുമെന്ന് പറഞ്ഞു, വന്നു; എക്‌സ്റ്ററിനെ ഒതുക്കാന്‍ പഞ്ച് സിഎന്‍ജി ഉടന്‍
ഉപഭോക്തൃ താല്‍പര്യങ്ങള്‍ മനസ്സിലാക്കി തങ്ങളുടെ വാഹനങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരു മടിയും ഇല്ലാത്ത ബ്രാന്‍ഡാണ് ടാറ്റ മോട്ടോര്‍സ്. ആവശ്യം വരുമ്പോള്‍ തങ്ങളുടെ വാഹനങ്ങളില്‍ ട്രെന്‍ഡി ഫീച്ചറുകള്‍ നല്‍കുന്നതാണ് അവരുടെ പതിവ്. ഈ രീതിയില്‍ സണ്‍റൂഫും സിഎന്‍ജി കിറ്റുമെല്ലാം നല്‍കുന്ന തന്ത്രമാണ് അവര്‍ സമീപകാലത്തായി പയറ്റി വിജയിച്ചത്.
ഈ രീതി ഫലം കാണുകയും വില്‍പ്പന ഉയര്‍ത്തുകയും ചെയ്യുന്നതായി സമീപകാലത്തെ ഉദാഹരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. സണ്‍റൂഫും സിഎന്‍ജി കിറ്റുമായി എത്തിയ ആള്‍ട്രോസ് കഴിഞ്ഞ മാസം നേടിയെടുത്തത് 7,250 യൂണിറ്റ് വില്‍പ്പനയാണെന്നത് ഈ തന്ത്രത്തിന്റെ വിജയമാണ്. നിലവില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിന് താഴെ മറ്റൊരു സെഗ്‌മെന്റ് കൂടിയുണ്ട്. മൈക്രോ എസ്‌യുവികള്‍ എന്ന് വിളിക്കാവുന്ന ഈ കാറുകള്‍ക്കിടയില്‍ ടാറ്റ പഞ്ച് അജയ്യനായി വാഴുകയായിരുന്നു.

കഴിഞ്ഞ മാസം 11,000 യൂണിറ്റ് പഞ്ചുകളാണ് ടാറ്റ വിറ്റഴിച്ചത്. വില്‍പ്പനയുടെ കാര്യത്തില്‍ ടോപ് 10 പട്ടികയിലുള്ള പഞ്ച് എട്ടാം സ്ഥാനമാണ് അലങ്കരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്ന പേരില്‍ പഞ്ചിന് ഒത്തൊരു എതിരാളി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. പഞ്ചില്‍ ഇല്ലാത്ത സണ്‍റൂഫ്, സിഎന്‍ജി കിറ്റ് എന്നിവയുമായി എത്തുന്ന എക്‌സ്റ്റര്‍ ഇതിനോടകം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.
ഹ്യുണ്ടായി എക്‌സ്റ്ററിന്റെ വെല്ലുവിളി അതിജീവിക്കാനായി സണ്‍റൂഫും സിഎന്‍ജി പവര്‍ട്രെയിനും കൊണ്ടുവന്ന് സെഗ്‌മെന്റിലെ ആധിപത്യം നിലനിര്‍ത്താനാണ് ടാറ്റയുടെ ശ്രമങ്ങള്‍. പഞ്ചിന്റെ സിഎന്‍ജി പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നതായാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ സൂചിപ്പിക്കുന്നത്. ടാറ്റ ആള്‍ട്രോസ് സിഎന്‍ജിയിലെ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ കൈയ്യടി നേടിയ സാഹചര്യത്തില്‍ ഇതേ രീതിയിലാകും പഞ്ച് സിഎന്‍ജിയും എത്തുക.

ഈ ലേഔട്ട് കൈക്കൊള്ളുക വഴി ബൂട്ട് കൂടുതല്‍ വൃത്തിയായി കാണപ്പെടാനും അധിക ലഗേജ് ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന ഗുണമുണ്ട്. 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും പഞ്ച് സിഎന്‍ജിക്ക് തുടിപ്പേകുക. പെട്രോള്‍ മോഡില്‍ ഈ എഞ്ചിന്‍ 87 bhp പവറും 115 Nm ടോര്‍ക്കും വികസിപ്പിക്കും.
അതേസമയം സിഎന്‍ജി മോഡില്‍ പവര്‍ കണക്കുകള്‍ 72 bhp, 102 Nm ആയി കുറയും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാകും പഞ്ച് സിഎന്‍ജി ലഭ്യമാകുക. പ്യുവര്‍ റിഥം, പ്യുവര്‍, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അകംപ്ലിഷ്ഡ് ആന്‍ഡ് അകംപ്ലിഷ്ഡ് ഡാസില്‍ ഒഴികെ മിക്കവാറും എല്ലാ പഞ്ച് വേരിയന്റുകളിലും ടാറ്റ സിഎന്‍ജി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുമെന്നാണ് ഇന്റര്‍നെറ്റില്‍ ചോര്‍ന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

പഞ്ച് കാമോ പതിപ്പിനൊപ്പവും സിഎന്‍ജി ലഭിക്കില്ല. ഇന്നത്തെ കാലത്തെ ട്രെന്‍ഡിംഗ് കാര്‍ ഫീച്ചറുകളില്‍ ഒന്നാണ് സണ്‍റൂഫ്. അകംപ്ലിഷ് ഡാസില്‍ ട്രിമ്മിനും അതിന് മുകളിലും ടാറ്റ സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നു. അകംപ്ലിഷ്ഡ് ഡാസിലിന് മുകളിലുള്ള എല്ലാ വേരിയന്റുകളുടെയും പെട്രോള്‍ ഓണ്‍ലി, ബൈ ഫ്യുവല്‍ വേരിയന്റുകളില്‍ സണ്‍റൂഫ് ലഭിക്കും.
ഇത് ഹ്യുണ്ടായി എക്‌സ്റ്ററിന്റെ വെല്ലുവിളി ചെറുക്കാന്‍ ടാറ്റ പഞ്ചിനെ സഹായിക്കുമെന്ന് അനുമാനിക്കാം. വിലയുടെ കാര്യത്തിലേക്ക് വന്നാല്‍ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായി എത്തുന്ന ആള്‍ട്രോസിന് 1.03 ലക്ഷം രൂപ മാത്രം അധികം മുടക്കിയാല്‍ മതി. സിംഗിള്‍ സിലിണ്ടര്‍ സിഎന്‍ജി പായ്ക്കിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് ലാഭകരമായ ഡീലാണ്.
അതുപോലെ തന്നെ സണ്‍റൂഫ് കൂടി വേണമെന്നുണ്ടെങ്കില്‍ 45000 രൂപ കൂടി അധികം കരുതണം. ഏകദേശം ഇതേ റേഞ്ചില്‍ തന്നെ പഞ്ചിനും വില പ്രതീക്ഷിക്കണം. ഹ്യുണ്ടായി എക്‌സ്റ്ററിന്റെ കുതിപ്പിന് തടയിടാന്‍ സണ്‍റൂഫും സിഎന്‍ജി കിറ്റുമായി പഞ്ച് ഉടന്‍ അവതാരപ്പിറവിയെടുക്കുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ 5.99 ലക്ഷം മുതല്‍ 9.52 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications