ഇത്രയും കുറഞ്ഞ വിലയില്‍ ഇലക്ട്രിക് എസ്‌യുവിയോ? ആരൊക്കെ വന്നാലും ടാറ്റയുടെ തട്ട് താണ് തന്നെയിരിക്കും
ടാറ്റ മോട്ടാര്‍സ് രാജ്യത്തെ തങ്ങളുടെ ഇവികള്‍ക്ക് മാത്രമായുള്ള ആദ്യത്തെ ഷോറൂം നാളെ ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. ഡല്‍ഹി എന്‍സിആര്‍ മേഖലയിലാണ് ആദ്യത്തെ രണ്ട് ഷോറൂമുകള്‍ ആരംഭിക്കുന്നത്. നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ ഇവി എന്നിങ്ങണെ മൂന്ന് മോഡലുകളാണ് നിലവില്‍ ടാറ്റയുടെ ഇലക്ട്രിക് ലൈനപ്പിലുള്ളത്.
സെഗ്‌മെന്റില്‍ മത്സരം കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലൈനപ്പ് വിപുലീകരിക്കുന്ന തിരക്കിലാണ് ടാറ്റ. കമ്പനിയില്‍ നിന്ന് വരുന്ന അടുത്ത ഇവി മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും. ഇത് നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. പഞ്ച് ഇവി ഈ വര്‍ഷം അവസാനത്തോടെ ടാറ്റ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍ ടാറ്റ പഞ്ച് ഇവിയുടെ ലോഞ്ച് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ടാറ്റ പഞ്ച് ഇവി 2024 ജനുവരി അവസാന വാരം രാജ്യത്ത് അരങ്ങേറ്റം കുറിക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ലോഞ്ച് സംബന്ധിച്ച വിശദാംശങ്ങളൊന്നും ടാറ്റ മോട്ടോര്‍സ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒരുപക്ഷേ രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ലഭ്യമാകുന്ന ഫുള്‍ ഇലക്ട്രിക് എസ്‌യുവിയായി പഞ്ച് ഇവി മാറും. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണിന്റെ eC3-യുമായിട്ടായിരിക്കും നേരിട്ടുള്ള മത്സരം.
11.61 ലക്ഷം മുതല്‍ 12.79 ലക്ഷം രൂപ വരെയാണ് സിട്രണ്‍ മോഡലിന്റെ എക്‌സ്‌ഷോറൂം വില. 10 ലക്ഷം മുതല്‍ 13 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഇലക്ട്രിക്കിന്റെ വില പ്രതീക്ഷിക്കുന്നത്. ഐസിഇ പതിപ്പിന് സമാനമായ സ്‌റ്റൈലിംഗിലായിരിക്കും പഞ്ച് ഇവിയിലും ടാറ്റ സ്വീകരിക്കുകയെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഫ്രണ്ട് വശം ഐസിഇ സഹോദരന് ഏകദേശം സമാനമായായിരിക്കും കാണപ്പെടുക. ചാര്‍ജിംഗ് പോര്‍ട്ട് ഫ്രണ്ട് ബമ്പറില്‍ ഗ്രില്ലിന് താഴെ ഒതുക്കിയാകും സ്ഥാപിക്കുക.

ടാറ്റ പഞ്ച് ഇവിയുടെ വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ ടിഗോറിനും ടിയാഗോക്കും സമാനമായ രീതിയില്‍ സ്‌ക്വയര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ചങ്കി സൈഡ് ക്ലാഡിംഗ്, അലോയ് വീലുകള്‍ എന്നിവ കാണാം. എക്സ്റ്റന്റഡ് റൂഫ് സ്പോയിലറില്‍ ഘടിപ്പിച്ച സ്റ്റോപ്പ് ലൈറ്റ്, റിയര്‍ വൈപ്പര്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയുടെ സാന്നിധ്യം പിന്‍വശത്തെ സ്പോര്‍ട്ടിയര്‍ ഫീല്‍ കൂട്ടുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വന്ന സ്പൈ ചിത്രങ്ങള്‍ പഞ്ച് ഇവിയുടെ ഇന്റീരിയറിനെ കുറിച്ചുള്ള സൂചനകള്‍ തന്നിരുന്നു.
ഡാഷ്‌ബോര്‍ഡ് ലേഔട്ട് സമാനമായി തുടരുമെന്നാണ് തോന്നുന്നത്. അതേസമയം പുനര്‍രൂപകല്‍പ്പന ചെയ്ത സെന്റര്‍ കണ്‍സോളില്‍ ഒരു ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ആംറെസ്റ്റ്, നെക്‌സോണ്‍ ഇവിയിലുള്ളതിന് സമാനമായ ഒരു ജ്വല്‍ റോട്ടറി ഗിയര്‍ സെലക്ടര്‍ ഡയല്‍ എന്നിവ ഉള്‍പ്പെടുത്തുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. നെക്സോണ്‍ ഇവിക്ക് സമാനമായി മീഡിയം റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ടാറ്റ പഞ്ച് ഇവിയും ലഭ്യമാകുക.

പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ ലിക്വിഡ് കൂള്‍ഡ് ബാറ്ററിയുമായി ചേര്‍ന്ന് ഒരു പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറും കമ്പനി വാഗ്ദാനം ചെയ്യും. ടാറ്റയുടെ ടിയാേഗാ ഇലക്ട്രിക് ഹാച്ച്ബാക്ക് രണ്ട് ബാറ്ററി പായ്ക്കിലാണ് വാഗ്ദാനം ചെയ്യുന്നത്. അതില്‍ ചെറുത് 250 കിലോമീറ്റര്‍ റേഞ്ചും വലുത് 315 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ടിയാഗോ ഇവിക്ക് സമാനമായ ബാറ്ററി പായ്ക്ക് ഓപ്ഷനിലായിരിക്കും പഞ്ച് ഇവി എത്തുകയെന്നാണ് സൂചന.
റേഞ്ച് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുമില്ലെങ്കിലും ടാറ്റ പഞ്ച് ഇവി ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് എസ്‌യുവി തേടുന്ന യാത്രക്കാരെ കൂടെക്കൂട്ടാനാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ ശ്രമം. നിലവില്‍ ഇന്ത്യന്‍ ഇവി സ്‌പെയ്‌സില്‍ വിപണി വിഹിതത്തിന്റെ സിംഹഭാഗവും കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റയാണ്. പഞ്ച് ഇവിയുടെ എതിരാളിയായി എക്‌സ്റ്റര്‍ ഇവി ഹ്യുണ്ടായി അണിയറയില്‍ ഒരുക്കുന്നുണ്ട്.
XUV.e, ബോണ്‍ ഇലക്ട്രിക് റേഞ്ചുമായി മഹീന്ദ്രയും കന്നി മോഡലായ eVX ഇവിയുമായി മാരുതിയും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ്. മാരുതിയുടെ ഇലക്ട്രിക് എസ്‌യുവിയുടെ റീബാഡ്ജ്ഡ് പതിപ്പുമായി ടൊയോട്ടയും എത്തും. പുതിയ ഇന്ത്യന്‍ നിക്ഷേപകരെ ലഭിച്ചതിനാല്‍ എംജിയും ഇവി വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പഞ്ചിന് പിന്നാലെ ഹാരിയര്‍ ഇവി, സഫാരി ഇവി, ആള്‍ട്രോസ് ഇവി എന്നിവ ടാറ്റ കൊണ്ടുവരും.


Click it and Unblock the Notifications








