500 കി.മീ റേഞ്ചുള്ള ഇലക്ട്രിക് എസ്‌യുവി ലോഞ്ചിന് റെഡി; ടാറ്റ ഷോറൂമുകളില്‍ ഇനി കാലുകുത്താൻ ഇടമുണ്ടാവില്ല!
ആഭ്യന്തര വാഹന നിര്‍മാതക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് വാഹന നിരയില്‍ നിലവില്‍ മൂന്ന് മോഡലുകളാണ്. നെക്‌സോണ്‍, ടിഗോര്‍, ടിയാഗോ എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളുടെ ബലത്തില്‍ പാസഞ്ചര്‍ ഇവി സ്‌പെയ്‌സില്‍ 80 ശതമാനത്തിലധികം വിപണി വിഹിതമാണ് ഇപ്പോള്‍ ടാറ്റ മോട്ടോര്‍സിനുള്ളത്. ഇപ്പോള്‍ ടാറ്റ തങ്ങളുടെ നാലാമത്തെ ഇലക്ട്രിക് കാര്‍ ഉടന്‍ തന്നെ ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്.
മൈക്രോ എസ്‌യുവി സെഗ്മെന്റിലെ ജനപ്രിയ മോഡലായ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പാണ് ടാറ്റയുടെ അടുത്ത ലോഞ്ച്. നിരത്തിലെത്തുന്നതിന് മുമ്പ് ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ട്. ഇപ്പോള്‍ നിര്‍മാണത്തിനോട് അടുത്തിരിക്കുന്ന പഞ്ച് ഇവി വീണ്ടും ഇന്ത്യന്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ ടാറ്റ പഞ്ച് ഇവി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന പഞ്ച് ഇവിയുടെ പുത്തന്‍ സ്പൈ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ വിപണിയില്‍ എത്തിയ ടാറ്റ നെക്സോണ്‍ ഇവിക്ക് സമാനമായ ഹെഡ്ലാമ്പ് സെറ്റമ്പും കണകഡ് ഡേടൈം റണ്ണിംഗ് ലൈറ്റും (ഡിആര്‍എല്‍) പഞ്ച് ഇവിക്കും ലഭിക്കുമെന്നാണ് സൂചന. വ്യത്യസ്തമായ ഡിസൈനിലുള്ള 5 സ്പോക്ക് അലോയി വീലുകളും ഇതില്‍ ഘടിപ്പിച്ചേക്കും.
ട്വീക്ക് ചെയ്യപ്പെടുന്ന ടെയില്‍ലാമ്പും നെക്‌സോണ്‍ ഇവിയിലേതിന് സമാനമായി കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, ഹെഡ്ലൈറ്റ് ഹൗസിംഗ്, പുതിയ ബമ്പര്‍ എന്നിവയും കാറിന് ലഭിക്കുന്നു. നേരത്തെ പുറത്തുവന്ന സ്പൈ ചിത്രങ്ങള്‍ പഞ്ച് ഇവിയുടെ ഇന്റീരിയറിനെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ തന്നിരുന്നു. നേരത്തെ നെക്സോണിലും അതിന്റെ ഇലക്ട്രിക് പതിപ്പിലും ആദ്യമായി അവതരിപ്പിച്ച ഇല്യുമിനേറ്റഡ് ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍ പഞ്ച് ഇവിക്കും നല്‍കിയേക്കും.

7 ഇഞ്ച് അല്ലെങ്കില്‍ പുതിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ് ആയിരിക്കും പഞ്ച് ഇവിയില്‍ സജ്ജീകരിക്കുക. ഇവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണിക്കുന്നതിന് പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഗ്ദാനം ചെയ്യും. മാത്രമല്ല, റോട്ടറി-സ്റ്റൈല്‍ ഗിയര്‍ ഷിഫ്റ്ററും പഞ്ച് ഇവി വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കും പഞ്ച് ഇവിയില്‍ സ്ഥാനം പിടിച്ചേക്കും.
ഫീച്ചറുകളുടെ കാര്യമെടുത്താല്‍ പഞ്ച് ഇവിയില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, സണ്‍റൂഫ് എന്നിവ കാണാന്‍ പറ്റിയേക്കും. ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നീ സേഫ്റ്റി ഫീച്ചറുകളും ഉണ്ടാകും. നെക്‌സോണ്‍ ഇവിയുടെ അവതരണ വേളയില്‍ ടാറ്റ വേരിയന്റുകളും പുനര്‍നാമകരണം ചെയ്തിരുന്നു.

നെക്സോണ്‍ ഇവിയില്‍ എന്ന പോലെ മിഡ് റേഞ്ച്, ലോംഗ് റേഞ്ച് പതിപ്പുകളില്‍ പഞ്ച് ഇവി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവിയുടെ പവര്‍ട്രെയിനിനെക്കുറിച്ചുള്ള അധികം വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ടാറ്റ ടിയാഗോ ഇവി, നെക്സണ്‍ ഇവി എന്നിവയ്ക്ക് സമാനമായി ടാറ്റയുടെ സിപ്ട്രോണ്‍ സാങ്കേതികവിദ്യ ഈ വാഹനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ നിലവിലുള്ള ഇലക്ട്രിക് എസ്‌യുവിയേക്കാള്‍ റേഞ്ചുമായിട്ടായിരിക്കും പഞ്ച് ഇവിയെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരാനിരിക്കുന്ന പഞ്ച് ഇവി, ഹാരിയര്‍ ഇവി, കര്‍വ് ഇവി എന്നിവയ്ക്ക് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മാരുതി സുസുക്കിയുടെ ആദ്യ ഇവി 500 കിലോമീറ്ററിലേറെ റേഞ്ചുമായി എത്തുമ്പോള്‍ ഒരുമുഴം മുന്നേ എറിയുകയാണ് ടാറ്റ.ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് എസ്‌യുവി തേടുന്ന ഉപഭോക്താക്കളെയാകും പഞ്ച് ഇവി പ്രധാനമായും ലക്ഷ്യം വെക്കുക.

ഏകദേശം 12 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ പഞ്ച് ഇവി ടാറ്റ വില്‍പ്പനക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന പഞ്ച് ഇവിയുടെ വിലയും മറ്റ് വിവരങ്ങളും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അറിയാം. ലോഞ്ച് ചെയ്ത് കഴിയുമ്പോൾ പഞ്ച് ഇവിക്ക് വിപണിയില്‍ സിട്രണ്‍ eC3-യുടെ വെല്ലുവിളിയാകും പ്രധാനമായും നേരിടേണ്ടതായുണ്ടാകുക.


Click it and Unblock the Notifications








